കൊവിഡ്: സിദ്ദീഖ് കാപ്പനെ ആശുപത്രി മാറ്റാനാകില്ല; ഛോട്ടാരാജന് എയിംസില്‍ ചികിത്സ!

ന്യൂഡല്‍ഹി | ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ കൊവിഡ് ചികിത്സക്കായി ഡല്‍ഹി എയിംസിലേക്ക് മാറ്റണമെന്ന ഹര്‍ജിയെ കേന്ദ്ര സര്‍ക്കാര്‍ എതിര്‍ത്ത അതേ ദിവസം തന്നെ അധോലോക കുറ്റവാളി ഛോട്ടാ രാജനെ കൊവിഡ് ചികിത്സക്കായി എയിംസില്‍ പ്രവേശിപ്പിച്ചു. ഹഥ്‌റാസിലേക്ക് പോകാന്‍ ശ്രമിച്ചെന്ന ഒരേയൊരു ‘കുറ്റ’ത്തിന്റെ പേരില്‍ യുപി സര്‍ക്കാര്‍ ജയിലിലടച്ച കാപ്പന് നീതി നിഷേധിക്കുമ്പോഴാണ് കൊലാപാതകവും പണം തട്ടലും ഉള്‍പ്പെടെ 70-ഓളം ക്രിമിനല്‍ കേസുകളില്‍ പ്രതിയായി തിഹാര്‍ ജയിലില്‍ കഴിയുന്ന ഛോട്ടാ രാജന് എയിംസില്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നത്.

കാപ്പനെ ഡല്‍ഹിയിലെ ആശുപത്രിയിലേക്ക് മാറ്റണമെന്ന പത്രപ്രവര്‍ത്തക യൂണിയന്റെ ആവശ്യത്തെ കേന്ദ്രം സുപ്രീം കോടതിയില്‍ എതിര്‍ക്കുകയായിരുന്നു. യൂണിയന്റെ ഹരജി നിലനില്‍ക്കില്ലെന്ന് വാദിച്ചാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ ഇടപെടല്‍. കാപ്പന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ഹാജരാക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കാപ്പനെ ഡല്‍ഹിയിലേക്ക് മാറ്റണമെന്നാണ് ഭാര്യയും പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകവും നല്‍കിയ ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

ഇതിനിടയിലാണ് ഛോട്ടാരാജന് എയിംസില്‍ ചികിത്സ ഉറപ്പാക്കിയുള്ള ഇരട്ടത്താപ്പ് നയം പുറത്തുവരുന്നത്. ഛോട്ടാരാജനെ എയിംസില്‍ പ്രവേശിപ്പിച്ചതിന് എതിരെ സോഷ്യല്‍ മീഡിയയിലും പ്രതിഷേധം ശക്തമാണ്. രാജ്യത്തെ സാധാരണ ജനങ്ങള്‍ ഒരു ആശുപത്രി കിടക്കക്ക് വേണ്ടി ബുദ്ധിമുട്ടുമ്പോള്‍ കൊടും കുറ്റവാളിക്ക് വിദഗ്ധ ചികിത്സ നല്‍കുന്നതിനെ എതിര്‍ത്ത് ട്വിറ്ററിലും മറ്റും പ്രതിഷേധം കനക്കുകയാണ്.



source http://www.sirajlive.com/2021/04/27/477042.html

Post a Comment

أحدث أقدم