വിജ്ഞാന സമ്പാദനം ജീവിത നിഷ്ഠയാക്കിയ പണ്ഡിതൻ

താജുശ്ശരീഅ ഷിറിയ അലിക്കുഞ്ഞി മുസ്‌ലിയാർ സുന്നത്ത് ജമാഅത്തിന്റെ മുന്നേറ്റത്തിന് വലിയ ത്യാഗങ്ങൾ ചെയ്ത മഹാപണ്ഡിതനായിരുന്നു. വിജ്ഞാന സമ്പാദനവും അതനുസരിച്ച് ഒരു കറാഹത് പോലും സംഭവിക്കാതെ ജീവിച്ചതും മഹാന്റെ വലിയ സവിശേഷത തന്നെ. ഞാൻ സമസ്ത മുശാവറ അംഗം ആയത് മുതൽ ഞങ്ങൾ തമ്മിലുള്ള ബന്ധം ശക്തമായി. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി ഏറ്റവും പ്രിയപ്പെട്ട സ്‌നേഹിതരായി ജീവിക്കാൻ കഴിഞ്ഞുവെന്നത് വലിയൊരു ഭാഗ്യം തന്നെ.

കേരളത്തിലെ ഉന്നതശീർഷരായ ആലിമീങ്ങളുടെ അടുത്തായിരുന്നു അലിക്കുഞ്ഞി മുസ്‌ലിയാരുടെ പഠനം. സമസ്ത മുശാവറ അംഗവും സമസ്ത മുഖപ്രസിദ്ധീകരണം അൽ ബയാൻ പത്രാധിപരുമായിരുന്ന കാടേരി മുഹമ്മദ് മുസ്‌ലിയാർ അദ്ദേഹത്തിന്റെ പ്രഥമ ഗുരുക്കളിൽ ഒരാളാണ്. പിന്നീട്, ശംസുൽ ഉലമ ഇ കെ അബൂബക്കർ മുസ്‌ലിയാരുടെ കീഴിൽ തളിപ്പറമ്പ് ഖുവ്വത്തുൽ ഇസ്്ലാമിൽ പഠനം നടത്തി. അന്നവിടെ പഠനം നടത്തിയിരുന്ന മുതിർന്ന വിദ്യാർഥികളായ ഇ കെ ഹസൻ മുസ്‌ലിയാർ, മടവൂർ സി എം വലിയുല്ലാഹി എന്നിവരിൽ നിന്നും കിതാബുകൾ ഓതിപ്പഠിക്കാനും അദ്ദേഹത്തിന് ഭാഗ്യം ലഭിച്ചു. ആ രണ്ട് മഹാന്മാരുമായുള്ള അടുത്ത സമ്പർക്കം അലികുഞ്ഞി മുസ്‌ലിയാരുടെ ആദർശ നിഷ്ഠയെയും ആത്മീയ ജീവിതത്തെയും ഉദാത്തമാക്കി മാറ്റുന്നതിന് പ്രധാന കാരണമായിട്ടുണ്ട്. കോട്ടുമല അബൂബക്കർ മുസ്‌ലിയാരുടെ അടുത്ത് ഏഴ് വർഷം പഠനം നടത്തിയതും അദ്ദേഹത്തിന്റെ വിജ്ഞാനം എങ്ങനെ സമൂഹത്തിന് ഉപകരിക്കുംവിധം ഉപയോഗിക്കണം എന്നതിന് കാഴ്ചപ്പാടുകൾ ഉണ്ടാക്കി തീർത്തു.
എല്ലായ്‌പ്പോഴും അലിക്കുഞ്ഞി മുസ്‌ലിയാർ പറയാറുണ്ട്, ദീനിയ്യായ വിജ്ഞാനം നേടുന്നതിന്റെ യഥാർഥ ലക്ഷ്യം അല്ലാഹുവിനെ അറിയുക എന്നതാകണം. അങ്ങനെ അറിയുമ്പോഴേ, മനുഷ്യന്റെ ജീവിതത്തിന്റെ അർഥം മനസ്സിലാക്കാൻ കഴിയൂ. ശരിയായി ഇബാദത് നിർവഹിക്കാൻ കഴിയുകയുള്ളൂ. അതുകൊണ്ടുതന്നെ, ദീനീ പഠനത്തിലും ആയിരക്കണക്കിന് മുതഅല്ലിമുകൾക്ക് അത് പകർന്നു നൽകുന്നതിലും ആയിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തിലെ ഭൂരിഭാഗം സമയവും ചെലവഴിച്ചിരുന്നത്.

കഴിഞ്ഞ വർഷത്തെ ലോക്ക്ഡൗൺ കാലത്ത്, ഞാൻ ഓൺലൈനിൽ ദർസ് നടത്തിയപ്പോൾ എല്ലാ ദിവസവും അദ്ദേഹം അതിൽ പങ്കെടുക്കുമായിരുന്നു. എന്നെ വിളിക്കുമ്പോഴൊക്കെയും അതിന്റെ സന്തോഷം പറയും. അദ്ദേഹത്തെ ആ സമയങ്ങളിൽ കാണാൻ ചെല്ലുന്നവരോടും പറയാറുണ്ട്, ഓൺലൈൻ ദർസ് വലിയ അനുഗ്രഹമായല്ലോ എന്ന്. ഇടക്ക് സൂമിൽ വന്ന് ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും പ്രാർഥന കൊണ്ട് വസ്വിയ്യത് ചെയ്യും. ആധുനിക സാങ്കേതിക സൗകര്യങ്ങളെല്ലാം വിശുദ്ധ ദീനിന്റെ അറിവ് പ്രചരിപ്പിക്കുന്നതിന് വേണ്ടി ഉപയോഗിക്കണം എന്ന അഭിപ്രായക്കാരനായിരുന്നു അദ്ദേഹം. അല്ലാഹുവിന്റെ റസൂലിനോടുള്ള സ്‌നേഹം സദാ ജീവിതത്തിൽ ഉയർത്തിപ്പിടിച്ചു. റസൂൽ (സ)യെ പറ്റി പറയുമ്പോൾ, അദ്ദേഹത്തിന്റെ കണ്ണുകൾ നിറയും. സ്നേഹത്തിന്റെ കണ്ണുനീരൊഴുകും. പഠനകാലത്ത് റസൂൽ (സ)യെ സ്വപ്‌നം കണ്ടത് മുതൽ, ഇശ്ഖ് ഹൃദയത്തെ പിടികൂടി. മദീനയിലെത്താൻ രാത്രി ഉറക്കമില്ലാതെ കരഞ്ഞു പ്രാർഥിച്ചു. ആ വർഷം തന്നെ, ഉപ്പക്കും ഉമ്മക്കും ഒപ്പം മക്കയും മദീനയും സന്ദർശിക്കാൻ അവസരം ഒത്തു. അല്ലാഹുവിന്റെ റസൂലിനോടുള്ള ഇശ്ഖ് ആണ് ഒരു വിശ്വാസിയുടെ ജീവിത വിജയത്തിന്റെ ആധാരം എന്ന് അദ്ദേഹം എല്ലാവരോടും ഉപദേശിക്കാറുണ്ടായിരുന്നു. അത്തരം സദസ്സുകളിൽ പങ്കെടുക്കുമ്പോൾ പരിസരം മറന്ന് അതിൽ അലിയുമായിരുന്നു.

സയ്യിദന്മാരോട് അളവറ്റ ആദരവായിരുന്നു. കുമ്പോൽ സാദാത്തീങ്ങളും താജുൽ ഉലമയും അദ്ദേഹത്തിന്റെ ജീവിതത്തെ വലിയ തോതിൽ സ്വാധീനിച്ചു. കുമ്പോൽ സാദാത്തീങ്ങൾക്ക് വലിയ ഇഷ്ടവുമായിരുന്നു അദ്ദേഹത്തോട്. സയ്യിദൻമാരായ നിരവധി മുതഅല്ലിമീങ്ങളെ അവർ താജുശ്ശരീഅയുടെ ദർസിലേക്ക് അയച്ചു. നൂറുകണക്കിന് സയ്യിദൻമാരെ ശിഷ്യൻമാരായി കിട്ടിയത് വലിയൊരു അനുഗ്രഹമാണ് എന്ന രീതിയിൽ അദ്ദേഹം എല്ലാവരോടും പറയുമായിരുന്നു.
ഗുരുനാഥൻമാരിൽ നിന്ന് ലഭിച്ച അറിവാണ് ഏറ്റവും പ്രധാനം. അവരുടെ പൊരുത്തത്തിലും തണലിലുമായി ജീവിക്കുകയെന്നതാകണം പണ്ഡിതൻമാരുടെ പ്രധാനമായ ഉത്തരവാദിത്വം. അതില്ലാത്തപ്പോഴാണ് ഗുരുത്വക്കേട് സംഭവിക്കുന്നതും വിജ്ഞാനം കുറെ ഉണ്ടായിട്ടും പലരും വഴികേടിലായി പോകുന്നതും എന്നദ്ദേഹം മുതഅല്ലിമുകളോട് എപ്പോഴും പറയും.

ദർസ് തുടങ്ങി അൽപ്പം പിന്നിട്ടപ്പോൾ, ജ്യേഷ്ഠന്റെ വിളി വന്നു സഊദിയിൽ നല്ലൊരു ജോലിയുണ്ട്, 7,000 രൂപ ശമ്പളം കിട്ടും. അന്ന് 75 രൂപ മാസ ശമ്പളത്തിനാണ് അദ്ദേഹം ദർസീ സേവനം ചെയ്യുന്നത്. എന്നാൽ, ആ വലിയ ശമ്പളത്തേക്കാൾ ഉത്തമം മുതഅല്ലിമുകൾക്ക് അറിവ് പകർന്നു നൽകലും കിതാബുകളുമായി വ്യവഹരിക്കലും ആണെന്ന് തീരുമാനിക്കാൻ ഒട്ടും ആലോചിക്കേണ്ടി വന്നില്ല. അതിന്റെ കാരണമായി ദുനിയാവിൽ ഒരു ബുദ്ധിമുട്ടും വന്നില്ല എന്ന് എപ്പോഴും പറയുമായിരുന്നു. ഇൽമ് ശരിയായി പഠിക്കുകയും പകർന്നു നൽകുകയും ചെയ്യൽ അല്ലാഹുവിന്റെ റസൂലിന്റെ ഉത്തമമായ മാതൃകയാണ്. അതിലായി ജീവിക്കാൻ കഴിയുകയെന്നതാണ് ഈ ദുനിയാവിൽ തന്നെ ഏറ്റവും വലിയ ഭാഗ്യം.
മർകസിന്റെ ഓരോ പ്രവർത്തങ്ങളെയും വളരെ ആവേശപൂർവ്വമായിരുന്നു അദ്ദേഹം കണ്ടിരുന്നത്. മാസങ്ങൾക്കു മുമ്പ് , നോളജ് സിറ്റിയിൽ സന്ദർശിക്കുകയും പ്രാർഥന നടത്തുകയും ചെയ്തിരുന്നു.

സ്വന്തം നാട്ടിൽ സുന്നത്ത് ജമാഅത്തിന്റെ ഒരു സ്ഥാപനവും അദ്ദേഹം നിർമിച്ചു- ലത്വീഫിയ്യ. താൻ സ്ഥാപിച്ച, അവസാന കാലത്ത് ദർസ് നടത്തിയ ലത്വീഫിയ്യയുടെ ചാരത്ത് മഹാൻ ഇനി അന്തിയുറങ്ങും. വലിയൊരു തണൽവൃക്ഷമായിരുന്നു താജുശ്ശരീഅ. അല്ലാഹു ദറജ ഉയർത്തട്ടെ. ആമീൻ.



source http://www.sirajlive.com/2021/04/04/474094.html

Post a Comment

Previous Post Next Post