
ജില്ലയിൽ രോഗ വ്യാപനത്തിന്റെ തോതനുസരിച്ച് ഓക്‌സിജൻ ലഭ്യതയും ചികിത്സക്കാവശ്യമുള്ള കിടക്കകളുടെ എണ്ണവും വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. ഇനിയുള്ള ദിവസങ്ങളിൽ വ്യാപനം കൂടാൻ സാധ്യതയുണ്ടെന്ന് കണക്കാക്കിയാണ് സൗകര്യങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ ഒരുക്കുന്നത്.
വരുന്നയാഴ്ച 1,500 ഓക്‌സിജൻ കിടക്കകളും അതിനടുത്ത ആഴ്ച 2,000 ഓക്‌സിജൻ കിടക്കകളും ഒരുക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. എല്ലാ താലൂക്കുകളിലും ഓക്‌സിജൻ കിടക്കകൾ ഉൾപ്പെടെയുള്ള ചികിത്സാ സൗകര്യങ്ങൾ ഉറപ്പുവരുത്തും. സഹകരണ ആശുപത്രികളും ചികിത്സക്കായി ഉപയോഗപ്പെടുത്തും. ആവശ്യമെങ്കിൽ ഇ എസ് ഐ ആശുപത്രികളുടെ സേവനവും ഉപയോഗിക്കും. സ്വകാര്യ ആശുപത്രികളിൽ കൂടുതൽ കിടക്കകളെങ്കിലും ചികിത്സക്കായി മാറ്റിവെക്കാനും നിർദേശം നൽകും. ഇതിനായി സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളുടെ യോഗം ഇന്ന് വിളിച്ചുചേർക്കാനും മന്ത്രി വി എസ് സുനിൽ കുമാറിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്.
രോഗികളുടെ എണ്ണം ആറ് ദിവസം കൊണ്ടാണ് ജില്ലയിൽ ഇരട്ടിക്കുന്നത്.
നാൽപതിനായിരം പേർ വരെ ഒരേസമയം രോഗികളായാലും ചികിത്സ ഉറപ്പു വരുത്തുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കും. ഓക്‌സിജൻ ലഭ്യത ഉറപ്പു വരുത്തുന്നതിനായി എഫ് എ സി ടി, പെട്രോനെറ്റ് എൽ എൻ ജി, ബി പി സി എൽ തുടങ്ങിയ സ്ഥാപനങ്ങളുടെ പങ്കാളിത്തവും ഉപയോഗിക്കും.
നിലവിൽ പ്രവർത്തനക്ഷമമാക്കിയ ആശുപത്രികൾ, സി എഫ് എൽ ടി സികൾ, സി എസ് എൽ ടി സി കൾ, ഡി സി സി കൾ എന്നിവക്ക് പുറമേ ആദ്യഘട്ട പ്രതിരോധത്തിന്റെ ഭാഗമായി സജ്ജമാക്കിയ ട്രീറ്റ്‌മെന്റ്സെന്ററുകൾ പുനഃസ്ഥാപിക്കും. മരുന്ന് ലഭ്യതയും കേന്ദ്രങ്ങളിൽ ഉറപ്പു വരുത്തും.
എറണാകുളം ജനറൽ ആശുപത്രിയിലെ ധന്വന്തരി സൊസൈറ്റിയിൽ നിന്ന് ആലുവ ജില്ലാ ആശുപത്രിയിലേക്കും മരുന്ന് എത്തിക്കും. ഉച്ചക്ക് ശേഷമുള്ള സർക്കാർ ആശുപത്രികളിലെ ഒ പി സേവനം നിർത്തി വെക്കും. നഴ്‌സുമാരെ കൂടുതലായി താത്്കാലികാടിസ്ഥാനത്തിൽ നിയമിക്കും. കൊവിഡ് പരിശോധനാ സാമ്പിളുകൾ ശേഖരിക്കുന്നതിന് തദ്ദേശസ്ഥാപനങ്ങളുടെ സഹകരണവും ഉറപ്പു വരുത്തും. ജില്ലയിലെ പ്രതിദിന പരിശോധനാ ലക്ഷ്യം 9,990 ആയിരിക്കെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രതിദിനം ജില്ലയിൽ നടക്കുന്നത് 15,000 പരിശോധനകളാണ്. രണ്ട് ഘട്ടങ്ങളിലായി നാല് ദിവസം മാത്രമാണ് പ്രത്യേക കൂട്ടപരിശോധനാ ക്യാമ്പയിനുകൾക്ക് രൂപം നൽകിയതെങ്കിലും ആരോഗ്യ വിഭാഗം പരമാവധി ശേഷിയിൽ പരിശോധനകൾ തുടരുകയാണ്.
source http://www.sirajlive.com/2021/04/25/476685.html
Post a Comment