
കൃത്യമായി കണക്ക് നോക്കി തയ്യാറാക്കിയ നിസ്‌കാര സമയം ആസ്പദമാക്കിയോ അത് അവലംബിച്ച് കൃത്യ സമയത്ത് നടക്കുന്ന വാങ്ക് വിളി കേട്ടോ നോമ്പ് തുറക്കാം. ഓരോ ദിവസത്തെയും സൂര്യാസ്തമയ സമയത്തെ കുറിച്ച് കൃത്യമായ ബോധ്യം അനിവാര്യമാണ്.
സൂര്യനസ്തമിച്ചെന്നറിയിക്കുന്ന വിധത്തിലുള്ള തെളിവുകൾ പ്രകടമാവുകയും അസ്തമിച്ചിരിക്കുമെന്ന് ഭാവനയിലെത്തുകയും ചെയ്താൽ നോമ്പ് തുറക്കാമെങ്കിലും ഇത്തരം സന്ദർഭത്തിൽ നോമ്പ് തുറ വേഗത്തിലാക്കൽ സുന്നത്തില്ലെന്നാണ് പല പണ്ഡിതരും പറയുന്നത്.
നോന്പുകാരൻ അത്താഴ സമയത്ത് സുബ്ഹിയുടെ സമയം ആയോ ആയിട്ടില്ലേ എന്ന സംശയത്തോടെ ഭക്ഷണം കഴിക്കൽ കറാഹത്തും മഗ്‌രിബിന്റെ സമയം ആയോ ഇല്ലേ എന്ന സംശയത്തോടെ നോന്പ് തുറക്കൽ ഹറാമുമാണ്.
അസ്തമയം ഉറപ്പായാൽ പിന്നെ നോമ്പ് തുറയെ താമസിപ്പിച്ച് കൂടാ. മഗ്‌രിബ് നിസ്‌കാരത്തിനേക്കാൾ പരിഗണന നോമ്പ് തുറക്ക് നൽകണം. ഇക്കാരണം കൊണ്ട് ജമാഅത്തായുള്ള നിസ്‌കാരമോ ഇമാമിനോടൊന്നിച്ച് നിസ്‌കാരം തുടങ്ങലോ നഷ്ടപ്പെടുകയും അരുത്. അങ്ങനെ വരുമ്പോൾ നോമ്പ് തുറ ശേഷമാക്കാവുന്നതാണ്.
അബൂ അത്വിയ (റ) നിവേദനം ചെയ്യുന്ന ഹദീസ് മുസ്‌ലിം റിപ്പോർട്ട് ചെയ്യുന്നു. അബൂ അത്വിയയും മർസൂഖും(റ) ആഇശാ ബീവിയുടെ അരികിൽ ചെന്നു. മർസൂഖ് (റ) ബീവിയോട് നബിയുടെ സ്വഹാബാക്കളിൽപ്പെട്ട രണ്ട് പേരെക്കുറിച്ച് ചോദിച്ചു. രണ്ട് പേരും നന്മയിലൊട്ടും വീഴ്ച വരുത്താത്തവരാണ്. ഒരാൾ മഗ്‌രിബ് നിസ്‌കാരവും നോന്പ് തുറയും മുന്തിക്കുകയും രണ്ടാമത്തെയാൾ അത് രണ്ടിനെയും പിന്തിപ്പിക്കുകയും ചെയ്യുന്നു.? ബീവി ചോദിച്ചു ആരാണ് മഗ്‌രിബിനെയും ഇഫ്താറിനെയും മുന്തിക്കുന്നത്? അബ്ദുല്ലാഹിബ്‌നു മസ്ഊദാണെന്ന് മർസൂഖ് (റ) മറുപടി പറഞ്ഞു. അപ്പോൾ ആഇശാ ബീവി നബി (സ)അങ്ങനെയായിരുന്നു ചെയ്തിരുന്നതെന്ന് അവരോട് പറയുകയും ചെയ്തു.
നോമ്പ് തുറക്കാൻ ഏറ്റവും നല്ലത് ഈത്തപ്പഴമാണ്. ഈത്തപ്പഴത്തിൽ അജ്‌വക്ക് മുൻഗണനയുണ്ട്. അതില്ലെങ്കിൽ ഉണക്ക ഈത്തപ്പഴം. അതും കിട്ടാതിരിക്കുമ്പോൾ വെള്ളമുപയോഗിച്ച് നോമ്പ് തുറക്കണം. ഈത്തപ്പഴം മുന്നെണ്ണം വീതം ഉപയോഗിക്കലാണുത്തമം. വെള്ളം മൂന്ന് മുറുക്കുകളായും കുടിക്കണം. വായിലേക്കൊഴിച്ച വെള്ളം തുപ്പിക്കളയരുത്. പൊതുവെ അമിത ഭക്ഷണം നല്ലതല്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. നോന്പ് തുറ സമയത്ത് പ്രത്യേകിച്ചും അമിതാഹാരം നല്ലതല്ല. മടി, ആലസ്യം, ഉറക്കം എന്നിവക്കിത് ആക്കം കൂട്ടും. തുടർന്നുള്ള ആരാധകളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.
source http://www.sirajlive.com/2021/04/17/475705.html
Post a Comment