മുന പോയ വാക്കത്തികളാണ്; പക്ഷേ…

ഗ്ലാഡിസ് ജെയ്ന്‍ എന്ന പേര് ഓര്‍ക്കുന്നുണ്ടോ? ആ പേര് പലകുറി നമ്മുടെ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അവരുടെ കണ്ണീരിനോടും സഹനത്തോടും നമ്മള്‍ ഒരുവേള ഐക്യപ്പെട്ടിട്ടുണ്ട്. ജനനം കൊണ്ട് ആസ്‌ത്രേലിയക്കാരി ആണ്. നീണ്ടകാലം അവര്‍ ഇന്ത്യയിലുണ്ടായിരുന്നു. കുഷ്ഠരോഗികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുകയും അവരെ പരിചരിക്കുന്നതില്‍ ആനന്ദം കണ്ടെത്തുകയും ചെയ്ത അവര്‍ 2004ല്‍ നാട്ടിലേക്ക് തിരിച്ചുപോയി. 2005ല്‍ പത്മശ്രീ നല്‍കി രാജ്യം അവരെ ആദരിച്ചു. 2016ല്‍ മദര്‍തെരേസ മെമ്മോറിയല്‍ ഇന്റര്‍നാഷനല്‍ അവാര്‍ഡിലൂടെ അവര്‍ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു.

1983ലാണ് ഗ്ലാഡിസ് വിവാഹിതയാകുന്നത്. ആ ബന്ധത്തില്‍ അവര്‍ക്ക് മൂന്ന് മക്കള്‍, ഫിലിപ്പ്, തിമോത്തി, എസ്തര്‍. ഇന്ത്യയില്‍ നിന്ന് മടങ്ങുമ്പോള്‍ അവരില്‍ ശേഷിച്ചത് ഒരേയൊരാള്‍; എസ്തര്‍. രണ്ട് ആണ്‍മക്കളെയും അവരുടെ പിതാവിനെയും 1999 ജനുവരി 22ന് സംഘ്പരിവാര്‍ അനുകൂലികള്‍ ജീവനോടെ കത്തിച്ചുകളഞ്ഞു. ഇത്രയും വായിക്കുമ്പോള്‍ നിങ്ങളുടെ മനസ്സില്‍ ചിത്രം തെളിയുന്നുണ്ട്. മക്കള്‍ക്കൊപ്പം കൊല്ലപ്പെട്ട ആ പിതാവിന്റെ പേര് ഗ്രഹാം സ്റ്റുവര്‍ട്ട് സ്‌റ്റെയ്ന്‍സ്. ഗ്ലാഡിസ് ജെയ്ന്‍ എന്ന ക്രിസ്ത്യന്‍ മിഷനറിയുടെ ജീവിതപങ്കാളി. ഗ്രഹാമിന്റെയും മക്കളുടെയും ഓര്‍മകള്‍ കുഴിവെട്ടി മൂടാന്‍ ചിലര്‍ കിണഞ്ഞു ശ്രമിക്കുന്ന കാലത്ത് ഗ്ലാഡിസ് ജെയ്ന്‍ എന്ന പേര് ആരുമോര്‍ക്കാനിടയില്ല എന്ന ബോധ്യത്തോടെയാണ് ആരംഭത്തില്‍ ആ ചോദ്യമുന്നയിച്ചത്. ഭര്‍ത്താവിനെയും മക്കളെയും കൊന്നുതള്ളിയതിനു ശേഷവും അവര്‍ ഇവിടെ ഉണ്ടായിരുന്നു എന്നും കുഷ്ഠരോഗികളെ ശുശ്രൂഷിക്കുന്നുണ്ടായിരുന്നു എന്നും അവര്‍ അക്രമികള്‍ക്ക് നിരുപാധികം മാപ്പ് നല്‍കിയതായി പ്രഖ്യാപിച്ചിരുന്നു എന്നും ഓര്‍മിക്കാതെ നമുക്ക് എങ്ങനെയാണ് ഇന്ത്യയെ കുറിച്ച് സംസാരിക്കാനാകുക?

1965ലാണ് ഗ്രഹാം സ്‌റ്റെയ്ന്‍സ് ആദ്യമായി ഇന്ത്യയില്‍ എത്തുന്നത്. ഇവിടെ അദ്ദേഹം ഇവാഞ്ചലിക്കല്‍ മിഷനറി സൊസൈറ്റി ഓഫ് മയൂര്‍ബഞ്ജില്‍ അംഗമാകുകയും സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന ആദിവാസി മേഖലയില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. പിന്നീട് മയൂര്‍ബഞ്ജ് ലെപ്രസി ഹോമിന്റെ ഭാഗമാകുകയും കുഷ്ഠരോഗികള്‍ക്കായി ജീവിതം സമര്‍പ്പിക്കുകയുമായിരുന്നു. കിയോണ്‍ജാറില്‍ ഒരു ക്രൈസ്തവ മീറ്റിംഗില്‍ പങ്കെടുക്കാന്‍ പോകവേ മൊഹര്‍പൂര്‍ ഗ്രാമത്തില്‍ രാത്രി വാഹനത്തില്‍ മക്കളോടൊപ്പം വിശ്രമിക്കാന്‍ എടുത്ത തീരുമാനമാണ് അദ്ദേഹത്തിന് വിനയായത്. ഊട്ടിയിലെ സ്‌കൂളില്‍ നിന്ന് പിതാവിനോടൊത്ത് അവധിക്കാലം ചെലവഴിക്കാന്‍ എത്തിയതായിരുന്നു ഒമ്പതും ഏഴും വയസ്സ് പ്രായമായ ആ മക്കള്‍. അദ്ദേഹത്തിന് നല്ല പരിചയമുള്ള നാടും നാട്ടുകാരുമാണ്. അവിടെ വെച്ചുതന്നെ അദ്ദേഹത്തിനെതിരായ “ശിക്ഷ’ നടപ്പാക്കപ്പെട്ടു. ക്ഷീണിച്ച് ഉറക്കത്തിലായ അവരെ അമ്പതോളം പേരടങ്ങുന്ന സംഘമാണ് വളഞ്ഞിട്ടാക്രമിച്ചത്. രക്ഷപ്പെടാന്‍ അവര്‍ ശ്രമിച്ചെങ്കിലും അക്രമികള്‍ അനുവദിച്ചില്ല. ഗുണ്ടാസംഘത്തെ നയിച്ചിരുന്നത് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകനായ ദാരാസിംഗ് ആയിരുന്നു. ഹിന്ദുക്കളെ പ്രലോഭിപ്പിച്ചും മറ്റും ക്രിസ്ത്യാനിസത്തിലേക്ക് മതം മാറ്റുന്നു എന്ന ആരോപണം ഗ്രഹാം സ്‌റ്റെയ്ന്‍സിനെതിരെ നേരത്തേ തന്നെ ഹിന്ദുത്വ സംഘടനകള്‍ ഉയര്‍ത്തിയിരുന്നു. മതസ്വാതന്ത്ര്യം ഭരണഘടനാപരമായി അനുവദിക്കപ്പെട്ട ഒരു രാജ്യത്ത് ക്രിസ്ത്യന്‍ മിഷനറിയും മക്കളും ചുട്ടുകൊല്ലപ്പെട്ടത് രാജ്യാന്തരതലത്തില്‍ വലിയ വാര്‍ത്തയായി. ഇന്ത്യ ലോകത്തിനു മുമ്പില്‍ ശിരസ്സ് കുനിച്ചു നില്‍ക്കേണ്ടിവന്നു. പ്രതി ദാരാസിംഗിനെ വിചാരണക്കോടതി വധശിക്ഷക്ക് വിധിച്ചു. ഒഡീഷ ഹൈക്കോടതി അത് ജീവപര്യന്തമായി കുറച്ചു.

2008ല്‍ ഒഡീഷയില്‍ ക്രിസ്ത്യാനികള്‍ക്ക് നേരേ സംഘ്പരിവാരം വീണ്ടും അക്രമം അഴിച്ചുവിട്ടു. വി എച്ച് പി നേതാവായിരുന്ന ലക്ഷ്മണാനന്ദയെ മാവോയിസ്റ്റുകള്‍ കൊലപ്പെടുത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്തവണ ക്രിസ്ത്യന്‍ വേട്ട. മനുഷ്യാവകാശ പ്രവര്‍ത്തകനായ ജോണ്‍ ദയാല്‍ അതേക്കുറിച്ച് വിവരിക്കുന്നത് ഇങ്ങനെയാണ്: “എങ്ങും കൊലയും കൊള്ളയും കൊള്ളിവെപ്പും. 120 പേര്‍ കൊല്ലപ്പെട്ടു. ആറായിരത്തിലേറെ വീടും 320 പള്ളിയും നിരവധി ക്ലിനിക്കുകള്‍, വിദ്യാലയങ്ങള്‍, മറ്റിതര സ്ഥാപനങ്ങളും അഗ്‌നിക്കിരയാക്കി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ അറുപതിനായിരത്തിലേറെ പേര്‍ക്ക് വനമേഖലയിലേക്ക് പലായനം ചെയ്യേണ്ടിവന്നു. 30,000 പേര്‍ ഒരു വര്‍ഷത്തിലേറെ സര്‍ക്കാര്‍ ദുരിതാശ്വാസ ക്യാമ്പുകളിലാണ് കഴിഞ്ഞത്. നിരവധി സ്ത്രീകളെ സംഘ്പരിവാര്‍ അക്രമികള്‍ ബലാത്സംഗം ചെയ്തു. ഒരു കന്യാസ്ത്രീ കൂട്ട ബലാത്സംഗത്തിനിരയായി’.

ഇത് ഒഡീഷയില്‍ നിന്ന് മാത്രമുള്ള അനുഭവമാണ്. രാജ്യവ്യാപകമായി സംഘ്പരിവാര്‍ പല കാലങ്ങളില്‍ നടത്തിയ ന്യൂനപക്ഷ വേട്ടകളില്‍ ഒന്ന്. കേന്ദ്രത്തില്‍ ബി ജെ പിക്ക് അധികാരം ഇല്ലാതിരുന്ന കാലത്തും ഇന്ത്യയില്‍ മുസ്‌ലിം – ക്രൈസ്തവ വിഭാഗങ്ങള്‍ക്കെതിരെ സംഘ്പരിവാര്‍ അനുകൂലികള്‍ അക്രമണങ്ങള്‍ നടത്തുന്നുണ്ടായിരുന്നു. 2014ല്‍ മോദി സര്‍ക്കാര്‍ ഡല്‍ഹിയില്‍ ഭരണം തുടങ്ങിയതോടെ അത് വര്‍ധമാനമായി എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2015ല്‍ ക്രൈസ്തവര്‍ക്കെതിരെ 365 ആക്രമണക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു എന്നാണ് കാത്തലിക്ക് സെക്യുലര്‍ ഫോറത്തിന്റെ കണക്ക്. 2016ല്‍ ക്രൈസ്തവര്‍ക്ക് നേരേ 348 അക്രമ സംഭവങ്ങളുണ്ടായി. 2017ല്‍ അത് 736 ആയി വര്‍ധിച്ചു. ഓരോ വര്‍ഷം കഴിയുമ്പോഴും അക്രമങ്ങളുടെ എണ്ണം വര്‍ധിച്ചു എന്നല്ലാതെ അക്രമികള്‍ ശിക്ഷിക്കപ്പെട്ടില്ല. ക്രിസ്ത്യന്‍ അവകാശ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന യുനൈറ്റഡ് ക്രിസ്ത്യന്‍ ഫോറം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഇങ്ങനെ പറയുന്നു:
“ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ക്കെതിരെ ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഉറച്ച നിലപാടെടുക്കാത്തതിനാലും കര്‍ശന നടപടികള്‍ സ്വീകരിക്കാത്തതിനാലും സംഘം ചേര്‍ന്നുള്ള അക്രമങ്ങള്‍ ഇന്ന് നിയമവിധേയമെന്നതു പോലെ പതിവായിരിക്കുകയാണ്. ഇത്തരം തിന്മക്കെതിരെ വേണ്ട നിയമ നടപടി സ്വീകരിക്കുന്നതിനായി രാഷ്ട്രീയ പ്രവര്‍ത്തകരോ ആഭ്യന്തര സമൂഹമോ മത നേതാക്കളോ മുന്നിട്ടിറങ്ങുന്നില്ല.

ക്രൈസ്തവ പീഡനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന സംസ്ഥാനങ്ങളില്‍ മത, വിശ്വാസ സ്വാതന്ത്ര്യം വളരെ കുറഞ്ഞുകൊണ്ടിരിക്കുന്നു. ഇന്ന്, ഇന്ത്യയിലെ 90 ശതമാനം പ്രദേശത്തെയും ന്യൂനപക്ഷ മത വിശ്വാസികള്‍ അവരുടെ വിശ്വാസം കാത്തുസൂക്ഷിക്കുന്നതില്‍ വെല്ലുവിളികള്‍ നേരിടുന്നുണ്ട്. അതേസമയം, ചുരുക്കം പ്രസിദ്ധീകരണങ്ങള്‍ മാത്രമാണ് ഇത്തരം അനിഷ്ട സംഭവങ്ങളുമായി ബന്ധപ്പെട്ട നിഷ്പക്ഷ വാര്‍ത്തകള്‍ നല്‍കുന്നത്.’

മതം മാറ്റമാണ് ക്രൈസ്തവ സഭകള്‍ക്കെതിരെ സംഘ്പരിവാര്‍ ഉയര്‍ത്തുന്ന മുഖ്യമായ ആരോപണം. മതം മാറ്റം നിയമാനുസൃതമായ രാജ്യത്ത് അതിന്റെ പേരില്‍ നിയമം കൈയിലെടുക്കുന്നവര്‍ ലക്ഷ്യമിടുന്നത് എന്താണ്? പേടിപ്പിക്കുക എന്നതുതന്നെ. ഇവിടെ ജീവിക്കണമെങ്കില്‍ “ഞങ്ങളുടെ’ നിയമങ്ങള്‍ അനുസരിച്ചോളണം എന്ന ഉഗ്രശാസന തന്നെയല്ലേ കഴിഞ്ഞ ദിവസം ഉത്തര്‍ പ്രദേശിലേക്കുള്ള ട്രെയിനില്‍ സംഘ്പരിവാര്‍ അനുകൂലികള്‍ ഉയര്‍ത്തിയത്. സന്യാസ പഠനം നടത്തുന്ന ഒഡീഷ സ്വദേശികളായ രണ്ട് പേരെ വീട്ടിലെത്തിക്കാനുള്ള യാത്രക്കിടെയാണ് പോയവാരം ഝാന്‍സിയില്‍ വെച്ച് കന്യാസ്ത്രീകള്‍ അക്രമിക്കപ്പെട്ടത്. സഭാവസ്ത്രം ധരിച്ചിട്ടില്ലാത്ത രണ്ട് വിദ്യാര്‍ഥികളെ മതം മാറ്റാന്‍ കൊണ്ടുപോകുകയാണ് എന്നു കരുതിയാണത്രെ കന്യാസ്ത്രീകള്‍ക്ക് നേരേ എ ബി വി പി പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടത്. യു പിയിലെ മതംമാറ്റ നിരോധന നിയമം അനുസരിച്ച് കന്യാസ്ത്രീകള്‍ക്കെതിരെ കേസെടുക്കാനും ഝാന്‍സി പോലീസിന് ആലോചനയുണ്ടായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഹിന്ദു സംരക്ഷകരായി വേഷമിട്ട ഗുണ്ടകള്‍ ആരുടെ ഉറപ്പിലാകും ഈ അതിക്രമങ്ങള്‍ക്ക് ഇറങ്ങുന്നത് എന്ന് ക്രൈസ്തവ സഭകള്‍ക്ക് ഇനിയും മനസ്സിലായിട്ടില്ല എന്നാണ് ചില പ്രസ്താവനകള്‍ കേട്ടാല്‍ തോന്നുക. ഒന്നും യാദൃച്ഛികമായോ പെട്ടെന്നുണ്ടാകുന്ന പ്രകോപനത്തിലോ സംഭവിക്കുന്നതല്ല. എല്ലാം കരുതിക്കൂട്ടിയുള്ള അക്രമങ്ങളും കുരുതികളുമാണ്. ഹരിയാനയിലേക്കുള്ള യാത്രക്കിടെ മുഹമ്മദ് ജുനൈദ് എന്ന കൊച്ചുബാലനെ അടിച്ചുകൊന്നതിനു കാരണം ചമച്ചത് ഓര്‍ക്കുന്നില്ലേ; സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കമാണത്രെ കൊലയില്‍ കലാശിച്ചത്. അങ്ങനെയൊക്കെ വ്യാഖ്യാനിക്കാന്‍ മടിയില്ലാത്ത പോലീസും അതിനു മഷിപുരട്ടാന്‍ മനസ്സാക്ഷിക്കുത്തില്ലാത്ത പത്രങ്ങളും എല്ലാം അപ്പടി വിശ്വസിക്കാന്‍ അറപ്പില്ലാത്ത ജനങ്ങളും ചേര്‍ന്നതാണ് പുതിയ ഇന്ത്യയുടെ പൗരസമൂഹം. അതുകൊണ്ട് കന്യാസ്ത്രീകള്‍ “ശുദ്ധപാവങ്ങളായ’ എ ബി വി പിക്കാരെ ട്രെയിനില്‍ പ്രകോപനം ഒന്നുമില്ലാതെ ആക്രമിച്ചു എന്ന കഥ ഭാവിയില്‍ സൃഷ്ടിക്കപ്പെട്ടാലും അതില്‍ അതിശയിക്കേണ്ടതില്ല. കഥ മെനയുന്നതില്‍ യു പി പോലീസിനോളം മിടുക്ക് ചേതന്‍ ഭഗതിന് പോലുമില്ല!

ഇന്ത്യയിലെ രണ്ട് പ്രബല ന്യൂനപക്ഷ വിഭാഗങ്ങള്‍ മുസ്‌ലിംകളും ക്രൈസ്തവരുമാണ്. വളരെ സൗഹൃദത്തോടെയാണ് ഇരു സമുദായങ്ങളും ഇന്ത്യയില്‍ ജീവിക്കുന്നത്. പരസ്പരം കൊമ്പുകോര്‍ത്ത സന്ദര്‍ഭങ്ങള്‍ ഇന്ത്യന്‍ അനുഭവത്തില്‍ ഓര്‍ത്തെടുക്കാനില്ല. പക്ഷേ മുസ്‌ലിം – ക്രൈസ്തവ സമൂഹങ്ങള്‍ക്കിടയിലെ സൗഹൃദത്തിന്റെ വേരറുക്കാനുള്ള ശ്രമങ്ങള്‍ കുറച്ചുകാലമായി ചില കേന്ദ്രങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു. അതിന് വേണ്ടി മുസ്‌ലിം സമുദായത്തോട് വിദ്വേഷം ജനിപ്പിക്കുന്ന വ്യാജപ്രചാരണങ്ങള്‍ ക്രിസ്തീയ സമൂഹത്തില്‍ പടര്‍ത്തുന്നു. ആര്‍ എസ് എസിന് ഇത് ലാഭക്കച്ചവടമാണ്. ഒറ്റയടിക്ക് പല ലക്ഷ്യങ്ങള്‍ നേടാം. മുസ്‌ലിംകളെ അപരവത്കരിക്കേണ്ടത് മറ്റു ന്യൂനപക്ഷ സമുദായങ്ങളുടെ കൂടി ആവശ്യമാണ് എന്ന പ്രതീതി സൃഷ്ടിക്കാന്‍ കഴിയുന്നു എന്നത് അതില്‍ ഒന്നുമാത്രം. ആര്‍ എസ് എസിന്റെ ആഭ്യന്തര ശത്രുപ്പട്ടികയില്‍ ഉള്‍പ്പെട്ടവരെങ്കിലും മുസ്‌ലിംകളുമായുള്ള “ഫൈറ്റില്‍’ തങ്ങള്‍ ക്രൈസ്തവര്‍ക്കൊപ്പമാണ് എന്ന് വരുത്തിത്തീര്‍ത്ത് അവരുടെ വിശ്വാസം ആര്‍ജിക്കാമെന്നും കേരളത്തില്‍ ഉള്‍പ്പെടെ ചില സംസ്ഥാനങ്ങളില്‍ അത് രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കാമെന്നും ആര്‍ എസ് എസ് കണക്കുകൂട്ടുന്നു. വരുതിയിലായിക്കഴിഞ്ഞാല്‍ പിന്നെ അവരെ എന്തുചെയ്യണമെന്നും എങ്ങനെ കൈകാര്യം ചെയ്യണമെന്നും ഗോള്‍വാള്‍ക്കറിന്റെ ശിഷ്യന്മാരെ ആരും പഠിപ്പിക്കേണ്ടതില്ല. മെരുങ്ങാത്ത കോഴികളെ ഓടിച്ചിട്ടുപിടിക്കും, കൂട്ടിലെ കോഴിയെ പിന്നേക്ക് കാത്തുവെക്കും, അതിനെ എപ്പോള്‍ വേണമെങ്കിലും പിടിക്കാലോ. ഇതൊരു തീന്‍മേശ ചൊല്ലല്ല, രാഷ്ട്രീയ മുന്നറിയിപ്പാണ്. ഇരു സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷം കത്തിച്ചുനിര്‍ത്തി രാജ്യം ഭരിക്കുന്നവര്‍ക്കെതിരെ ഉയരാനിടയുള്ള രോഷത്തെ മറ്റൊരു വഴിയിലേക്ക് തിരിച്ചുവിടാന്‍ കഴിയും എന്നതാണ് ഈ കച്ചവടത്തിലെ മറ്റൊരു ലാഭം. ഭരണഘടനയെത്തന്നെ റദ്ദ് ചെയ്യുന്ന നിയമനിര്‍മാണം നടത്തുമ്പോള്‍ അതിനെതിരെ ഒരുമിച്ചുള്ള ശബ്ദങ്ങള്‍ ഇല്ലാതാകും എന്നത് ഒരു സമഗ്രാധിപത്യ സര്‍ക്കാറിന് വലിയ ആശ്വാസമാണ്.

ഒട്ടും ആധികാരികമല്ലാത്ത ആരോപണങ്ങള്‍ പോലും വിശ്വാസ്യതയുടെ മേല്‍ക്കുപ്പായം അണിയിച്ച് കേരളത്തിന്റെ പൊതുമണ്ഡലത്തിലേക്ക് ആനയിക്കുന്നത് കാണുന്നില്ലേ. ഒന്നും ആകസ്മികമല്ല, ചില ആസൂത്രണങ്ങള്‍ എല്ലാത്തിനും പിറകിലുണ്ട്. ലൗ ജിഹാദ് ആണ് മികച്ച ഉദാഹരണം. ഹൈന്ദവ, ക്രൈസ്തവ സമുദായത്തില്‍ നിന്നുള്ള പെണ്‍കുട്ടികളെ മുസ്‌ലിം യുവാക്കള്‍ പ്രണയിച്ച് മതം മാറ്റുന്നു എന്നതാണ് ലൗ ജിഹാദ് വിവാദത്തിന്റെ ഉള്ളടക്കം. അഥവാ മതം മാറ്റാന്‍ വേണ്ടി മാത്രം പ്രണയം നടിക്കുന്നു എന്ന്. ലൗ ജിഹാദ് സമൂഹത്തില്‍ വലിയ ചര്‍ച്ച ആണെന്നും സംശയങ്ങള്‍ ദൂരീകരിക്കണമെന്നും കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടതാണ് ഒടുവിലത്തേത്. ഈ വിഷയത്തില്‍ ഇനി എന്ത് സംശയമാണ് ദൂരീകരിക്കപ്പെടാനുള്ളത് എന്നറിയില്ല. അങ്ങനെ ഒരു ശ്രമവും കേരളത്തില്‍ നടക്കുന്നില്ല എന്ന് എന്‍ ഐ എ ഉള്‍പ്പെടെ അന്വേഷണഏജന്‍സികള്‍ വ്യക്തമാക്കിയതാണ്. എന്നിട്ടും മുന പോയ ആ വാക്കത്തി മുസ‌്ലിം സമുദായത്തിന് നേരേ ഇപ്പോഴും ഓങ്ങി നില്‍ക്കുകയാണ് ചിലര്‍. ആ വാക്കത്തിക്ക് കേരളത്തിന്റെ മതസൗഹൃദത്തെ മുറിവേല്‍പ്പിക്കാന്‍ ആകില്ലെന്നുറപ്പാണ്. പക്ഷേ, അതിന്റെ കൈപ്പിടി ആര്‍ എസ് എസിന്റെ പണിശാലയില്‍ നിര്‍മിച്ചതാണ്. കൈകാര്യം ചെയ്യാനറിയില്ലെങ്കില്‍ കൈയുളുക്കും, അസ്ഥിയൊടിയും. ചിലപ്പോള്‍ സന്ധി വേദനയും നീര്‍ക്കെട്ടുമുണ്ടാകും. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട. മറ്റുള്ളവര്‍ വിരിക്കുന്ന വലയില്‍ ചെന്നു വീഴാതിരിക്കാനുള്ള ജാഗ്രത ഇരുസമുദായങ്ങളോടും ഇക്കാലം ആവശ്യപ്പെടുന്നുണ്ട്. മുട്ടനാടുകള്‍ ഏറ്റുമുട്ടുന്നതും അന്നേരം ചോര ഇറ്റി വീഴുന്നതും കാത്ത് ചെന്നായകള്‍ മരത്തിനു പിറകില്‍ മറഞ്ഞിരിപ്പുണ്ട് എന്ന യാഥാര്‍ഥ്യം മറന്നുപോകരുത്.

“നിങ്ങള്‍ മനസ്സുവെച്ച് കേട്ടനുസരിക്കുന്നുവെങ്കില്‍ ദേശത്തിലെ നന്മ അനുഭവിക്കും. മറുത്തു മത്സരിക്കുന്നു എങ്കിലോ നിങ്ങള്‍ വാളിന്നിരയായ്തീരും; യഹോവയുടെ വായ് അരുളിച്ചെയ്തിരിക്കുന്നു’. (യെശയ്യാ 1:19,20)



source http://www.sirajlive.com/2021/03/29/473495.html

Post a Comment

Previous Post Next Post