ഇസ്‌റാഈല്‍ ചോരക്കൊതിയില്‍ ഇന്ന് ഞെട്ടറ്റുവീണത് 33 ഫലസ്തീനികള്‍; വ്യോമാക്രമണം ശക്തമാക്കി

ഗാസാ സിറ്റി | ഇസ്‌റാഈല്‍ കാപാലികരുടെ ചോരക്കൊതിയില്‍ ഗാസ സിറ്റിയില്‍ പിടഞ്ഞുവീണ് മരിക്കുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ ഉയരുന്നു. ഗാസ സിറ്റിയില്‍ ഞായറാഴ്ച ഇസ്‌റാഈല്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 33 പേര്‍ കൊല്ലപ്പെട്ടു. രണ്ട് റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്‌മെന്റുകളാണ് ഇസ്‌റാഈല്‍ സേന തകര്‍ത്തത്. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

ഗാസയിലെ ഹമാസ് നേതാവ് യഹ്യ അല്‍ സിന്‍വാറിന്റെ വസതി ലക്ഷ്യമാക്കിയും ആക്രമണം നടന്നതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ജറുസലേമിലെ അല്‍ അഖ്‌സ പള്ളിയില്‍ മുസ്ലിംകള്‍ അല്ലാത്തവരെ പ്രവേശിപ്പിക്കുന്നില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പള്ളി കേന്ദ്രീകരിച്ച് ജൂത ആക്ടിവിസ്റ്റുകളുടെ നേതൃത്വത്തില്‍ വന്‍ ആക്രമണത്തിന് പദ്ധതിയിടുന്നതിന്റെ സൂചനയാണ് ഇതെന്ന് അല്‍ജസീറയുടെ ഹാരി ഫോസെറ്റ് കിഴക്കന്‍ ജറുസലേമില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഏഴ് ദിവസമായി തുടരുന്ന ഇസ്‌റാഈല്‍ നരനായാട്ടില്‍ 41 കുട്ടികള്‍ അടക്കം 170 ഫലസ്തീനികള്‍ക്കാണ് ഇതുവരെ ജീവന്‍ നഷ്ടമായത്. ആയിരത്തിലധികം ആളുകള്‍ പരുക്ക് പറ്റി ചികിത്സയിലാണ്. അധിനിവേശ വെസ്റ്റ് ബാങ്കില്‍ 13 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഹമാസ് നടത്തിയ പ്രത്യാക്രമണത്തില്‍ ഇസ്‌റാഈല്‍ ഭാഗത്ത് രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ പത്ത് പേരാണ് ഇതുവരെ മരിച്ചത്.

ഇന്നലെ ഗാസ സിറ്റിയിൽ അൽജസീറ, എപി തുടങ്ങിയ അന്താരാഷ്ട്ര മാധ്യമങ്ങളുടെ ഓഫീസ് പ്രവർത്തിക്കുന്ന അൽജലാല എന്ന 11 നില കെട്ടിടം ഇസ്റാഇൗൽ ബോംബിട്ട് തകർത്തിരുന്നു.

 



source http://www.sirajlive.com/2021/05/16/479231.html

Post a Comment

Previous Post Next Post