സോപ്പും മാസ്‌കും സാമൂഹിക അകലവും മറക്കരുതെന്ന് ആരോഗ്യ വകുപ്പ്; മൂന്നാഴ്ച നിർണായകമെന്നും മുന്നറിയിപ്പ്

തിരുവനന്തപുരം | കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ‘ബാക് ടു ബേസിക്സ്’ കാമ്പയിന്‍ ശക്തിപ്പെടുത്തുകയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. എല്ലാവരും സ്വയംരക്ഷ നേടുന്നതിന് കോവിഡ് പ്രതിരോധത്തില്‍ ആദ്യം പഠിച്ച പാഠങ്ങള്‍ വീണ്ടുമോര്‍ക്കണം. ആരും സോപ്പും മാസ്‌കും സാമൂഹിക അകലവും മറക്കരുത്. വായും മൂക്കും മൂടത്തക്കവിധം മാസ്‌ക് ധരിക്കേണ്ടതാണ്. പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും.

പ്രതിദിന കോവിഡ് പരിശോധനകള്‍ വര്‍ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ആര്‍ടിപിസിആര്‍ പരിശോധനയും വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം 33,699 ആര്‍ടിപിസിആര്‍ പരിശോധന ഉള്‍പ്പെടെ ആകെ 60,554 പരിശോധനകളാണ് നടത്തിയത്. സംസ്ഥാനത്തിന് പുറത്തുനിന്നും വരുന്നവരുടെ ഒരാഴ്ച ക്വാറന്റൈനും നിര്‍ബന്ധമാക്കിയിട്ടുണ്ട്. സിറോ സര്‍വയലന്‍സ് സര്‍വേ പ്രകാരം സംസ്ഥാനത്ത് 10.76 ശതമാനം പേര്‍ക്കുമാത്രമേ കൊവിഡ് വന്നുപോയിട്ടുള്ളൂ. 89 ശതമാനം ആളുകള്‍ക്കും കോവിഡ് വന്നിട്ടില്ലാത്തതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കേണ്ടതാണ്.

തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ക്രമേണ ഉയര്‍ന്ന് 3500 കഴിഞ്ഞു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബഹുഭൂരിപക്ഷം ജനങ്ങളും പങ്കാളിയായിട്ടുണ്ട്. അതിനാല്‍ സംസ്ഥാനത്ത് വരുന്ന മൂന്നാഴ്ച നിര്‍ണായകമാണെന്നും ഈ സാഹചര്യം മുന്നില്‍ കണ്ട് എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി.



source http://www.sirajlive.com/2021/04/08/474615.html

Post a Comment

أحدث أقدم