സഹായഹസ്തവുമായി യുഎസ്; ഇന്ത്യ സഹായിച്ചതു പോലെ തിരിച്ചും സഹായിക്കുമെന്ന് ജോ ബൈഡന്‍

വാഷിംഗ്ടണ്‍ | കൊവിഡ് പ്രതിസന്ധിയില്‍ വിറങ്ങലിച്ച ഇന്ത്യക്ക് സഹായഹസ്തവുമായി യുഎസ്. മഹാമാരിയുടെ ആദ്യ നാളുകളില്‍ അമേരിക്കയെ ഇന്ത്യ സഹായിച്ചതു പോലെ ഇന്ത്യയെ തിരിച്ചും സഹായിക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. അടിയന്തര മെഡിക്കല്‍ ഉപകരണങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യക്ക് ആവശ്യമായ എല്ലാ മെഡിക്കല്‍ സഹായങ്ങളും നല്‍കുമെന്ന് വൈസ് പ്രസിഡന്റ് കമലാ ഹാരിസും വ്യക്തമാക്കി.

പ്രതിസന്ധി ഘട്ടത്തില്‍ ഇന്ത്യക്ക് ഒപ്പം നിന്ന് പ്രവര്‍ത്തിക്കുമെന്നും ഇന്ത്യയിലെ ജനങ്ങള്‍ക്കും ധൈര്യവാന്മാരായ ആരോഗ്യപ്രവര്‍ത്തകര്‍ക്കും വേണ്ടി പ്രാര്‍ഥിക്കുന്നുവെന്നും കമലാ ഹാരിസ് ട്വീറ്റ് ചെയ്തു. ഇന്ത്യയില്‍ കൊവിഡ് പ്രസിന്ധി അതിരൂക്ഷമായതിന് ശേഷം ആദ്യമായാണ് യുഎസ് പ്രതികരണം നടത്തുന്നത്. പ്രതികരണം വൈകിയതിന് പ്രസിഡന്റിനും വൈസ്പ്രസിഡന്റിനും എതിരെ വിമര്‍ശനം ഉയരുകയും ചെയ്തിരുന്നു.

ഈ വിഷയത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വിദേശ സെക്രട്ടറി ഹര്‍ഷവര്‍ധന്‍ ശ്രിംഗ്ലയുമായും യുഎസിലെ ഇന്ത്യയുടെ അംബാസഡര്‍ തരണ്‍ജിത് സിംഗ് സന്ധുവുമായും ബന്ധപ്പെട്ടിരുന്നുവെന്ന് ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി വെന്‍ഡി ഷെര്‍മാന്‍ പറഞ്ഞു.

ഈ വിഷമഘട്ടങ്ങളില്‍ അമേരിക്കന്‍ ജനത ഇന്ത്യയിലെ നമ്മുടെ സുഹൃത്തുക്കളോട് ഐക്യദാര്‍ഢ്യത്തോടെ നിലകൊള്ളുന്നുവെന്നും കൂടുതല്‍ തെറാപ്യൂട്ടിക്‌സ്, വെന്റിലേറ്ററുകള്‍, പിപിഇ, വാക്‌സിന്‍ നിര്‍മാണത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍, എന്നിവ ഉടന്‍ എത്തിക്കുമെന്നും ഷെര്‍മാന്‍ പറഞ്ഞു.

യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവന്‍ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി സംസാരിച്ചിരുന്നു. ഇന്ത്യയിലേക്ക് അടിയന്തിരമായി മെഡിക്കല്‍ സാധനങ്ങളും ഉപകരണങ്ങളും അയയ്ക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.



source http://www.sirajlive.com/2021/04/26/476888.html

Post a Comment

أحدث أقدم