ഞെട്ടൽ മാറാതെ എൻ എസ് എസ്

ആലപ്പുഴ | വോട്ടെടുപ്പ് ദിവസത്തിലെ എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ പരസ്യ പ്രസ്താവന വിപരീത ഫലമാണുളവാക്കിയതെന്ന് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. മുമ്പ് വട്ടിയൂർക്കാവിൽ യു ഡി എഫ് സ്ഥാനാർഥിക്ക് വേണ്ടി പരസ്യ പ്രചാരണത്തിനിറങ്ങി തിരിച്ചടി കിട്ടിയ സുകുമാരൻ നായർക്ക്, ഇടതുസർക്കാറിന് ഭരണത്തുടർച്ചക്കുള്ള ജനങ്ങളുടെ അംഗീകാരം കനത്ത ആഘാതമാണ് ഏൽപ്പിച്ചിരിക്കുന്നത്. ശബരിമല വിഷയത്തിൽ വിശ്വാസികളുടെ പ്രതിഷേധം ഇപ്പോഴുമുണ്ടെന്നും ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്നുമുള്ള വോട്ടെടുപ്പ് ദിനത്തിലെ എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ പ്രസ്താവന വലിയ കോളിളക്കമാണ് കേരള രാഷ്ട്രീയത്തിൽ സൃഷ്ടിച്ചത്.

രാഷ്ട്രീയ പാർട്ടികളെല്ലാം പ്രസ്താവനയെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്ത് വരികയും ദിവസങ്ങളോളം ഇതിന്റെ അനുരണങ്ങൾ സംസ്ഥാനത്ത് നിലനിൽക്കുകയും ചെയ്തതാണ്. പൊതുവെ ഇത്തരം വിഷയങ്ങളിൽ അവധാനതയോടെ മാത്രം പ്രസ്താവന നടത്തുന്ന മുഖ്യമന്ത്രി പോലും സുകുമാരൻ നായരുടെ പരസ്യ നിലപാടിനെതിരെ രംഗത്ത് വന്നു. കാനം രാജേന്ദ്രൻ ഉൾപ്പെടെയുള്ള ഇടതുപക്ഷനേതാക്കൾ സുകുമാരൻ നായരുടെ നിലപാടിനെതിരെ രംഗത്ത് വന്നപ്പോൾ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയുമടക്കമുള്ള യു ഡി എഫ് നേതാക്കൾ എൻ എസ് എസിന് പ്രതിരോധം തീർത്തു.
ഈ തിരഞ്ഞെടുപ്പിലും സുകുമാരൻ നായർ, എൻ എസ് എസിന്റെ സമദൂര നിലപാട് വിട്ട് ഇടത് പക്ഷത്തിനെതിരെ പരസ്യമായി രംഗത്തെത്തിയപ്പോൾ വോട്ടർമാർ അതിനെ പുഛിച്ചുതള്ളുന്ന കാഴ്ചയാണുണ്ടായത്.



source http://www.sirajlive.com/2021/05/03/477789.html

Post a Comment

Previous Post Next Post