കൊച്ചി | ‘ശ്രീക്കുട്ടൻ… ഓ.. ദാറ്റ് ഈസ് എ ഗോ…ൾ.. വാട്ട് എ ഗോ….ൾ …’ കഴിഞ്ഞ ദിവസത്തെ രാംകോ കേരള പ്രീമിയർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സും എം എ അക്കാദമിയും തമ്മിൽ നടന്ന പോരാട്ടത്തിൽ മഹാരാജാസ് സ്റ്റേഡിയത്തിലെ കമന്ററി ബോക്‌സിൽ നിന്നും ഉയർന്ന ആ ശബ്ദം കേട്ട്, ഈ കിടിലൻ കമന്ററിക്കാരൻ ആരാണെന്ന് പലരും ചിന്തിച്ചുകാണും. അത് മറ്റാരുമായിരുന്നില്ല.. മലയാളിക്ക് ഫുട്‌ബോൾ കമന്ററിയുടെ പുതിയ വിസ്മയ ലോകം കാണിച്ച് തന്ന ഷൈജു ദാമോദരന്റെ മകൻ അഭിനവ് ഷൈജു എന്ന പുതിയ താരോദയമായിരുന്നുവത്. കഴിഞ്ഞ ലോകകപ്പിലെ പോർച്ചുഗലും സ്‌പെയിനും തമ്മിൽ നടന്ന മത്സരത്തിലെ ക്രിസ്റ്റ്യാനോയുടെ ഫ്രീകിക്കിന്റെ കമന്ററിയിലൂടെ ആഗോള ശ്രദ്ധ നേടിയ അച്ഛനെ മാതൃകയാക്കി കമന്ററി ബോക്‌സിൽ അഭിനവും കസർത്തു തുടങ്ങിക്കഴിഞ്ഞു. സാധാരണ കെ പി എൽ ദിവസങ്ങളിൽ “പപ്പ’ ഷൈജു ദാമോധരനാണ് ഉണ്ടാകാറുള്ളത്. എന്നാൽ ഗോകുലത്തിന്റെ ഐ എസ് എൽ ഫൈനൽ കമന്ററി ബോക്‌സിലേക്ക് ഷൈജു പോയപ്പോഴാണ് കഴിഞ്ഞ ദിവസം അഭിനവ് തനിക്കുമിത് നന്നായി വഴങ്ങുമെന്ന് തെളിയിച്ചത്.
എറണാകുളം മഹാരാജാസിലെ ബി എ ഇംഗ്ലീഷ് രണ്ടാം വർഷ വിദ്യാർഥിയാണ് ഇരുപതുകാരനായ അഭിനവ് ഷൈജു. കുഞ്ഞു നാളിലെ അച്ഛനെ കണ്ടു വളരുന്നതിനാൽ തന്നെ അഭിനവിന്റെ അനിയൻ അഥിനവിനും ഈ മേഖല തന്നെയാണ് താത്പര്യം.
ചരിത്രത്തിൽ തന്നെ ആദ്യമായാണ് മലയാളം ഇംഗ്ലീഷ് കമന്ററികൾ ഒന്നിച്ച് ഒരു കമന്ററി ബോക്‌സിൽ നിന്നും മുഴങ്ങുന്നത് എന്ന പ്രത്യേകത കൂടി അഭിനവ് അനായാസം കൈകാര്യം ചെയ്ത ഇത്തവണത്തെ കമന്ററിക്കുണ്ട് എന്നത് തിളക്കം വർധിപ്പിക്കുന്നുണ്ട്. കൂടെ ഇംഗ്ലീഷ് കമന്ററി പറയുന്നതാകട്ടെ ഗോകുലം കേരള ഫുട്‌ബോൾ ക്ലബിന്റെ കോച്ചിംഗ് സ്റ്റാഫായ യൂറോപ്യൻകാരൻ ജോയൽ വില്യംസാണ്. ഏതായാലും കമന്ററി ബോക്‌സിൽ ഇനിയും പുതിയ കിടിലൻ താരങ്ങളെ ലഭിക്കുമെന്ന് മലയാളിക്ക് ആശ്വസിക്കാം.
source http://www.sirajlive.com/2021/03/29/473537.html
إرسال تعليق