4.53 ലക്ഷം തപാൽ വോട്ട്; തത്സമയം പുരോഗതി അറിയാൻ സംവിധാനമില്ല; ഫലം വൈകും

തിരുവനന്തപുരം | നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ വോട്ടെണ്ണൽ പ്രക്രിയക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ വേണ്ടത്ര സൗകര്യമൊരുക്കാത്തതും തപാൽ വോട്ടുകളുടെ വർധനവും കാരണം ഫലമറിയാൻ കൂടുതൽ സമയമെടുക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെ പോലെ വോട്ടെണ്ണലിന്റെ പുരോഗതി തത്സമയം അറിയിക്കുന്നതിനുള്ള സംവിധാനം ഇത്തവണ ഒരുക്കിയിട്ടില്ല.

ഇത്തവണ 4,53,237 തപാൽ വോട്ട് ലഭിച്ചിട്ടുണ്ട്. ഇതോടൊപ്പം വോട്ടെണ്ണൽ ദിവസം രാവിലെ എട്ട് വരെ ലഭിക്കുന്ന തപാൽ വോട്ടും പരിഗണിക്കേണ്ടി വരും. തപാൽ വോട്ട് എണ്ണുന്നതിന് പ്രത്യേക ക്രമീകരണമേർപ്പെടുത്തിയിട്ടുണ്ടെങ്കിലും ആദ്യം എണ്ണുന്നത് തപാൽ വോട്ടായതിനാൽ ആദ്യ ഫലസൂചന അറിയാൻ കഴിഞ്ഞ പ്രാവശ്യത്തേക്കൾ കൂടുതൽ സമയമെടുക്കുമെന്ന് ഉദ്യോഗസ്ഥർ തന്നെ പറയുന്നു.
തിരഞ്ഞെടുപ്പ് ഫലം അറിയിക്കാൻ വിപുലമായ സൗകര്യങ്ങളൊരുക്കുമെന്ന് കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചിരുന്നുവെങ്കിലും പതിവ് സൗകര്യങ്ങൾ പോലും ഇത്തവണ ഒരുക്കിയിട്ടില്ലെന്നതാണ് യാഥാർഥ്യം.

ട്രെൻഡ് എന്ന സോഫ്റ്റ്‌വെയർ വഴിയാണ് കഴിഞ്ഞ തവണ ഫലസൂചനകളും വോട്ടെണ്ണൽ പുരോഗതിയും നൽകിയിരുന്നത്. ഇത്തവണ ഇത് കമ്മീഷൻ വേണ്ടെന്ന് വെച്ചിരിക്കുകയാണ്. അതോടൊപ്പം വോട്ടെണ്ണൽ കേന്ദ്രത്തിലെ ടി വി സ്‌ക്രീനുകളും ഇത്തവണ ഒഴിവാക്കിയിട്ടുണ്ട്. പകരം ട്രെൻഡ് ടി വി എന്ന സോഫ്റ്റ്‌വെയർ വഴി ഫലസൂചന നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാൽ, മാധ്യമങ്ങൾക്കുൾപ്പെടെ വോട്ടെണ്ണൽ തത്സമയ പുരോഗതിയും തിരഞ്ഞെടുപ്പ് ഫലവും യഥാസമയം എങ്ങനെ ലഭ്യമാകുമെന്ന കാര്യത്തിൽ ഇപ്പോഴും ആശയവ്യക്തത വന്നിട്ടില്ല.

ഈ സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റാണ് ഇത്തവണ തിരഞ്ഞെടുപ്പ് ഫലം അറിയാൻ മാധ്യമങ്ങളുൾപ്പെടെ ആശ്രയിക്കേണ്ടി വരിക. ഒരേസമയം കൂടുതൽ പേർ വെബ്‌സൈറ്റ് സന്ദർശിക്കുന്നതോടെ അതും നിശ്ചലമാകാനാണ് സാധ്യത.



source http://www.sirajlive.com/2021/05/01/477552.html

Post a Comment

Previous Post Next Post