നിയമസഭാ കൈയാങ്കളി കേസ് പിന്‍വലിക്കാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി | നിയമസഭാ കൈയ്യാങ്കളി കേസ് പിന്‍വലിക്കാന്‍ അനുമതി തേടി സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. കേസ് പിന്‍വലിക്കാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി, കെ.ടി. ജലിലീല്‍, ഇ.പി. ജയരാജന്‍ തുടങ്ങിയവര്‍ വിചാരണ നേരിടണമെന്നും വ്യക്തമാക്കി.

ബാര്‍ കോഴ വിവാദം കത്തി നില്‍ക്കുന്ന സമയത്ത് കെ എം മാണി നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കുന്നതിനിടെ ഉണ്ടായ പ്രതിഷേധമാണ് കൈയാങ്കളിയില്‍ കലാശിച്ചത്. പ്രതിപക്ഷ – ഭരണ പക്ഷ വാക്കേറ്റത്തിനിടെ ഉന്തും തള്ളുമുണ്ടാകുകയും സ്പീക്കറുടെ ഡയസില്‍ കയറിയ ഇടതുപക്ഷ എംഎല്‍എമാര്‍ കമ്പ്യൂട്ടറുകള്‍ ഉള്‍പ്പെടെ നശിപ്പിക്കുകയും ചെയ്തിരുന്നു.

സംഭവത്തില്‍ രണ്ടര ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിക്കപ്പെട്ടതായി ചൂണ്ടിക്കാട്ടിയാണ് കുറ്റപത്രം സര്‍പ്പിച്ചത്. അന്നത്തെ എംഎല്‍എമാരായിരുന്ന കെ.ടി. ജലീല്‍, ഇ.പി. ജയരാജന്‍, വി. ശിവന്‍കുട്ടി, സി.കെ. സദാശിവന്‍ എന്നിവരടക്കം പ്രതിപക്ഷത്തെ ആറ് പേര്‍ക്കെതിരെയായിരുന്നു കുറ്റപത്രം. ഇതുമായി ബന്ധപ്പെട്ട് വിചാരണ കോടതിയില്‍ നടപടി ആരംഭിച്ചതിനിടയിലാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.

കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാറിന്റെ ആവശ്യം നേരത്തെ വിചാരണ കോടതിയും തള്ളിയിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയില്‍ റിവിഷന്‍ ഹര്‍ജി വന്നത്. കേസ് പിന്‍വലിക്കരുതെന്ന് പ്രതിപക്ഷ നേതാവ് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.



source http://www.sirajlive.com/2021/03/12/471750.html

Post a Comment

أحدث أقدم