തിരുവനന്തപുരം | ഇരട്ടവോട്ടിന് തെളിവായി നാല് ലക്ഷത്തിലേറെ പേരുടെ വിവരങ്ങള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തുവിട്ടതിൽ പരക്കെ ആക്ഷേപം. ഡാറ്റ ചോർത്തൽ, അപ്‌ലോഡ് ചെയ്തത് സിംഗപ്പുര്‍ ആസ്ഥാനമായ കമ്പനിയുടെ ഐ പി അഡ്രസില്‍ ആയതിനാലുള്ള നിയമ പ്രശ്നങ്ങൾ, ഇരട്ടകളുടെ പേരുകൾ പോലും ഇരട്ട വോട്ടിൽ പെടുത്തിയത്, ഇരട്ട പേരുള്ളവർ കള്ളവോട്ടുകാരാണെന്ന ധ്വനി തുടങ്ങിയ ഗുരുതര പരാതികളാണ് ഉയരുന്നത്.
സമ്മതമില്ലാതെ വ്യക്തിഗത വിവരങ്ങള്‍ അടക്കം ചിത്രങ്ങളോടെ ഇങ്ങനെ വിദേശത്തേക്ക് കൈമാറിയതില്‍ ഗൗരവമായ നിയമപ്രശ്‌നങ്ങളുണ്ടെന്ന് സി പി എം നേതാവ് എം എ ബേബി ചൂണ്ടിക്കാട്ടി. വ്യക്തികളുടെ അനുമതിയോടെ അല്ല പ്രതിപക്ഷ നേതാവ് ഇത്തരത്തില്‍ വിവരങ്ങള്‍ കൈമാറിയത്.
വോട്ടർ പട്ടികയിൽ പേര് ഇരട്ടിപ്പാണെന്നതിന് തെളിവായി തങ്ങളുടെ പേരുവിവരങ്ങൾ കൊടുത്ത പല ഇരട്ടകളും ചെന്നിത്തലക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു. ഒറ്റപ്പാലം മണ്ഡലത്തിലെ 135ാം ബൂത്തിലെ അരുണ്‍, വരുണ്‍ എന്നീ ഇരട്ടകള്‍ ഉദാഹരണമാണ്. പരാതി നല്‍കുമെന്ന് ഇരുവരും പറഞ്ഞു.
കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലെ 4,34,000 ഇരട്ട വോട്ടര്‍മാരുടെ പട്ടിക ബുധനാഴ്ച രാത്രിയാണ് ഓപ്പറേഷന്‍ട്വിന്‍സ് ഡോട്ട് കോം എന്ന വെബ്‌സൈറ്റിലൂടെ യു ഡി എഫ് പുറത്തുവിട്ടത്.
source http://www.sirajlive.com/2021/04/01/473879.html
Post a Comment