നീലേശ്വരം | 1972 കാലത്തെ തിരഞ്ഞെടുപ്പോർമയിലാണ് തലമുതിർന്ന സി പി എം നേതാവ് പൊള്ളയിൽ അമ്പാടി. 1972 ൽ വി വി കുഞ്ഞമ്പുവിന്റെ നിര്യാണത്തെ തുടർന്ന് നീലേശ്വരം മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിനു കളമൊരുങ്ങി. തിരഞ്ഞെടുപ്പിനു മുന്നോടിയായി ചെറുവത്തൂർ പാക്കനാർ ടാക്കീസിൽ അവിഭക്ത കണ്ണൂർ ജില്ലയിലെ ഏരിയ, ലോക്കൽ കമ്മിറ്റി നേതാക്കളുടെ കൺവെൻഷൻ വിളിച്ചു. സി കൃഷ്ണൻ നായരെ സ്ഥാനാർഥിയാക്കണമെന്ന ആവശ്യവുമായി അന്നത്തെ കണ്ണൂർ ജില്ലാ സെക്രട്ടറി എം വി രാഘവൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്യാനെത്തി. അത് അംഗീകരിക്കാനാവില്ലെന്ന് നീലേശ്വരം ലോക്കൽ കമ്മിറ്റി സെക്രട്ടറി എൻ കെ കുഞ്ഞമ്പു കൺവെൻഷനിൽ അറിയിച്ചു. ഇതോടെ എം വി ആർ പൊട്ടിത്തെറിച്ചു.
ജില്ലാ കമ്മിറ്റി തീരുമാനം അനുസരിക്കാത്തവർക്ക് ഇറങ്ങിപ്പോകാമെന്ന് ക്ഷോഭത്തോടെ എം വി ആർ പറഞ്ഞു. ഇതോടെ ഏരിയാ കമ്മിറ്റിയംഗമായ പൊള്ളയിൽ അമ്പാടി, കമ്മ്യൂണിസ്റ്റ് പാർട്ടി മെമ്പർമാരോട് യോഗത്തിൽ നിന്നിറങ്ങിപ്പോകാൻ പറയാൻ എം വി രാഘവനെന്നല്ല അഖിലേന്ത്യാ ജനറൽ സെക്രട്ടറി സുന്ദരയ്യക്ക് പോലും അവകാശമില്ലെന്ന് തുറന്നടിച്ചു.
മാത്രവുമല്ല എം വി ആറിന്റെ നടപടി കമ്മ്യൂണിസ്റ്റ് ഭരണഘടനക്ക് എതിരാണെന്നും പറഞ്ഞു. ഇതോടെ പാർട്ടിയിൽ ആരും ചോദ്യം ചെയ്യാനില്ലാത്ത നേതാവായിരുന്ന എം വി ആർ ക്ഷുഭിതനായി. ഇരിക്കട അവിടെ, എം വി ആറാണ് പറയുന്നതെന്ന് ആക്രോശിച്ചു. അത് എം വി ആറാണെങ്കിൽ ഇത് പൊള്ളയിൽ അമ്പാടിയാണെന്ന് അപ്പോൾ തന്നെ അമ്പാടി തിരിച്ചടിച്ചു. വാക്കേറ്റം യോഗത്തിൽ പങ്കെടുത്തവരെ അമ്പരപ്പിച്ചു.
ജില്ലാ കമ്മിറ്റിയുടെ കെട്ടിയിറക്കിയ സ്ഥാനാർഥിയെ മാറ്റി കയ്യൂരിന്റെ പ്രിയ നേതാവ് ടി കെ ചന്തനെ സ്ഥാനാർഥിയാക്കിതോടെയാണ് അമ്പാടിയുടെ പ്രതിഷേധം തണുത്തത്. കെട്ടിയിറക്കിയ സ്ഥാനാർഥിയെപ്പറ്റി കേൾക്കുമ്പോഴെല്ലാം പഴയ നീലേശ്വരത്തെ കമ്മ്യൂണിസ്റ്റുകാർ പാടിപ്പുകഴ്ത്തുന്ന സംഭവമാണ് എം വി ആറിനെ തിരുത്തിയ പി അമ്പാടിയുടെ ശബ്ദം.
source http://www.sirajlive.com/2021/03/29/473511.html
Post a Comment