കൊട്ടിക്കലാശമില്ല; പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

തിരുവനന്തപുരം | നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. കൊട്ടിക്കലാശം ഒഴിവാക്കി കർശന നിയന്ത്രണം പ്രഖ്യാപിച്ച സാഹചര്യത്തിൽ അവസാന ദിവസം ഗംഭീരമാക്കാനുള്ള പ്രചാരണ പരിപാടികളുമായി മുന്നണികൾ രംഗത്തുണ്ട്. കൊവിഡ് മാനദണ്ഡം കർശനമായി പാലിക്കണമെന്നും നിയന്ത്രണങ്ങൾ ലംഘിച്ചാൽ നടപടിയെടുക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഇന്ന് വൈകീട്ട് ഏഴ് വരെ പ്രചാരണം നീളും. ഇതോടെ ഒരുമാസം നീണ്ടുനിന്ന പരസ്യ പ്രചാരണങ്ങൾക്ക് തിരശ്ശീല വീഴും. തുടർന്നുള്ള മണിക്കൂറുകളിൽ നിശ്ശബ്ദ പ്രചാരണത്തിന്റെ തിരക്കിലായിരിക്കും മുന്നണികൾ.

പോളിംഗിന് 72 മണിക്കൂറിന് മുമ്പ് തന്നെ ബൈക്ക് റാലികൾക്ക് പൂർണമായും നിരോധം ഏർപ്പെടുത്തിയിട്ടുണ്ട്. വോട്ടർമാരെ സ്വാധീനിക്കുന്ന തരത്തിലുള്ള സൗജന്യ ഭക്ഷ്യ വിതരണം, സൗജന്യ പാർട്ടികൾ, ഏതെങ്കിലും തരത്തിലുള്ള പാരിതോഷികങ്ങളുടെ വിതരണം തുടങ്ങിയവ അനുവദിക്കില്ല.

സ്ഥാനാർഥിക്കൊപ്പം പര്യടനം നടത്തുന്ന വാഹനങ്ങളിൽ നിയമവിരുദ്ധ പ്രവർത്തനങ്ങളോ ആയുധങ്ങളോ ഇല്ലെന്ന് ഉദ്യോഗസ്ഥർ ഉറപ്പുവരുത്തും. ഇതിനായി പ്രത്യേക സ്‌ക്വാഡുകളുടെ നിരീക്ഷണം ഏർപ്പെടുത്തും. ചെക്ക്‌പോസ്റ്റുകളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഗസ്റ്റ് ഹൗസുകളിൽ ഉൾപ്പെടെ ആളുകൾ അനധികൃതമായി കൂട്ടം കൂടുന്നുണ്ടോയെന്ന് പ്രത്യേക സംഘം നിരീക്ഷിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.



source http://www.sirajlive.com/2021/04/04/474099.html

Post a Comment

أحدث أقدم