യുഎസ് പ്രതിരോധ സെക്രട്ടറി ഇന്ത്യയിൽ; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി | ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്ത്യയിലെത്തിയ യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ജെ ഓസ്റ്റിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ആഗോള നന്മയ്ക്ക് വേണ്ടി ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന് തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. യുഎസ് പ്രസിഡൻ്റ് ജോ ബെെഡന് പ്രധാനമന്ത്രി ആശംസകൾ നേർന്നു.

ഇന്ത്യയില്‍ വരാനായതില്‍ സന്തോഷമുണ്ടെന്ന് കൂടിക്കാഴ്ചക്ക് ശേഷം ലോയ്ഡ് ട്വീറ്റ് ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ വിശാലത പ്രതിരോധ പങ്കാളിത്തത്തിന്റെ പ്രാധാന്യത്തെ പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യ – യുഎസ് തന്ത്രപരമായ ബന്ധം ത്വരിതപ്പെടുത്താനുള്ള വഴികള്‍, ഇന്തോപസഫിക്ക് സഹകരണം വര്‍ധിപ്പിക്കുക, കിഴക്കന്‍ ലഡാക്കിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ ചൈന നടത്തുന്ന ഇടപെടല്‍, തീവ്രവാദം, അഫ്ഗാന്‍ സമാധാന പ്രക്രിയ തുടങ്ങിയ വിഷയങ്ങള്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥരുമായി അദ്ദേഹം ചര്‍ച്ച ചെയ്തു.

ഓസ്റ്റിന്‍ ഇന്ന് രാത്രി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ കാണും. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങുമായി അദ്ദേഹം നാളെ കൂടിക്കാഴ്ച നടത്തും. വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറുമായുള്ള കൂടിക്കാഴ്ചയ്ക്കും സാധ്യതയുണ്ട്.

ഇന്ത്യക്ക് പുറമെ ജപ്പാനിലും ദക്ഷിണ കൊറിയയിലും ഓസ്റ്റിന്‍ സന്ദര്‍ശനം നടത്തും.



source http://www.sirajlive.com/2021/03/19/472551.html

Post a Comment

Previous Post Next Post