ശ്മശാനങ്ങളും ഖബർസ്ഥാനും; കേന്ദ്രം വാക്കുപാലിച്ചു; പരിഹാസവുമായി രാഹുൽ ഗാന്ധി

ഡൽഹി | രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസും. സാഹചര്യങ്ങൾ മുൻകൂട്ടി കാണുന്നതിൽ കേന്ദ്രം പരാജയപ്പെട്ടെന്ന് ഇന്ന് ചേർന്ന പ്രവർത്തക സമിതി യോഗം കുറ്റപ്പെടുത്തി. ശമശാനങ്ങളും ഖബർസ്ഥാനും; രണ്ട് വാഗ്ദാനങ്ങളും കേന്ദ്രം നടപ്പാക്കിയെന്ന് രാഹുൽഗാന്ധി തന്റെ ട്വീറ്റിലൂടെ പരിഹസിച്ചു.

പൊതുമേഖല സ്ഥാപനങ്ങളെ ഉപയോഗിച്ച് കോവാക്സീന്റെ ഉത്പാദനം പത്തിരട്ടിയാക്കാൻ ഇന്നലെയാണ് കേന്ദ്രം തീരുമാനിച്ചത്. ഇതിനുള്ള നടപടി നേരത്തെ സ്വീകരിക്കാത്തതും വിമർശനത്തിനിടയാക്കിയിട്ടുണ്ട്.  പ്രതിദിന കേസുകൾ രണ്ടേ കാൽ ലക്ഷം കടന്നതോടെ ഓക്സിജനും വാക്സീനും കടുത്ത ക്ഷാമമാണ് രാജ്യം നേരിടുന്നത്. വാക്സീൻ കാരാർ നൽകുന്നതിൽ കേന്ദ്രം വരുത്തിയ കാലതാമസമാണ് പ്രതിസന്ധിക്ക് ഇടയായത്. അന്തിമ അനുമതിക്ക് മുമ്പു തന്നെ കരാറിന് നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിൽ കേന്ദ്ര സർക്കാരിന് വീഴ്ച വന്നു. ഇതുവരെ ആറര കോടി വാക്സീൻ കയറ്റുമതി ചെയ്ത ഇന്ത്യ ഇത് നിർത്തി വച്ച് ഇറക്കുമതിയിലേക്ക് തിരിയുകയാണ്.

ശമശാനങ്ങളിൽ മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്കരിക്കുന്ന കാഴ്ചകൾ സർക്കാരിന് തിരിച്ചടിയായിരിക്കുകയാണ്. ലോകത്ത് രോഗം സ്ഥിരീകരിച്ചവരിൽ പത്ത് ശതമാനവും ഇന്ത്യയിലാണ്. സംസ്ഥാനങ്ങളിൽ പ്രാദേശികമായി ഏർപ്പെടുത്തിയ കർഫ്യൂ സമ്പൂർണ ലോക്ക്ഡൗണാകുമോ എന്ന ആശങ്കയിലാണ് രാജ്യം.

കേസുകൾ കുതിക്കുന്നു…

രാജ്യത്തെ കടുത്ത ആശങ്കയിലാഴ്ത്തി കൊവിഡ് കേസുകളില്‍ വന്‍ വര്‍ധനയാണ് ഉണ്ടാകുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,34,692 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം പിന്നിടുന്നത്. 1341 പേര്‍ക്കാണ് ജീവഹാനി സംഭവിച്ചിരിക്കുന്നത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,75,649 ആയി ഉയര്‍ന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ1,23,354 പേര്‍ രോഗ മുക്തരായി. ഇതോടെ കൊവിഡ് മുക്തരായവരുടെ എണ്ണം 1,26,71,220 ആയി. 16,79,740 പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്.

നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതിന്റെ ഭാഗമായി ഉത്തര്‍പ്രദേശില്‍ ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. രാജസ്ഥാന്‍ വെള്ളിയാഴ്ച വൈകീട്ട് ആറുമുതല്‍ തിങ്കളാഴ്ച രാവിലെ അഞ്ചുവരെ കര്‍ഫ്യൂ ഏര്‍പ്പെടുത്തി.കര്‍ണാടകയില്‍ ബെംഗളൂരു ഉള്‍പ്പെടെ സംസ്ഥാനത്തെ എട്ടു നഗരങ്ങളിലെ രാത്രി കര്‍ഫ്യൂ ഏപ്രില്‍ 20 വരെ നീട്ടും.



source http://www.sirajlive.com/2021/04/17/475700.html

Post a Comment

أحدث أقدم