മലപ്പുറം/ കണ്ണൂർ | 2001ല്‍ വോട്ട് ധാരണയ്ക്ക് കോണ്‍ഗ്രസും മുസ്ലീം ലീഗും ബി ജെ പിയുമായി ചർച്ച ചെയ്തെന്ന വെളിപ്പെടുത്തലിനോട് പ്രതികരിച്ച് പി കെ കുഞ്ഞാലിക്കുട്ടി. തന്റെ ഓര്‍മയില്‍ ഇങ്ങനെയൊരു സംഗതിയില്ലെന്നും ഓര്‍മയില്‍ ഇല്ലാത്ത പഴങ്കഥകളാണ് ഇതെല്ലാമെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ബി ജെ പിയുടെ മുതിർന്ന നേതാവ് സി കെ പദ്മനാഭനാണ് കുഞ്ഞാലിക്കുട്ടി ചർച്ചക്ക് വന്ന കാര്യം വെളിപ്പെടുത്തിയത്.
പദ്മനാഭന്റെ പ്രസ്താവന ബി ജെ. പി-സി പി എം. ധാരണയുടെ ഭാഗമാണെന്നും യു ഡി എഫ് എന്ന പൊതുശത്രുവിനെ തകര്‍ക്കാനുള്ള ആസൂത്രിത നീക്കമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതില്‍ സത്യമുണ്ടോന്ന് അവരോട് തന്നെ ചോദിക്കണം. സി പി എം-ബി ജെ പി ധാരണ പുറത്തുവന്നത് ഇരുകൂട്ടരെയും അസ്വസ്ഥരാക്കുന്നു. ഈ ധാരണ മറച്ചുവെക്കാനാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
1991 ലെ കോണ്‍ഗ്രസ്- ലീഗ്- ബി ജെ പി ബന്ധത്തിന് ശേഷം 2001 ലും കോണ്‍ഗ്രസ് വോട്ട് ധാരണയ്ക്ക് വന്നു എന്നായിരുന്നു സി കെ പത്മനാഭന്‍ വെളിപ്പെടുത്തിയത്. കാസര്‍കോട് നടന്ന ചര്‍ച്ചയ്ക്ക് കുഞ്ഞാലിക്കുട്ടിയും കെ എം മാണിയും എത്തിയിരുന്നു. താനും പി പി മുകുന്ദനും വേദപ്രകാശ് ഗോയലും ചര്‍ച്ചയില്‍ പങ്കെടുത്തുവെന്നും സി കെ പദ്മനാഭന്‍ പറഞ്ഞിരുന്നു.
നേരത്തേ, ബി ജെ പിയുടെ മുതിർന്ന നേതാവ് ഒ രാജഗോപാലും എം ടി രമേശും കോലീബി സഖ്യം സ്ഥിരീകരിച്ചിരുന്നു. കോലീബി സഖ്യമുണ്ടെന്ന് നേരത്തെ ആരോപണങ്ങളുയർന്നെങ്കിലും ബി ജെ പി നേതാക്കൾ സ്ഥിരീകരിക്കുന്നത് ഇതാദ്യമായാണ്. എന്നാൽ, കോൺഗ്രസ്, ലീഗ് നേതൃത്വങ്ങൾ ഇത് തള്ളിക്കളയുകയാണ് പതിവ്.
source http://www.sirajlive.com/2021/04/01/473884.html
إرسال تعليق