സ്വര്‍ണക്കടത്ത് അന്വേഷണത്തില്‍ വലിയ രാഷ്ട്രീയ സമ്മര്‍ദമുണ്ടായി: മുന്‍ ഇ ഡി കോണ്‍സല്‍

കൊച്ചി | സ്വര്‍ണക്കടത്ത് കേസിന്റെ ആദ്യ സമയങ്ങളില്‍ തന്നെ അന്വേഷണ ഏജന്‍സികള്‍ക്ക് മേല്‍ വലിയ സമ്മര്‍ദമുണ്ടായെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറിന്റെ മുന്‍ സ്റ്റാന്‍ഡിങ്ങ് കോണ്‍സല്‍ അഡ്വ. ഷൈജന്‍ സി ജോര്‍ജ്. ആസൂത്രിത ലക്ഷ്യത്തോടെ ചില നടപടികള്‍ ആവശ്യപ്പെട്ടിരുന്നു. മുകളില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ പിന്നീട് സ്റ്റാന്‍ഡിങ്ങ് കോണ്‍സല്‍മാര്‍ക്ക് ഉള്‍പ്പെടെ കിട്ടിത്തുടങ്ങി. ബി ജെ പി നേതൃത്വത്തിന്റെ രാഷ്ട്രീയ ഇടപെടലാണ് അതെന്ന് മനസിലിക്കാന്‍ കഴിഞ്ഞു. കാര്യങ്ങള്‍ ശരിയായ രീതിയിലല്ല പോകുന്നത് എന്ന് മനസിലായപ്പോള്‍ താന്‍ സ്ഥാനം ഒഴിയുകയായിരുന്നു. സ്ഥാനം ഉപേക്ഷിച്ചത് ഉചിതമായിരുന്നെന്ന് ഇപ്പോഴത്തെ ഇപ്പോഴത്തെ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ തോന്നുന്നുണ്ടെന്നും ഷൈജന്‍ പറഞ്ഞു.

ഞാന്‍ കൈക്കൊണ്ട ചില നിയമപരമായ നടപടികള്‍ അവര്‍ക്ക് ഇഷ്ടപ്പെടാതെ വന്നു. സ്വപ്നയുടെയും സരിത്തിന്റെയും കസ്റ്റഡി അപേക്ഷ ഇ ഡിക്കു വേണ്ടി ആദ്യം കോടതിയില്‍ സമര്‍പ്പിച്ചപ്പോള്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇടപെട്ട് റദ്ദാക്കിക്കുകയായിരുന്നു. തുടക്കത്തില്‍ കസ്റ്റംസ് ശരിയായ ദിശയിലായിരുന്നു. എന്നാല്‍ പിന്നീട് കസ്റ്റംസ് എന്തോ വഴിവിട്ട് ചെയ്യാന്‍ പോകുന്നുവെന്ന പ്രതീതി മറ്റ് അന്വേഷണ ഏജന്‍സികള്‍ക്ക് ഉണ്ടായി. ഇ ഡി അന്വേഷണ ഉദ്യോഗസ്ഥരില്‍ ഉള്‍പ്പെടെ അതിന്റെ മാറ്റം പ്രകടമായെന്നും അദ്ദേഹം പറഞ്ഞു.
ഏജന്‍സികള്‍ തമ്മിലുള്ള ഏകോപനം പോരെന്ന് ഇഡി പരാതി പറഞ്ഞതോടെ സ്ഥാനമൊഴിയുകയായിരുന്നെന്ന് ഷൈജന്‍ സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

 

 



source http://www.sirajlive.com/2021/03/10/471484.html

Post a Comment

Previous Post Next Post