ബാര്‍ജ് അപകടം; മരണം 49 ആയി

മുംബൈ | ടൗട്ടേ ചുഴലിക്കാറ്റില്‍ ബാര്‍ജ് എണ്ണക്കപ്പലില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം മൂന്നായി. കല്‍പ്പറ്റ മൂപ്പൈനാട് സ്വദേശി വി എസ് സുമേഷിന്റെ മൃതദേഹമാണ് ഇന്നലെ കണ്ടെത്തിയത്. നേരത്തെ വയനാട് കല്‍പറ്റ സ്വദേശി ജോമിഷ് ജോസഫ് (35), കോട്ടയം ചിറക്കടവ് മൂങ്ങാത്രക്കവല അരിഞ്ചിടത്ത് സസിന്‍ ഇസ്മയില്‍ (29) എന്നിവരുടെ മൃതദേഹവും കണ്ടെത്തിയിരുന്നു.ഇതോടെ, ബാര്‍ജ് ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 49 ആയി ഉയര്‍ന്നു. ഇനിയും കണ്ടെത്താനുള്ള 26 പേര്‍ക്കായി കാലാവസ്ഥ ഉയര്‍ത്തുന്ന കടുത്ത വെല്ലു വിളികള്‍ക്കിടയിലും തെരച്ചില്‍ തുടരുകയാണ്. ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ച് ആകാശനിരീക്ഷണം നടത്തിയെങ്കിലും പ്രതീക്ഷയ്ക്കു വകനല്‍ക്കുന്നതൊന്നും കണ്ടെത്താനായില്ല. ആളുകള്‍ ജീവനോടെ അവശേഷിക്കാനുള്ള സാധ്യത നേര്‍ത്തതായാണു സൂചനകള്‍.

മുംബൈയില്‍നിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെ ഹീര ഓയില്‍ ഫീല്‍ഡിനു സമീപം കാറ്റിനെത്തുടര്‍ന്നാണ് ബാര്‍ജ് (കൂറ്റന്‍ ചങ്ങാടം) അപകടത്തില്‍പ്പെട്ടത്. പി 305 നമ്പര്‍ ബാര്‍ജ് തിങ്കളാഴ്ചയോടെ പൂര്‍ണമായും മുങ്ങിയിരുന്നു. ബാര്‍ജില്‍ ഉണ്ടായിരുന്ന 261 പേരില്‍ 186 പേരെ നാവികസേന സുരക്ഷിത കേന്ദ്രങ്ങളിലെത്തിച്ചിരുന്നു.



source http://www.sirajlive.com/2021/05/21/480014.html

Post a Comment

Previous Post Next Post