സാമൂഹിക വിദ്യാഭ്യാസ രംഗത്ത് കരുതലേകാൻ 2,029 സഖാഫിമാർ കർമരംഗത്തേക്ക്


കോഴിക്കോട് | ദേശത്തും വിദേശത്തും സാമൂഹിക മുന്നേറ്റങ്ങൾക്ക് നേതൃത്വമേകാൻ മർകസിൽ നിന്ന് 2,029 സഖാഫിമാർ കൂടി കർമപഥത്തിലേക്ക്. 23 സംസ്ഥാനങ്ങളിൽ നിന്നുള്ള യുവപണ്ഡിതരാണ് പുറത്തിറങ്ങുന്നത്. ഇതിൽ 250 പേർ ഇതര സംസ്ഥാനത്ത് നിന്നുള്ളവരാണ്. ഇത്രയും കൂടുതൽ സഖാഫിമാർ ഒന്നിച്ച് സനദ് വാങ്ങി പുറത്തിറങ്ങുന്നത് മർകസിന്റെ ചരിത്രത്തിലാദ്യമാണ്. കഴിഞ്ഞ 40 വർഷത്തിനിടക്ക് പുറത്തിറങ്ങിയ 10,500 സഖാഫിമാർ വിവിധ രാജ്യങ്ങളിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും സേവനപ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ഇക്കാലയളവിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള 2,500 പേരും സഖാഫി ബിരുദം കരസ്ഥമാക്കി. കേരളീയ വിദ്യാഭ്യാസ മാതൃകയിൽ വിവിധ സംസ്ഥാനങ്ങളിൽ സാമൂഹിക വിദ്യാഭ്യാസ മുന്നേറ്റം നടത്തുന്നതിനുള്ള പ്രായോഗിക പരിശീലനം ലഭിച്ചാണ് ഇവർ കർമരംഗത്തേക്കിറങ്ങുന്നത്. ഇതിൽ പലരും മർകസുമായി അഫിലിയേഷനുള്ള സർവകലാശാലകളിൽ തുടർപഠനം നടത്തും. അന്താരാഷ്ട്ര തലത്തിൽ ഈജിപ്ത്, ടുണീഷ്യ, മലേഷ്യ, ഇന്തോനേഷ്യ, യു എ ഇ തുടങ്ങിയ രാജ്യങ്ങളിലെ സർവകലാശാലകൾ ഉൾപ്പെടെ 14 സർവകലാശാലകളുമായാണ് മർകസ് അഫിലിയേറ്റ് ചെയ്തിട്ടുള്ളത്.

സഖാഫികൾക്ക് പുറമെ മർകസ് ഹിഫ്ളുൽ ഖുർആൻ കോളജിൽ നിന്നുള്ള 313 പേരും ഇത്തവണ പഠനം പൂർത്തിയാക്കി പുറത്തിറങ്ങുന്നുണ്ട്. 1987ൽ മർകസ് ഹിഫ്ളുൽ ഖുർആൻ കോളജ് ആരംഭിച്ച ശേഷമാണ് കേരളത്തിൽ ഏറ്റവും കൂടുതൽ ഹിഫ്ള് വിദ്യാർഥികൾ പഠനം പൂർത്തിയാക്കി പുറത്തിറങ്ങുന്നത്. 1,200 ഹാഫിളീങ്ങളാണ് ഇതുവരെ പുറത്തിറങ്ങിയത്. ഇപ്രാവശ്യം പുറത്തിറങ്ങുന്നവരിൽ പലരും യു എ ഇ ഔഖാഫിൽ ജോലി ചെയ്യുന്നവരാണ്. പലരും അന്താരാഷ്ട്ര ഖുർആൻ മത്സര പ്രതിഭകളുമാണ്. മർകസ് വിദ്യാർഥികളുടെ പ്രാഗത്ഭ്യമാണ് യു എ ഇ ഔഖാഫിലേക്കുൾപ്പെടെ ഇവരെ തിരഞ്ഞെടുക്കാൻ കാരണം.

ഇതര സംസ്ഥാനങ്ങളിൽ മർകസ് ഗാർഡന് കീഴിലുള്ള റബ്ബാനി കോളജുകളിൽ നിന്ന് പഠനം പൂർത്തിയാക്കിയ 50 മലയാളി വിദ്യാർഥികൾക്കും സമ്മേളനത്തിൽ ബിരുദദാനം നടത്തും. റബ്ബാനികളുടെ രണ്ടാമത്തെ ബാച്ചാണ് ഇപ്പോൾ പുറത്തിറങ്ങുന്നത്. നേരത്തെ അമ്പതോളം വിദ്യാർഥികൾ ബംഗാൾ, രാജസ്ഥാൻ, ഡൽഹി, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങിലെ റബ്ബാനി ഫിനിഷിംഗ് സ്‌കൂളുകളിൽ നിന്ന് പഠനം പൂർത്തിയാക്കി പുറത്തിറങ്ങിയിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ സാഹചര്യങ്ങൾ മനസ്സിലാക്കി സാമൂഹിക വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടത്താൻ മലയാളി വിദ്യാർഥികളെ പ്രാപ്തമാക്കുകയാണ് ഇത്തരത്തിലുള്ള സ്ഥാപനങ്ങളിലൂടെ ലക്ഷ്യമിടുന്നത്.



source http://www.sirajlive.com/2021/04/01/473887.html

Post a Comment

Previous Post Next Post