റമസാൻ അവധിക്കാലത്ത് മുതഅല്ലിംകൾ “ഉറുദി’ പറയാൻ വടക്കേ മലബാറിലേക്ക് പോകുന്നതറിയാമായിരുന്നു.
നിസ്‌കാരാനന്തരം പള്ളികളിൽ ഉറുദി പറയാൻ പോകും. ജനങ്ങളെല്ലാം ശ്രദ്ധിച്ച് കേട്ടിരിക്കും. അവരുടെ സ്‌നേഹ പെരുമാറ്റങ്ങൾ മതിവരുവോളം ആസ്വദിക്കാനായിട്ടുണ്ട് ഈയുള്ളവന്. രാത്രിയിലെ ഉറുദി ലക്ഷ്യമാക്കി ഇഫ്താറിന് മുമ്പ് തന്നെ ഏതെങ്കിലും നിസ്‌കാരപ്പള്ളിയിലെത്തും. നോമ്പ് തുറക്കാൻ ഓരോരുത്തരും വീട്ടിലേക്ക് സ്വീകരിച്ച് കൊണ്ടുപോകാൻ മത്സരിക്കുന്നതായി കാണാം. തീൻമേശയിലുള്ളതിൽനിന്നും ഏറ്റവും മികച്ചത് അവർ തയ്യാറാക്കി വെച്ചിരിക്കും. ഞങ്ങളുടെ നാടുകളിലില്ലാത്ത പത്തൽ, കുഞ്ഞിപത്തൽ, വിവിധതരം മീൻകറികൾ തുടങ്ങിയ സുഭിക്ഷമായ ആഹാരങ്ങൾ തീൻമേശയിൽ നിറയും. സത്കാരം കൊണ്ട് വീർപ്പുമുട്ടുകയെന്നത് അക്ഷരാർഥത്തിൽ അന്നാണ് അനുഭവിച്ചത്. അതിലേറെ മികച്ചത് നിഷ്‌കളങ്കരായ വിശ്വാസികളുടെ ഹൃദ്യമായ പെരുമാറ്റവും സ്വീകരണവും കരളലിയിപ്പിക്കുന്നതാണ്. ആതിഥ്യമര്യാദയുടെ സർവകാര്യങ്ങളിലും നൂറുമേനിയായിരുന്നു. മനസ്സിൽ നിന്നും മായാത്ത നോമ്പോർമയായി ഇന്നും അവശേഷിക്കുന്നതാണിത്.
1979ൽ ഫൈസി ബിരുദമെടുത്ത് വിവിധ മഹല്ലുകളിലെ സേവനത്തിന് ശേഷം 1997ലാണ് പൊന്മള മഹല്ലിൽ മുദര്‍രിസും ഖത്വീബുമായി എത്തുന്നത്. ഇവിടുത്തെ സേവനത്തിനിടെയുള്ള റമസാനും മറക്കാനാകാത്തതാണ്. റമസാനിലെ രാപ്പകലുകളുടെ മഹത്വങ്ങൾ ഉൾക്കൊണ്ട് സാധാരണക്കാർ മുഴുവനും ജമാഅത്തുകൾക്കും തറാവീഹിനും സജീവ സാന്നിധ്യമാണ്. എങ്കിലും തറാവീഹ് കഴിഞ്ഞ് നാട്ടുകാരെല്ലാം വീടണയും. ആയിരം മാസങ്ങളേക്കാൾ പുണ്യമുള്ള രാവായ ലൈലതുൽ ഖദ്ർ രാത്രിയിലും മറ്റ് ഒറ്റയിട്ട രാവുകളിലും തറാവീഹ് കഴിഞ്ഞാൽ ലൈറ്റണച്ച് പള്ളി ശൂന്യമാകുമായിരുന്നു. ഈ പുണ്യസമയത്തിൽ ജനങ്ങളെ കൂടി പങ്കാളികളാക്കാൻ ഉറക്കമൊഴിവാക്കി ആരാധന ധന്യമാക്കുന്നതിന്റെ മഹത്വങ്ങൾ പറഞ്ഞുകൊടുത്തു. അതുവരെ പരിചിതമില്ലാത്ത ഇഅ്തികാഫ്, ഖിയാമുല്ലൈൽ മുതലായ കാര്യങ്ങൾക്ക് ജനങ്ങളുടെ പ്രതികരണം എങ്ങനെയാകുമെന്ന ആശങ്കയുണ്ടായിരുന്നു. എന്നാൽ പുണ്യത്തിൽ പങ്കാളികളാകാൻ ഓരോ രാവുകളിലും ആവേശപൂർവം ആബാലവൃന്ദം ജനങ്ങളെത്തി.
ഇഅ്തികാഫും ഖിയാമുല്ലൈലുമായി ഈ ദിവസങ്ങളിൽ കൃത്യമായ ടൈംടേബിൾ തയ്യാറാക്കി. പുലരുവോളം കൂട്ടമായി ആരാധനാധന്യരായി. നാട്ടുകാർക്ക് ജീവിതത്തിലെ നവ്യാനുഭവം തീർത്ത സന്തോഷം വിവരണാതീതമായിരുന്നു. പിന്നീട് സേവനം ചെയ്ത കൊച്ചിയിലെ മഹ്‌ളറ പള്ളിയിലും ഇതേ മാതൃകയിൽ നടപ്പാക്കി.
27-ാം രാവിൽ മാത്രമായിരുന്നു ഇതിന് മുമ്പ് അവിടെ ഖിയാമുല്ലൈൽ ഉണ്ടായിരുന്നത്. അവിടങ്ങളിൽ ഇന്നും അവസാന പത്തിലെ ഒറ്റയിട്ട രാവുകളെ സജീവമാക്കുന്ന രീതി തുടരുന്നു. മാതൃക കാണിച്ച് കൊടുത്താൽ തെളിക്കുന്ന വഴിയേ എല്ലാവരും വരുമെന്നത് ജീവിതസാക്ഷ്യമായി മനസ്സിലാക്കുന്നു.
ലൈലത്തുൽ ഖദ്ർ നേടിയെടുക്കാൻ അവസാനത്തെ ഒറ്റയിട്ട രാവുകൾ ഹയാത്താക്കുകയും റമസാൻ ആദ്യം മുതൽ എല്ലാ നിസ്‌കാരവും ജമാഅത്തായി മാത്രം നിസ്‌കരിക്കുകയും തറാവീഹ് 20 റക്അത്ത് പൂർണമായി ജമാഅത്തായി തന്നെ നിസ്‌കരിക്കുകയും ചെയ്താല്‍ ലൈലത്തുൽ ഖദ്റിന്റെ പുണ്യമെത്തിച്ചതായി നമുക്ക് ഉറപ്പിക്കാം. നല്ല മാറ്റത്തിന് അല്ലാഹു തുണക്കട്ടെ-ആമീൻ.
തയ്യാറാക്കിയത്:
സമദ് കുനിയിൽ
source http://www.sirajlive.com/2021/04/26/476900.html
إرسال تعليق