സമഭാവനയുടെയും സമചിത്തതയുടെയും സാമൂഹികനീതിയുടെയും സമത്വത്തിന്റെയും മഹിതമായ ദർശനങ്ങളാണ് ഇസ്‌ലാമിന്റെത്. ജാതീയതയുടെയും വർഗീയതയുടെയും വംശീയതയുടെയും പേരിലുള്ള പോരാട്ടങ്ങൾക്കോ പകപോക്കലുകൾക്കോ ഇടമില്ലാത്ത വിധം ലളിതവും സുന്ദരവുംസുതാര്യവുമാണത്. മാനവിക ഐക്യത്തിനും മാനുഷിക മൂല്യങ്ങളുടെ ശാക്തീകരണത്തിനും സാമൂഹിക പുരോഗതിക്കും സഹായകമാകുന്ന വിധത്തിലാണ് ഇസ്‌ലാമിലെ മുഴുവന്‍ നിയമസംഹിതകളും. തീവ്രമോ നിഷ്ക്രിയമോ അല്ലാത്ത ഒരു മധ്യമ സ്വഭാവമുള്ള സമൂഹത്തെയാണ് ഇസ്്ലാം വിഭാവനം ചെയ്യുന്നത്. അല്ലാഹു പറയുന്നു: “അപ്രകാരം, ജനങ്ങൾക്ക് സാക്ഷികളാകുന്നതിന് വേണ്ടിയും പ്രവാചകർ (സ) നിങ്ങൾക്ക് സാക്ഷിയാകുന്നതിന് വേണ്ടിയും നാം നിങ്ങളെ ഒരു മധ്യമ സമൂഹമാക്കിയിരിക്കുന്നു’ (അൽബഖറ: 143).
തിരുനബി(സ)യുടെ ആഗമന കാലത്ത് അറേബ്യയുടെയും പരിസ്യങ്ങളുടെയും അവസ്ഥ വളരെ ദയനീയമായിരുന്നു. പൗരാവകാശങ്ങളോ രാഷ്ട്രീയാനുകൂല്യങ്ങളോ അഭിപ്രായ സ്വാതന്ത്ര്യമോ അനുഭവിക്കാനാകാത്ത ഹതഭാഗ്യരായിരുന്നു അവർ. നബി(സ) തന്റെ മാതൃകാ ജീവിതത്തിലൂടെ ജനങ്ങള്‍ക്കിടയിലെ അസമത്വവും ജാതി വിവേചനവും അവസാനിപ്പിച്ചു. സാമൂഹിക തിന്മകളിൽ നിന്നും അതിക്രമങ്ങളില്‍ നിന്നും മോചനമാഗ്രഹിച്ച മഹാ ഭൂരിപക്ഷം ജനങ്ങൾക്കും ഇസ്‌ലാം പുൽകാൻ അത് ഹേതുവായി. അക്രമങ്ങളില്‍ നിന്നും അടിച്ചമര്‍ത്തലുകളില്‍ നിന്നും ചൂഷണങ്ങളില്‍ നിന്നും അവരെ സ്വതന്ത്രരാക്കിയതോടൊപ്പം പ്രായോഗിക സമത്വം അവർക്കിടയിൽ നടപ്പാക്കുകയും ചെയ്തു.
അതുല്യമായ ഈ സാമൂഹിക പരിവർത്തനത്തിന് നാന്ദി കുറിക്കാൻ തിരുനബി(സ)ക്ക് സാധിച്ചത് അവിടുത്തെ മികച്ച സ്വഭാവ ഗുണമായിരുന്നു. പ്രവാചകരുടെ സ്വഭാവത്തെ അല്ലാഹു വ്യക്തമാക്കുന്നു: “അങ്ങ് പരുഷസ്വഭാവമുള്ളയാളും കഠിനഹൃദയനുമായിരുന്നെങ്കിൽ അവർ താങ്കളുടെ സമീപത്തുനിന്നു പിരിഞ്ഞുപോകുമായിരുന്നു. അതുകൊണ്ട് അവർക്ക് മാപ്പ് നൽകുകയും പാപമോചനം തേടുകയും കാര്യങ്ങൾ അവരുമായി കൂടിയാലോചിക്കുകയും ചെയ്യുക’ (ആലുഇംറാൻ: 159)
ജീവിതവിജയത്തിന് സമഗ്രമേഖലകളിലും കൂടിയാലോചന അനിവാര്യമാണെന്ന് അവിടുന്ന് പഠിപ്പിച്ചു. പണ്ഡിതരും നേതാക്കളും ജനങ്ങളുമായി ഇടപഴകുമ്പോൾ അക്കാര്യം ശ്രദ്ധിക്കണമെന്ന് ഓർമപ്പെടുത്തി. മനുഷ്യന്റെ നിലനില്‍പ്പ് തന്നെ ശൂറയുടെ അടിസ്ഥാനത്തിലാണെന്ന് ഖുർആൻ സാക്ഷ്യപ്പെടുത്തുന്നു. “തങ്ങളുടെ രക്ഷിതാവിന്റെ ആഹ്വാനം സ്വീകരിക്കുകയും നിസ്കാരം മുറപോലെ നിര്‍വഹിക്കുകയും തങ്ങളുടെ കാര്യം തീരുമാനിക്കുന്നത് അന്യോന്യമുള്ള കൂടിയാലോചനയിലൂടെ ആയിരിക്കുകയും, നാം നല്‍കിയിട്ടുള്ളതില്‍ നിന്ന് ചെലവഴിക്കുകയും ചെയ്തവരാരോ, അവര്‍ക്കും.’ (കൂടുതല്‍ ഉത്തമവും കൂടുതല്‍ നീണ്ടുനില്‍ക്കുന്നതുമായ വിഭവം അല്ലാഹുവിന്റെ പക്കലുണ്ട്) (ശൂറ: 38)
മറ്റൊരാളുടെ അഭിപ്രായം തേടി തീരുമാനമെടുക്കേണ്ടവനല്ലാത്ത നിരാശ്രയനായ പ്രപഞ്ച സ്രഷ്ടാവ് മനുഷ്യ സൃഷ്ടിപ്പിന്റെ പ്രാരംഭ ഘട്ടത്തിൽ മലക്കുകളുമായി ശൂറ നടത്തിയത് കൂടിയാലോചനയുടെ പ്രാധാന്യവും രീതിശാസ്ത്രവും ബോധ്യപ്പെടുത്തുന്നതിനാണ്. ഖുര്‍ആനിലെ ഒരധ്യായത്തിന്റെ നാമം തന്നെ “ശൂറാ’ അഥവാ കൂടിയാലോചന എന്നാണ്.
കൂടിയാലോചന നടത്തുന്നവർക്ക് വിവേകപൂർവം തീരുമാനമെടുക്കാനാകുമെന്ന് ഹദീസിലുണ്ട്. പ്രവാചകന്മാർ മുശാവറ നടത്തിയ നിരവധി ഉദാഹരണങ്ങൾ വിശുദ്ധ ഖുർആനിലുണ്ട്. ദിവ്യബോധനമനുസരിച്ച് പ്രവർത്തിക്കുന്ന നബി(സ) സഹാബികളുമായി നിരവധി വിഷയങ്ങളില്‍ ചര്‍ച്ചകളും ആലോചനകളും നടത്തുകയും അവരുടെ അഭിപ്രായങ്ങൾ സ്വീകരിക്കുകയും ചെയ്തിരുന്നു. അനുയായികളുമായി കൂടിയാലോചിച്ചായിരുന്നു നയപരമായ പല വിഷയങ്ങളിലും തീരുമാനങ്ങളെടുത്തത്. ബദ്്ര്‍, ഉഹ്്ദ്, ഖൻദഖ് തുടങ്ങിയ യുദ്ധങ്ങള്‍ക്കൊരുങ്ങിയ വേളകളില്‍, യുദ്ധസ്ഥലം നിശ്ചയിക്കുന്ന കാര്യങ്ങളില്‍, യുദ്ധത്തടവുകാരുടെ കാര്യത്തിൽ… ഇങ്ങനെ അനുചരരുടെ അഭിപ്രായങ്ങള്‍ക്ക് ചെവികൊടുക്കുകയും അവ നടപ്പിലാക്കുകയും ചെയ്ത ധാരാളം സംഭവങ്ങളുണ്ട്. ബദ്റിൽ ഭൂമി ശാസ്ത്രമനുസരിച്ചുള്ള സ്ഥാനനിർണയത്തിന് നബി(സ)ക്ക് വിവരം നൽകിയ ഹുബാബ്നു മുൻദിർ(റ)വിനെ നബി(സ) “നല്ല അഭിപ്രായം’ എന്ന് പറഞ്ഞ് പ്രശംസിച്ചു. മദീനക്ക് ചുറ്റും കിടങ്ങു കുഴിച്ച് പ്രതിരോധമൊരുക്കുകയെന്ന സല്‍മാനുല്‍ഫാരിസി(റ)യുടെ അഭിപ്രായം പ്രാവർത്തികമാക്കി.
സച്ചരിതരായ ഖലീഫമാരും കൂടിയാലോചനയില്‍ പ്രവാചക മാതൃക പിന്തുടര്‍ന്നു. ഏകാധിപത്യ പ്രവണതകള്‍ക്ക് പകരമായി ഭക്തിയും സ്‌നേഹവുമുള്ളവരുടെ അഭിപ്രായം തേടി. ഒന്നാം ഖലീഫയായി സിദ്ധീഖ്(റ)വിനെ തിരഞ്ഞെടുത്തത് തന്നെ സ്വഹാബികള്‍ക്കിടയില്‍ നടന്ന ശൂറയുടെ അടിസ്ഥാനത്തിലായിരുന്നു.
ഉമറിന്റെ(റ) കാലത്ത് വിവിധ ഭരണ പരിഷ്‌കരണങ്ങള്‍ നടന്നതും ഹിജ്‌റ കലണ്ടര്‍ തയ്യാറാക്കിയതും ബൈത്തുല്‍ മുഖദ്ദസിന്റെ മോചനം സാധ്യമാക്കിയതും വിവിധ സാമ്രാജ്യങ്ങളെ കീഴടക്കിയതും വ്യവസ്ഥാപിതമായ ശൂറയുടെ അടിസ്ഥാനത്തിലായിരുന്നു. അബ്ദുല്ലാഹിബ്‌നു അബ്ബാസി(റ)ന്റെ നേതൃത്വത്തില്‍ ശക്തമായ ഒരു കൂടിയാലോചനാ സമിതി തന്നെ ഉമർ(റ)വിന്റെ കാലത്ത് പ്രവര്‍ത്തിച്ചിരുന്നു.
ഖുർആൻ പാരായണങ്ങൾ ഏകോപിപ്പിച്ചതിൽ ഉസ്മാൻ (റ)വും നയതന്ത്ര രൂപവത്കരണത്തിൽ അലി(റ)വും കൂടിയാലോചനയുടെ ഉജ്ജ്വമായ മാതൃകകൾ വരച്ചുകാട്ടി. പിന്നീട് വന്ന മുസ്്ലിം ഭരണാധികാരികളും പണ്ഡിതരും കൈക്കൊണ്ട ശൂറയുടെ നിര്‍വഹണ രീതികൾ ചരിത്രത്തില്‍ അനേകമുണ്ട്.
സുപ്രധാന കാര്യങ്ങളില്‍ അണികളുമായും സഹപ്രവര്‍ത്തകരുമായും കൂടിയാലോചന നടത്തുകയെന്നത് മികച്ച ഭരണാധികാരികളുടെയും സംഘാടകരുടെയും ലക്ഷണമാണ്. ഭരണീയരോട് ഗുണകാംക്ഷയോടെയും കാരുണ്യത്തോടെയുമാണ് അവർ വർത്തിക്കേണ്ടത്. ഭരണീയരുടെ അവകാശം ഹനിക്കപ്പെടുന്ന കൃത്യവിലോപം നടത്തുന്നത് കടുത്ത വിചാരണക്കിടയാക്കും.
നബി(സ) പറയുന്നു: “ഏതൊരു ഭരണാധികാരിയോടും തന്റെ ഭരണീയരെക്കുറിച്ച് അല്ലാഹു വിചാരണ നടത്തും. അതവന്‍ കൃത്യമായി ശ്രദ്ധിച്ചുവോ അതോ അവഗണിച്ചുവോ എന്ന്. എത്രത്തോളമെന്നാല്‍, തന്റെ കുടുംബത്തെക്കുറിച്ചും ചോദിക്കപ്പെടും’ (നസാഈ).
കൂടിയാലോചനയെ പ്രോത്സാഹിപ്പിക്കുന്ന ഇസ്്ലാം ഗൂഢാലോചനയെ നിശിതമായി വിമര്‍ശിക്കുന്നുണ്ട്. കുഴപ്പങ്ങളും വിള്ളലുകളും സൃഷ്ടിക്കലാണ് ഗൂഢാലോചനക്കാരുടെ ലക്ഷ്യം. സ്വാർഥതയും അഹംഭാവവും സ്വജനപക്ഷപാതവും വർധിച്ചുവരുന്ന പുതിയ കാലത്ത് കൂടിയാലോചനയുടെ മഹത്വവും രീതിശാസ്ത്രവും തിരിച്ചറിയാനും അതിന്റെ പവിത്രത കാത്തുസൂക്ഷിക്കാനും നമുക്കാകണം. അത് കെട്ടുറപ്പുള്ള കുടുംബത്തെയും സമൂഹത്തെയും രാജ്യത്തെയും രൂപപ്പെടുത്തുകയും കരുണാവാരിധിയുടെ കാരുണ്യത്തിന് കളമൊരുക്കുകയും ചെയ്യും.
source http://www.sirajlive.com/2021/04/04/474127.html
Post a Comment