പാലക്കാട് | തിരഞ്ഞെടുപ്പിൽ ജനങ്ങളുടെ മനസ്സിളക്കാൻ തമിഴ്നാട് മാതൃക അനുകരിക്കാൻ കേരളത്തിലെ പാർട്ടികളും തയ്യാറാകുന്ന സൂചനകളാണ് പ്രകടനപത്രികകൾ നൽകുന്നത്. വലിയ വികസന പദ്ധതികൾക്കൊന്നും ഊന്നൽ നൽകാതെ ദരിദ്രർ, മുതിർന്ന പൗരമാർ, സ്ത്രീകൾ, കുട്ടികൾ, രോഗികൾ, കൃഷിക്കാർ, ഭവനരഹിതർ, ഭിന്നശേഷിക്കാർ തുടങ്ങിയവർക്കുള്ള പദ്ധതികൾക്കാണ് ഇടത് വലത് മുന്നണികൾ മുൻഗണന നൽകിയിരിക്കുന്നത്. സൗജന്യ വാഗ്്ദാനങ്ങളിലൂടെ വോട്ട് പിടുത്തം തമിഴ്നാട്ടിൽ മാത്രമാണ് ഇത് വരെ കണ്ടതെങ്കിൽ കേരള രാഷ്ട്രീയത്തിലും ആശയ പോരാട്ടങ്ങൾക്കും നിലപാടുകൾക്കുംപകരം ഇത്തരം പ്രവണത മേൽക്കൈ നേടുന്നുവെന്നാണ് പുതിയ സൂചനകൾ.
മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി തിരഞ്ഞെടുപ്പ് പ്രകടനപത്രിക തയ്യാറാക്കുന്നതിനും പാർട്ടികൾ പ്രത്യേക സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. എൽ ഡി എഫും യു ഡി എഫും പത്രിക തയ്യാറാക്കുന്നതിന് മുമ്പ് ജനങ്ങളുടെ അഭിപ്രായം തേടിയിരുന്നു. ഇടത് പക്ഷത്തിന് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയൻ വിവിധ ജില്ലകളിൽ പര്യടനം നടത്തി വ്യത്യസ്ത ജനവിഭാഗങ്ങളുടെ അഭിപ്രായം ആരാഞ്ഞു.
യു ഡി എഫിൽ ശശി തരൂരിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ആഴ്ചകളോളം ജനങ്ങളുമായി കൂടിയാലോചന നടത്തിയാണ് പ്രകടനപത്രികക്ക് അന്തിമ രൂപം നൽകിയത്.
അഞ്ച് വർഷത്തിനുള്ളിൽ ക്ഷേമനിധി പെൻഷൻ 2,500 രൂപയായി ഉയർത്താമെന്ന് ഇടതുപക്ഷം വാഗ്ദാനം നൽകിയപ്പോൾ യു ഡി എഫ് അത് 3,000 ഉം എൻ ഡി എ 3500ഉം ആക്കുകയായിരുന്നു. പാവപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ള വീട്ടമ്മമാർക്ക് പെൻഷൻ പദ്ധതി, മുതിർന്ന പൗരമാർക്ക് വീടുകളിൽ സേവനം എത്തിക്കൽ, അഞ്ച് വർഷത്തിനുള്ളിൽ പട്ടികജാതിക്കാരുൾപ്പെടെയുള്ള എല്ലാ വിഭാഗം ആളുകൾക്കും ഭൂമിയും വീടും നൽകൽ തുടങ്ങിയ നിരവധി വാഗ്ദാനങ്ങളാണ് ഇടത് പക്രടന പത്രികയിലുള്ളത്.
യു ഡി എഫാകട്ടെ ക്ഷേമ പെൻഷൻ കൂട്ടിയതിന് പുറമെ പ്രതിമാസം പാവപ്പെട്ട കുടുംബങ്ങൾക്ക് 6,000 രൂപ ഉറപ്പാക്കുന്ന ന്യായ് പദ്ധതി, മുതിർന്ന പൗരമാർക്ക് പ്രത്യേക കമ്മീഷൻ, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിന് പ്രത്യേക സെൽ, ഭവനരഹിതർക്ക് വീടുകൾ, എല്ലാവർക്കും ആരോഗ്യ ഇൻഷ്വറൻസ്, കിടപ്പിലായ രോഗികളുടെയും 80 ശതമാനം വൈകല്യമുള്ളവരുടെയും കടങ്ങൾ എഴുതിത്തള്ളൽ ഉൾപ്പെടെയുള്ള കാര്യങ്ങൾ വാഗ്ദാനം ചെയ്യുന്നു.
ഭരണ പ്രതീക്ഷയില്ലെങ്കിലും എൻ ഡി എയും വാഗ്ദാനത്തിൽ പിറകിലല്ല. ക്ഷേമ പെൻഷൻ കൂട്ടുന്നതിന് പുറമെ കുടുംബത്തിൽ ഒരാൾക്ക് തൊഴിൽ, ആറ് എൽ പി ജി സിലിൻഡറുകൾ സൗജന്യം, മുതിർന്ന പൗരമാരുടെ ക്ഷേമത്തിനായി പ്രത്യേക പദ്ധതി, കിടപ്പ് രോഗികൾക്ക് 5,000 രൂപ പെൻഷൻ തുടങ്ങിയ വാഗ്ദാനങ്ങളും മുന്നോട്ടുവെക്കുന്നു. ഇങ്ങനെ പോയാൽ വരും തിരഞ്ഞെടുപ്പുകളിൽ തമിഴ്നാട് മോഡൽ വാഗ്ദാനങ്ങളുടെ ബംബർ തന്നെ രാഷ്ടീയ പാർട്ടികൾക്ക് ഇറക്കേണ്ടി വരുമെന്നാണ് രാഷ്ടീയ നിരീക്ഷകർ വിലയിരുത്തുന്നത്.
source http://www.sirajlive.com/2021/03/29/473516.html
Post a Comment