കൊവിഡ് പ്രതിരോധ ചികിത്സാ സാമഗ്രികൾക്ക് സർക്കാർ വില നിശ്ചയിച്ചു

തിരുവനന്തപുരം | സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ചികിത്സയ്ക്കും പരിചരണത്തിനും ആവശ്യമായ ചില വസ്തുക്കള്‍ക്ക് സർക്കാർ വില നിശ്ചയിച്ചു. കേരള അവശ്യസാധന നിയന്ത്രണ നിയമം 1986 പ്രകാരം വില്‍ക്കാവുന്നതിന്‍റെ പരമാവധി വില  നിശ്ചയിച്ച് ഉത്തരവിറങ്ങിയതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഇതുപ്രകാരം പിപിഇ കിറ്റിന് 273 രൂപ, എന്‍ 95 മാസ്കിന് 22 രൂപ, ട്രിപ്പിള്‍ ലെയര്‍ മാസ്കിന് 3.90 പൈസ, ഫേസ് ഷീല്‍ഡിന് 21 രൂപ, ഡിസ്പോസിബിള്‍ ഏപ്രണിന് 12 രൂപ, സര്‍ജിക്കല്‍ ഗൗണിന് 65 രൂപ, പരിശോധനാ ഗ്ലൗസുകള്‍ക്ക് 5.75 പൈസ, ഹാന്‍ഡ് സാനിറ്റൈസര്‍ 500 മില്ലിക്ക് 192 രൂപ, 200 മില്ലിക്ക് 98 രൂപ, 100 മില്ലിക്ക് 55 രൂപ, സ്റ്റിറയില്‍ ഗ്ലൗസിന് ജോഡിക്ക് 15 രൂപ, എന്‍ആര്‍ബി മാസ്കിന് 80 രൂപ, ഓക്സിജന്‍ മാസ്കിന് 54 രൂപ, ഹ്യുമിഡിഫയറുള്ള ഫ്ളോമീറ്ററിന് 1520 രൂപ, ഫിംഗര്‍ടിപ്പ് പള്‍സ് ഓക്സിമീറ്ററിന് 1500 രൂപ.

ഓക്സിജന്‍ കാര്യത്തില്‍ വലുതായി ആശങ്കപ്പെടേണ്ടതില്ലെന്നാണ് കാണുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുറത്തു നിന്നുള്ള ഓക്സിജന്‍റെ വരവ് അടുത്ത ദിവസങ്ങളില്‍ കുടും. കേന്ദ്രം അനുവദിച്ച ഓക്സിജന്‍ എക്സ്പ്രസ് വഴി 150 മെട്റിക് ടണ്ണും മറ്റ് മൂന്ന് സ്ഥലങ്ങളില്‍ നിന്ന് വേറെയും  ലഭ്യമാവുന്നതോടെ പ്രശ്നം വരില്ല. കപ്പൽ മാർഗം ഇറക്കുന്നുമുണ്ട്. എങ്കിലും ഇക്കാര്യത്തില്‍ കൃത്യമായ നിരീക്ഷണം നടത്താന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.



source http://www.sirajlive.com/2021/05/14/478976.html

Post a Comment

Previous Post Next Post