കണ്ണൂര്‍ | സംസ്ഥാനത്തിന്റെ അതിജീവന ശ്രമങ്ങൾക്ക് തുരങ്കംവെച്ചവരാണ് പ്രതിപക്ഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിനുവേണ്ടി ഒരു നല്ല വാക്ക് പോലും യുഡിഎഫും ബിജെപിയും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വെല്ലുവിളികൾ നിറഞ്ഞതായിരുന്നു കഴിഞ്ഞ അഞ്ചുവർഷം. ദുരന്തങ്ങള്‍, ആരോഗ്യരംഗത്തെ പ്രതിസന്ധികൾ, നോട്ട്നിരോധനം-തുടങ്ങി എല്ലാത്തിനെയും നേരിട്ടും അതിജീവിച്ചുമാണ് കേരളം മുന്നോട്ടുപോയത്. പരിമിതമായ അധികാരപരിധിക്കുള്ളില്‍ നിന്ന് ബദല്‍നയം പ്രായോഗികമാണെന്ന് എല്‍ഡിഎഫ് തെളിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
ബിജെപിയും യുഡിഎഫും ഉയര്‍ത്തുന്ന നശീകരണ രാഷ്ട്രീയത്തിന് ജനങ്ങള്‍ മറുപടി നല്‍കും. മാധ്യമങ്ങളെ അവർ വിലക്കെടുത്തിരിക്കുയാണ്. കേരളത്തിന്റെ മണ്ണില്‍ നിന്ന് ഇടതുപക്ഷത്തെ തുടച്ചുനീക്കണം എന്ന് പ്രതിജ്ഞയെടുത്താണ് പ്രതിപക്ഷം പ്രവർത്തിക്കുന്നത്. എന്നാൽ വര്‍ഗീയതയെ ചെറുക്കുന്നതിനും മതനിരപേക്ഷത സംരക്ഷിക്കുന്നതിനും എല്‍ഡിഎഫ് ശക്തിയാര്‍ജിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ജനങ്ങള്‍ നിരാകരിച്ച രാഷ്ട്രീയമാണ് യുഡിഎഫിന്റേത്. എല്‍ഡിഎഫിന്റേത് ജനങ്ങള്‍ നെഞ്ചോടുചേര്‍ത്ത രാഷ്ട്രീയവും. ബിജെപിയോടും ജമാഅത്തെ ഇസ്ലാമിയോടും തരാതരം കൂട്ടുചേര്‍ന്ന് ഇടതുപക്ഷത്തെ തകര്‍ത്തുകളയാം എന്ന വ്യാമോഹമാണ് യുഡിഎഫിനുള്ളത്. ഇത് തിരിച്ചറിഞ്ഞുകൊണ്ടുള്ള കടുത്ത തിരിച്ചടിയാണ് കേരളം നല്‍കാന്‍ പോകുന്നത്.
നാടിനെ അതിന്റെ എല്ലാ ഔന്നത്യത്തോടെയും നന്മയോടെയും സംരക്ഷിക്കാനുള്ള, മതനിരപേക്ഷ അടിത്തറയ്ക്ക് കാവലാളായി ഓരോരുത്തരും സ്വയം മാറണമെന്നാണ് കേരളീയരോടുള്ള അഭ്യര്‍ത്ഥന. നാടിന്റെ നന്മയ്ക്കും പുരോഗതിക്കും എല്‍ഡിഎഫിന്റെ ജയം ഉറപ്പാക്കണമെന്ന് വോട്ടര്‍മാരോട് അഭ്യര്‍ത്ഥിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
source http://www.sirajlive.com/2021/04/04/474101.html
Post a Comment