പാലക്കാട് | സംസ്ഥാനത്ത് ആനകൾ വംശനാശ ഭീഷണിയിൽ. നിലവിലെ കണക്കനുസരിച്ച് കേരളത്തിൽ 2010-19 കാലയളവിൽ 850 ലധികം കാട്ടാനകളാണ് വിവിധ കാരണങ്ങളാൽ ചരിഞ്ഞത്. ഇതേ കാലയളവിൽ നാട്ടാനകളുടെ എണ്ണം പകുതിയായി കുറഞ്ഞിട്ടുണ്ടെന്ന് വനം വകുപ്പ് പറയുന്നു.
കഴിഞ്ഞ വർഷം മാത്രം 113 കാട്ടാനകൾ ചരിഞ്ഞെന്നാണ് വനം വകുപ്പ് അധികൃതരുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിൽ 50 ശതമാനം കാട്ടാനകളും പ്രായാധിക്യത്താലും ബാക്കി ഫെൻസിംഗ് വേട്ടയാലുമാണ് ചരിഞ്ഞത്. കാട്ടാനകളുടെ ഏറ്റവുമൊടുവിലെ (2017 സെൻസസ്) കണക്കെടുപ്പിൽ കൊമ്പൻ, പിടി ആനകളുടെ എണ്ണത്തിലും വൻ അന്തരമുണ്ട്.
50 പിടിയാനക്ക് ഒരു കൊമ്പൻ എന്ന നിലയാണ് നിലവിലുള്ളത്. ഇത് അവയുടെ അതിജീവനത്തിന് ഭീഷണിയാണെന്നാണ് ആനപ്രേമി സംഘം പ്രസിഡന്റ് ഹരിദാസ് മച്ചിങ്ങലിന്റെ അഭിപ്രായം.
വർഷം 24 ഓളം നാട്ടാനകളാണ് ചരിയുന്നത്. നാട്ടാനകളിൽ അവശേഷിക്കുന്നത് 476 എണ്ണം മാത്രമാണ്. ഇതിൽ 119 ഓളം പിടിയാനകളും 19 ഓളം മക്കാനകളുമാണ്.
ബാക്കിയുള്ള കൊമ്പന്മാരിൽ തന്നെ വലിയൊരു പങ്കും വിവിധ ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്നവയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പഴയകാല ചികിത്സാ രീതികളും സമ്പ്രദായങ്ങളുമാണ് ഇപ്പോഴും തുടരുന്നത്.
ആനകളുടെ രോഗനിർണയം പോലും അതിനാൽ ശരിയായി നടക്കുന്നില്ല. ഇക്കാര്യങ്ങളെല്ലാം പരിശോധിക്കുകയും ആനകളുടെ ക്ഷേമത്തിന് ശാസ്ത്രീയമായ പഠനവും പദ്ധതികളും തയ്യാറാക്കുകയും വേണം.
ഇതിന് പുറമെ നാട്ടാനകളുടെയും കാട്ടാനകളുടെയും ക്ഷേമത്തെക്കുറിച്ച് പഠിക്കാൻ ആനകളെക്കുറിച്ച് അറിയുന്നവരെ ഉൾപ്പെടുത്തി കമ്മീഷൻ രൂപവത്കരിക്കണമെന്നും ആനകളെ രക്ഷിക്കുന്നതിന് സർക്കാർ തലത്തിൽ നടപടിയെടുക്കണമെന്നും ആനപ്രേമിസംഘം ആവശ്യപ്പെട്ടു.
source http://www.sirajlive.com/2021/04/11/474886.html

Post a Comment