സിദ്ദീഖ് കാപ്പന് തലക്ക് മുറിവേറ്റുവെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്; കൊവിഡ് ഭേദമായെന്നും യുപി സര്‍ക്കാര്‍

ന്യൂഡല്‍ഹി | ഹത്‌റാസിലേക്കുള്ള യാത്രാമധ്യേ യുപി പോലീസ് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ ആരോഗ്യനില സംബന്ധിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. സിദ്ദീഖ് കാപ്പന് കൊവിഡ് ഭേദമായിട്ടുണ്ടെന്നും എന്നാല്‍ തലക്ക് മുറിവുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൊവിഡ് ഭേദമായതിനെ തുടര്‍ന്ന് കാപ്പനെ ആശുപത്രിയില്‍ നിന്ന് ജയിലിലേക്ക് മാറ്റിയതായും റിപ്പോര്‍ട്ടിലുണ്ട്.

അതേസമയം, സിദ്ദീഖ് കാപ്പന്റെ അഭിഭാഷകന് ഇന്നലെ വെെകീട്ട് നൽകിയ റിപ്പോർട്ടിൽ അദ്ദേഹം കൊവിഡ് പോസിറ്റീവാണെന്നാണ് പറയുന്നതെന്ന് കാപ്പന്റെ ഭാര്യ റെെഹാനത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഇക്കാര്യം ഇന്നലെ രാത്രി അഭിഭാഷകൻ തന്നെ വിളിച്ച് അറിയിച്ചിരുന്നതാണെന്നും പിന്നെ എങ്ങിനെയാണ് ഇന്ന് കോടതിയിൽ കൊവിഡ് നെഗറ്റീവ് റിപ്പോർട്ട് വരുന്നതെന്നും അവർ ചോദിച്ചു.

സുപ്രീം കോടതി ആവശ്യപ്പെട്ടത് അനുസരിച്ചാണ് യുപി സര്‍ക്കാര്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സിദ്ദീഖ് കാപ്പന് വിദഗ്ധ ചികിത്സ ലഭ്യമാക്കണമന്ന് ആവശ്യപ്പെട്ട് പത്രപ്രവര്‍ത്തകന യൂണിയന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ഇന്നലെ കോടതി മെഡിക്കല്‍ റിപ്പോര്‍ട്ട് തേടിയത്. ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും.

കൊവിഡ് ബാധിതനായതിനെ തുടര്‍ന്ന് യുപിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സിദ്ദീഖ് കാപ്പന്റെ സ്ഥിതി അതീവ ദയനീയമാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. താന്‍ കടുത്ത മനുഷ്യാവകാശ ലംഘനമാണ് നേരിടുന്നതെന്നും ആശുപത്രിയില്‍ തന്നെ ചങ്ങലക്കിട്ടിരിക്കുകയാണെന്നും കാപ്പന്‍ വിളിച്ചു പറഞ്ഞതായി ഭാര്യ വെളിപ്പെടുത്തിയതോടെയാണ് വിവരം പുറംലോകമറിയുന്നത്. പ്രാഥമിക കാര്യങ്ങള്‍ പോലും നിര്‍വഹിക്കാനാകാത്ത സ്ഥിതിയിലാണ് താനെന്നും സിദ്ദീഖ് പറഞ്ഞതായി ഭാര്യ വെളിപ്പെടുത്തിയിരുന്നു. ആശുപത്രിയിൽ കുഴഞ്ഞുവീണ് താടിയെല്ല് പൊട്ടിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു.

ഇതേ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ വിഷയത്തില്‍ ഇടപെടുകയും സിദ്ദീഖ് കാപ്പന് അടിയന്തര ചികിത്സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

 



source http://www.sirajlive.com/2021/04/28/477157.html

Post a Comment

Previous Post Next Post