തിരുവനന്തപുരം | കൊവിഡിന്റെ പിടിയിലമരുന്ന കേരളത്തെ രക്ഷിക്കാന്‍ ഒരു കോടി വാക്‌സിന്‍ ഡോസുകള്‍ വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് സ്വന്തം നിലക്ക് വാക്‌സിന്‍ വാങ്ങാന്‍ തീരുമാനിച്ചത്. 70 ലക്ഷം കൊവിഷീല്‍ഡ് വാക്‌സിനും 30 ലക്ഷം കൊവാക്‌സിന്‍ ഡോസുകളുമാണ് വാങ്ങുക. മൂന്ന് മാസം കൊണ്ടായിരിക്കും ഇത്രയും ഡോസ് വാക്‌സിന്‍ കേരളത്തില്‍ എത്തിക്കുക.
ഒരു കോടി വാക്‌സിന്‍ ജൂലൈ മാസത്തോടെ കേരളത്തില്‍ എത്തിക്കുകയാണ് ലക്ഷ്യമിടുന്നത്. ഇതിനായി കൊവാക്‌സിന്‍ ഉത്പാദകരുമായി ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. പത്ത് ലക്ഷം വീതം വാക്‌സിന്‍ ഡോസുകള്‍ വീതം അടുത്ത മൂന്ന് മാസം കൊണ്ട് എത്തിക്കാമെന്ന് കൊവാക്‌സിന്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ കൊവിഷീല്‍ഡുമായി ചര്‍ച്ചകള്‍ തുടരുകയാണ്. അന്തിമ തീരുമാനം ആയിട്ടില്ല. മൂന്ന് മാസം കൊണ്ട് കൊവിഷീല്‍ഡും എത്തിക്കാനാകുമെന്നാണ് കരുതുന്നത്.
വാക്സിൻ വാങ്ങാൻ നേരത്തെ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി തീരുമാനമെടുത്തിരുന്നു. ഇതിന് മന്ത്രിസഭാ യോഗം അനുമതി നൽകുകയാണ് ഇപ്പോൾ ചെയ്തത്. മന്ത്രിസയുടെ അനുമതിയോടെ മാത്രമേ വാക്സിൻ വാങ്ങാവൂ എന്ന് കേന്ദ്രം നേരത്തെ വ്യക്തമാക്കിയിരുന്നു.
സംസ്ഥാനത്ത സൗജനയമായി വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. കേന്ദ്രം ആവശ്യമായ അളവില്‍ വാക്‌സിന്‍ നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് സ്വന്തം നിലക്ക് വില കൊടുത്ത് വാക്‌സിന്‍ വാങ്ങി സൗജന്യമായി വിതരണം ചെയ്യാന്‍ കേരളം തീരുമാനിച്ചത്.
സംസ്ഥാനത്ത് ലോക്ഡൗണ്‍ ഏര്‍പെടുത്തേണ്ടതില്ല എന്നാണ് മന്ത്രിസഭാ യോഗവും വിലയിരുത്തിയത്. പ്രാദേശിക നിയന്ത്രണം മതിയെന്നാണ് വിലയിരുത്തൽ. എന്നാല്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തില്‍ കൂടുതല്‍ ഉള്ള 150 ജില്ലകളില്‍ ലോക്ഡൗണ്‍ വേണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. ഇത് നിലവില്‍ വന്നാല്‍ കേരളത്തില്‍ പത്തനംതിട്ട, കൊല്ലം ഒഴികെ ജില്ലകളില്‍ ലോക്ഡൗണ്‍ ഏര്‍പെടുത്തേണ്ട സാഹചര്യമുണ്ടാകും. ഇക്കാര്യത്തില്‍ സംസ്ഥാനം എന്ത് നിലപാട് എടുക്കുമെന്ന് ഇപ്പോള്‍ വ്യക്തമല്ല.
source http://www.sirajlive.com/2021/04/28/477163.html
إرسال تعليق