ഫലസ്തീൻ പോരാട്ടത്തിലെ ഐക്യപ്പെടലുകൾ


അവരുടെ രാജ്യം വിട്ടു നൽകണമെന്ന് പറഞ്ഞാൽ അതൊരു മുസ്‌ലിം വാദം മാത്രമാണെന്ന തെറ്റായ ധാരണ പലർക്കുമുണ്ട്. നിലവിലുണ്ടായിരിക്കുന്ന ചെറുത്തു നിൽപ്പിന്റെ പശ്ചാത്തലത്തിൽ തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലെ ചർച്ചകളിൽ ചിലർ പരത്തിയ തെറ്റുകൾ കാരണമാണ് വലിയ തരത്തിലുള്ള പോർവിളികൾക്ക് വഴി വെച്ചത്. പ്രഗത്ഭരായ പലർക്കും ഫലസ്തീനിലെ ഇസ്‌റാഈൽ അതിക്രമങ്ങളെ അതിജീവിക്കുന്ന സമൂഹത്തെ തീവ്രവാദികൾ എന്നാണോ പൗരന്മാർ എന്നാണോ പ്രയോഗിക്കേണ്ടത് എന്ന കാര്യത്തിൽ പാളിച്ചകൾ പറ്റിയിട്ടുണ്ട്.

ഒറ്റവാക്കിൽ 1948ന് ശേഷം ഇന്നലെ വരെയുള്ള ഫലസ്തീൻ എന്ന രാഷ്ട്രത്തിന്റെ അവസ്ഥ പരിശോധിച്ചാൽ ആ സമൂഹത്തിനിടയിൽ നിന്ന് ഇടക്കിടെ ഉണ്ടാകുന്ന പ്രതികരണങ്ങളെ യാതൊരു വിധത്തിലും തീവ്രവാദമാണെന്ന് പറയുക സാധ്യമല്ല. കാരണം ചട്ടമ്പികളായി കടന്നു വന്ന് അവരുടെ വീടുകളും ഭൂമിയും അപഹരിച്ച് കുടികൊണ്ടവർ അന്താരാഷ്ട്ര സമൂഹത്തിന് മുമ്പിൽ കൈക്കൊണ്ട ഉടമ്പടികൾ പാലിച്ചിട്ടില്ല. കടന്നു വന്നവർ ജൂത രാഷ്ട്രമുണ്ടാക്കുകയും ആ മണ്ണിന്റെ യഥാർഥ അവകാശികൾ അപരവത്കരിക്കപ്പെട്ടവരായി തുടരുകയും ചെയ്യുകയാണ്. മാന്യതയുടെ അളവു കോലിനാൽ തുലനം ചെയ്യാൻ കഴിയാത്തത്രയും കടന്ന തെമ്മാടിത്തമാണ് ഇസ്‌റാഈലിന്റേത്. ശൈഖ് ജറാഹ് പ്രദേശത്ത് നിന്ന് ഫലസ്തീൻ നിവാസികളെ കുടിയൊഴിപ്പിക്കുന്നത് തത്സമയം ലോകം കണ്ടു കൊണ്ടിരിക്കുന്ന വേളയിലാണ് ഹമാസിന്റെ പ്രതികരണം തീവ്രവാദമാണെന്ന വിഷയം മാത്രം സംസാരിക്കണമെന്ന് ചിലർ നിർബന്ധം പിടിക്കുന്നത്.
മൂന്ന് മത വിഭാഗങ്ങൾ പുണ്യഭൂമിയായി കണക്കാക്കുന്ന ഫലസ്തീനിന്റെ മണ്ണിലേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അധിവസിച്ചിരുന്ന ജൂതന്മാർ കുടിയേറിയതിന് ശേഷം നടന്ന രാഷ്ട്രീയ വഞ്ചനയാണ് ഇന്ന് കാണുന്ന പരിതാപകരമായ ജീവിത നിലവാരത്തിലേക്ക് ആ രാഷ്ട്രം കൂപ്പുകുത്താൻ കാരണം.

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുണ്ടായ കുടിയേറ്റത്തിന് മുമ്പ് ക്രിസ്ത്യൻ സമൂഹവും ജൂതരും മുസ്‌ലിംകളും തന്നെയായിരുന്നു ഫലസ്തീനിലുണ്ടായിരുന്നത്. വാഗ്ദത്ത ഭൂമിയിലേക്കുള്ള മടക്കയാത്ര എന്ന ജൂത മത വിശ്വാസത്തിലെ സങ്കൽപ്പത്തെ രാഷ്ട്രീയ പ്രേരിതമായ ലക്ഷ്യം മുന്നിൽ കണ്ട് ലോകത്ത് പ്രചരിപ്പിക്കുകയും അതിലൂടെ സയണിസ്റ്റ് പ്രത്യയശാസ്ത്രത്തിന് അടിത്തറപാകുകയും ചെയ്തത് മുതലാണ് ഏറെ വൈവിധ്യങ്ങൾ നിലനിന്നിരുന്ന ഫലസ്തീൻ ഏഷ്യയുടെ കണ്ണുനീരായി മാറിയത്.

സയണിസ്റ്റ് പ്രസ്ഥാനത്തോട് ഐക്യപ്പെടാത്ത ജൂതന്മാർ അന്നും ഇന്നുമുണ്ട്, ക്രിസ്ത്യാനികളും മുസ്‌ലിംകളും ജൂതന്മാരും ഒരു പോലെ പണിയെടുത്ത ഒലിവിൻ തോപ്പുകളായിരുന്നു യഥാർഥ ഫലസ്തീൻ എന്ന് പറയാൻ പലരും മറന്നു പോയ കാരണത്താലാണ് പല ഘട്ടത്തിലും ഫലസ്തീൻ വാദം ഇസ്‌ലാമിക രാഷ്ട്രവാദം മാത്രമായി തെറ്റിദ്ധരിക്കപ്പെട്ടത്. ഫലസ്തീൻ ജനതയുടെ വിമോചന നേതാവായ യാസർ അറഫാത്തിന്റെ നയങ്ങളെ ലോകം അംഗീകരിച്ചത് അദ്ദേഹത്തിന്റെ മതനിരപേക്ഷവും മാനവികവുമായ നയതന്ത്ര തീരുമാനത്താലാണ് എന്നത് എടുത്തുദ്ധരിക്കേണ്ട അധ്യായമാണ്. ബ്രിട്ടീഷുകാരുടെ സഹായത്തോടെ എല്ലാത്തിനും മുകളിൽ സയണിസ്റ്റ് ഭീകരത ആ മണ്ണിന്റെ മക്കളെ കൊന്നു തിന്നപ്പോൾ യഥാർഥ ഫലസ്തീനികളുടെ മുഖത്ത് തീവ്രവാദമെന്നും ഭീകരവാദികളെന്നും ചാപ്പകുത്തപ്പെടുകയാണുണ്ടായത്.

അറബ്- ഇസ്‌റാഈൽ യുദ്ധവും ഓസ്‌ലോ കരാറും അമേരിക്കൻ ഇടപെടലുകളും പിൽക്കാലത്തുണ്ടായ രാഷ്ട്രീയ ചലനങ്ങളും ബന്ധപ്പെടുത്താതെ പറയുകയാണെങ്കിൽ ഇന്ത്യയിൽ വിവിധ മതങ്ങൾ തമ്മിലുള്ള സഹവർത്തിത്വത്തെ കുറിച്ച് പറയുന്നത് പോലെ ഫലസ്തീനിന്റെ ചരിത്രവും മത സൗഹാർദത്തിന്റെ ഏടുകളാൽ സമ്പന്നമായിരുന്നു. ഗാന്ധിജിയും ചെഗുവേരയും ഫിദർ കാസ്‌ട്രോയും തുടങ്ങി ലോക പ്രശസ്തരായ രാഷ്ട്രീയ നായകരിൽ പലരും ഫലസ്തീൻ പക്ഷത്തായിരുന്നുവെന്നത് തന്നെയാണ് ഇതിന് തെളിവ്. മാനവികത മാത്രം സംസാരിക്കുന്ന ദാർവിഷിനെ പോലുള്ള വിഖ്യാതരുടെ കവിതാ ശകലങ്ങൾ മതനിരപേക്ഷമായ ഒരുദാഹരണമാണ്.
അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഫലസ്തീനി പ്രവാസികളുടെ കൂട്ടായ്മകൾ സജീവമാണ്. പുസ്തക രചനയും നിരൂപണങ്ങളും രാഷ്ട്രീയം പ്രമേയമാവുന്ന ചർച്ചാസംഗമങ്ങളും സംഘടിപ്പിക്കപ്പെടുന്നു. നിരവധി ഫലസ്തീനി എഴുത്തുകാർ അവരുടെ സൃഷ്ടികൾ പാശ്ചാത്യ രാജ്യങ്ങളിൽ നിന്നാണു പുറത്തിറക്കുന്നത്. റംസി ബറൂദിനെ പോലുള്ള യുവ എഴുത്തുകാർ ദീർഘകാലമായി ന്യൂയോർക്ക് ആസ്ഥാനമായി പിറന്ന നാടിന്റെ സ്വാതന്ത്ര്യം മുഖമുദ്രയാക്കി കൊണ്ടാണ് മാധ്യമ പ്രവർത്തനത്തെ കൊണ്ടു പോകുന്നത്.

അറബ് ലോകത്തെ ആദ്യത്തെ ഹിപ് ഹോപ് ഗായികയായ ഷാദിയ മൻസൂർ ക്രിസ്ത്യൻ കുടുംബത്തിൽ നിന്നുള്ള വനിതയാണ്. ഫലസ്തീൻ പോരാട്ട ഗാനങ്ങളിലൂടെ ശ്രദ്ധേയയായ ഷാദിയയെ പോലുള്ളവർ മാത്രമല്ല മൂന്ന് മതവിഭാഗങ്ങളിലും പെട്ട എണ്ണമറ്റ ആക്ടിവിസ്റ്റുകൾ ഫലസ്തീൻ വിമോചന സമരത്തിനൊപ്പമുണ്ട് എന്നത് രാജ്യത്തെ അനുകൂലിക്കുന്ന മനുഷ്യസ്‌നേഹികൾ മനസ്സിലാക്കിയിരിക്കേണ്ടതാണ്. മനുഷ്യ ജന്മങ്ങളെ തീ ബോംബുകൾക്ക് വിട്ട് കൊടുക്കുന്നത് ഒരിക്കലും ഉചിതമായ ഒരു മാർഗമല്ല, യുദ്ധത്തിന് വഴിവെച്ച് പാവപ്പെട്ട മനുഷ്യരെ കൊലപ്പെടുത്തുന്ന, അവരുടെ സ്വൈരജീവിതം തകർക്കുന്ന ഇസ്‌റാഈൽ നടപടി അത്യന്തം നികൃഷ്ടമാണ്.

ഫലസ്തീനികളെ പൂർണമായി ആ മണ്ണിൽ നിന്ന് തുടച്ചു നീക്കാൻ ഇറങ്ങിത്തിരിച്ച ഇസ്‌റാഈലിനോടൊപ്പമാണ് ഇത്തവണ മാധ്യമങ്ങൾ. അതിന് സാങ്കേതികമായ സാഹചര്യം സൃഷ്ടിച്ചത് ഫേസ്ബുക്ക്, ട്വിറ്റർ ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമ കമ്പനികളാണ്. ഇരകളുടെ ഭാഗത്ത് നിന്ന് വന്ന ദൃശ്യങ്ങൾ അവർ ബോധപൂർവം ഡിലീറ്റ് ചെയ്തു. ഇതുവഴി പൊതുസമൂഹത്തെ വലിയൊരളവിൽ ഇസ്‌റാഈൽ പക്ഷത്തേക്ക് അടുപ്പിക്കുകയാണുണ്ടായത്. ഗസ്സയിലും വെസ്റ്റ്ബാങ്കിലും കിഴക്കൻ ജറൂസലമിലും തുടരുന്ന ചെറുത്ത് നിൽപ്പിന്റെ പേര് മുസ്‌ലിം ഭീകരവാദമെന്നാക്കി അവതരിപ്പിച്ചതിൽ നമുക്ക് ചുറ്റുമുള്ള പലരും ഭാഗവാക്കാണ്.



source http://www.sirajlive.com/2021/05/29/481405.html

Post a Comment

أحدث أقدم