സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് കുറ്റപത്രം വൈകുന്നു

തിരുവനന്തപുരം | സംസ്ഥാന സർക്കാറിനും മുഖ്യമന്ത്രിയുടെ ഓഫീസിനുമെതിരെ രാഷ്ട്രീയമായി ഉപയോഗിക്കപ്പെട്ട തിരുവനന്തപുരം വിമാനത്താവളത്തിലൂടെ നയതന്ത്ര ചാനൽ വഴി നടത്തിയ സ്വർണക്കടത്ത്, ഡോളർകടത്ത് കേസുകളിൽ അന്വേഷണം നിരവധി മാസങ്ങൾ പിന്നിട്ടിട്ടും അന്വേഷണ സംഘത്തിന് കുറ്റപത്രം സമർപ്പിക്കാനായില്ല.

അടുത്ത മാസം കുറ്റപത്രം സമർപ്പിക്കാനാകുെമന്ന് കസ്റ്റംസ് നേരത്തേ വ്യക്തമാക്കിയിരുന്നുവെങ്കിലും നിലവിലെ സാഹചര്യത്തിൽ കസ്റ്റംസ് കുറ്റപത്രം സമർപ്പിക്കുന്നത് ഇനിയും വൈകുമെന്നാണറിയുന്നത്. അന്വേഷണം നീളുന്നതും ചോദ്യം ചെയ്യലുകൾ തടസ്സപ്പെട്ടതും തിരിച്ചടിയായെന്നാണ് അന്വേഷണ സംഘം ഇതുസംബന്ധിച്ച് നൽകുന്ന വിശദീകരണം.

നിലവിൽ കേസിലെ മുഖ്യ പ്രതികളായ സ്വപ്‌ന സുരേഷ്, പി എസ് സരിത്ത്, സന്ദീപ് നായർ എന്നിവരുടെ മൊഴി മാത്രമാണ് അന്വേഷണ സംഘത്തിന്റെ കൈവശമുള്ളത്.

സംഭവവുമായി ബന്ധമുണ്ടെന്ന് കസ്റ്റംസ് കരുതുന്ന യു എ ഇ കോൺസുൽ ജനറൽ, കോൺസുലേറ്റിലെ ഫിനാൻസ് മേധാവി ഈജിപ്ഷ്യൻ പൗരൻ ഖാലിദ്, കോൺസുലേറ്റ് അറ്റാഷെ എന്നിവരുടെ മൊഴിയെടുക്കാൻ അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി വിദേശകാര്യ മന്ത്രാലയത്തിന് കത്ത് നൽകി ആറ് മാസം പിന്നിട്ടിട്ടും വിദേശകാര്യ മന്ത്രാലയം തുടർ നടപടികൾ സ്വീകരിച്ചിട്ടില്ല.

ഇതോടൊപ്പം കേസിലെ പ്രധാന പ്രതിയായി ചേർക്കപ്പെട്ട ഫൈസൽ ഫരീദ് ദുബൈ പോലീസിന്റെ പിടിയിലായി ഒരു വർഷം കഴിഞ്ഞിട്ടും നാട്ടിലെത്തിക്കാൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും അന്വേഷണ സംഘത്തിനും കഴിഞ്ഞിട്ടില്ല. ഇതിനിടെ, കുറ്റപത്രം വൈകുന്നത് ഒഴിവാക്കാൻ ഭാഗിക കുറ്റപത്രം സമർപ്പിക്കുന്ന കാര്യം കസ്റ്റംസ് പരിഗണിച്ച് വരുന്നുണ്ട്. നിലവിൽ സ്വപ്‌ന, സന്ദീപ് എന്നിവരുടെ രഹസ്യമൊഴി മാത്രമാണ് ഏജൻസിയുടെ പിടിവള്ളി.

സ്പീക്കർ ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്‌തെങ്കിലും തുടർ നടപടികൾ പൂർത്തിയായിട്ടില്ല. സ്പീക്കറെ വീണ്ടും ചോദ്യം ചെയ്യുന്ന കാര്യം കസ്റ്റംസ് പരിഗണിക്കുന്നുണ്ടെങ്കിലും പിന്നീട് ഇതുസംബന്ധിച്ച് നീക്കങ്ങളൊന്നും നടന്നിട്ടില്ല. അതേസമയം, കേരളത്തിലെ അന്വേഷണ നടപടികൾ പുരോഗമിക്കുന്നതോടൊപ്പം കോൺസുലേറ്റുമായി ബന്ധപ്പെട്ടവരുടെ മൊഴിയെടുക്കാനും ഫൈസൽ ഫരീദിനെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരാനും കസ്റ്റംസ് തീരുമാനിച്ചിട്ടുണ്ട്.



source http://www.sirajlive.com/2021/04/20/476037.html

Post a Comment

Previous Post Next Post