പോക്‌സോ കേസിലെ പ്രതിക്ക് 35 വര്‍ഷം കഠിനതടവ്

നരേന്‍ ഡേബ് നാഥ്

പത്തനംതിട്ട | പട്ടിക വിഭാഗത്തില്‍പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പശ്ചിമ ബംഗാള്‍ മാള്‍ഡാ സ്വദേശിയായ പ്രതിയെ കോടതി 35 വര്‍ഷത്തെ കഠിനതടവ് ശിക്ഷക്ക് വിധിച്ചു. 50,000 രൂപ പിഴയുമുണ്ട്. പുളിക്കീഴ് പോലീസ് സ്റ്റേഷനില്‍ 2019 ല്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസിലെ പ്രതി നരേന്‍ ദേബ് നാഥി(30)നെയാണ് പത്തനംതിട്ട അഡിഷണല്‍ സെഷന്‍സ് ഫസ്റ്റ് കോടതി (പോക്‌സോ സ്‌പെഷ്യല്‍) ശിക്ഷിച്ചത്.

പത്തനംതിട്ട ജില്ലയില്‍ ഇതാദ്യമായാണ് കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ തടയല്‍ നിയമമായ പോക്‌സോ ഉള്‍പ്പെട്ട ഒരു കേസില്‍ ഇത്തരമൊരു ശിക്ഷ വിധിക്കുന്നത്. പിഴ അടക്കാതിരുന്നാല്‍ മൂന്ന് വകുപ്പുകളിലായി 15 മാസം കഠിനതടവ് അനുഭവിക്കണം. പിഴത്തുകയില്‍ 35,000 രൂപ ഇരയായ പെണ്‍കുട്ടിക്ക് നല്‍കാനും കോടതി വിധിച്ചു.

കേസ് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ പോക്‌സോ 5, 6 വകുപ്പുകള്‍ പ്രകാരം നിലവിലുണ്ടായിരുന്ന ശിക്ഷ 10 വര്‍ഷമായിരുന്നു. എന്നാല്‍ 2019 ആഗസ്റ്റില്‍ നിയമം ഭേദഗതി ചെയ്തപ്പോള്‍ വധശിക്ഷയോ, ശിഷ്ടകാലം മുഴുവന്‍ ജയില്‍ വാസമോ  കുറഞ്ഞത് 20 വര്‍ഷമോ ആയി  ശിക്ഷ വര്‍ധിപ്പിച്ചിരുന്നു. കുറ്റകൃത്യം നടന്ന കാലം പരിഗണിച്ച കോടതി, പോക്‌സോ നിയമത്തിലെ നിര്‍ദിഷ്ട വകുപ്പുകള്‍ക്കുള്ള ചെറിയ കാലാവധിയേക്കാള്‍ ബലാത്സംഗത്തിലെ വകുപ്പുകളിലെ കൂടിയ ശിക്ഷ പരിഗണിക്കുകയാണുണ്ടായത്.



source http://www.sirajlive.com/2021/04/05/474237.html

Post a Comment

Previous Post Next Post