ഇടമലയാര്‍ കേസില്‍ അടിതെറ്റി ജയില്‍ വാസം

ആര്‍ ബാലകൃഷ്ണ പിള്ളയെന്ന രാഷ്ട്രീയ അതികായനെ പിടിച്ചുലച്ച കേസാണ് ഇടമലയാള്‍ കേസ്. കേരളത്തില്‍ നടന്ന ഒരു അഴിമതിയുമായി ബന്ധപ്പെട്ട വ്യവഹാരങ്ങളെയാണ് ഇടമലയാര്‍ കേസ് എന്ന പേരില്‍ അറിയപ്പെടുന്നത്. ഇടമലയാര്‍ ടണല്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അന്നത്തെ വൈദ്യുതി വകുപ്പു മന്ത്രിയായ ആര്‍. ബാലകൃഷ്ണപ്പിള്ളയും കൂട്ടാളികളും അഴിമതി നടത്തി എന്നതാണ് കേസിന്റെ രത്‌നച്ചുരുക്കം. ടണല്‍ നിര്‍മ്മാണത്തിനു നല്‍കിയ ടെന്‍ഡറില്‍ ക്രമക്കേടുകള്‍ നടത്തി മൂന്നു കോടിയില്‍പ്പരം രൂപ സര്‍ക്കാരിന് നഷ്ടമുണ്ടാക്കിയതില്‍ അന്നത്തെ വൈദ്യുതി വകുപ്പു മന്ത്രിയും കൂട്ടാളികളും ഗൂഢാലോചനയും വിശ്വാസവഞ്ചനയും കാണിച്ചു എന്ന വിജിലന്‍സ് കേസാണ് തുടക്കം. വ്യവഹാരങ്ങളുടെ വലിയൊരു വ്യൂഹമാണ് ഇരുപത്തിയഞ്ചു വര്‍ഷത്തോളം നീണ്ട ഇടമലയാര്‍ അഴിമതി കേസ്.

ഈ കേസ്സില്‍ മുന്‍ ഐക്യ ജനാധിപത്യ മുന്നണി മന്ത്രിസഭയിലെ വൈദ്യുതി വകുപ്പു മന്ത്രി ആര്‍. ബാലകൃഷ്ണപിള്ള, വൈദ്യുതി ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ ആര്‍. രാമഭദ്രന്‍നായര്‍, കരാറുകാരനായിരുന്ന പി. കെ. സജീവന്‍ എന്നിവര്‍ കുറ്റക്കരെന്നു സുപ്രീം കോടതി കണ്ടെത്തി. ഇവര്‍ക്ക് ഒരു വര്‍ഷത്തെ തടവും 10000 രൂപ പിഴയും ശിക്ഷയായി വിധിച്ചു.

ഇടമലയാര്‍ ടണല്‍ പരീക്ഷണാര്‍ഥം പ്രവര്‍ത്തിപ്പിച്ചപ്പോള്‍ 1985 ജൂലായ് 7ന് ചോര്‍ച്ച കണ്ടതിനെ തുടര്‍ന്ന് നിര്‍മ്മാണത്തില്‍ ക്രമക്കേടുകള്‍ ഉണ്ടായി എന്ന ആരോപണം ഉയര്‍ന്നു. പ്രതികളായ മുന്‍ മന്ത്രി ബാലകൃഷ്ണ പിള്ളയും മറ്റും ഇടമലയാര്‍ ടണല്‍ നിര്‍മ്മാണത്തിനു നല്‍കിയ ടെന്‍ഡറില്‍ ക്രമക്കേടുകള്‍ നടത്തി മൂന്നു കോടിയില്‍പ്പരം രൂപ സര്‍ക്കാരിന് നഷ്ടമുണ്ടാക്കി എന്നും ഇതിനായി ഗൂഢാലോചനയും വിശ്വാസവഞ്ചനയും കാണിച്ചു എന്നുമായിരുന്നു വിജിലന്‍സ് കണ്ടെത്തല്‍. ഇതിന്റെ നിജസ്ഥിതി അന്വേഷിക്കാനായി അന്ന് ഹൈക്കോടതി ജഡ്ജിയായിരുന്ന കെ. സുകുമാരന്‍ അദ്ധ്യക്ഷനായി ജുഡീഷ്യല്‍ കമ്മീഷന്‍ രൂപീകരിച്ചു. കമ്മീഷന്‍ 1988 ജൂണ്‍ 10 ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. കമ്മീഷന്റെ ശുപാര്‍ശയെ തുടര്‍ന്ന് പ്രത്യേക വിജിലന്‍സ് സംഘം രൂപീകരിച്ച് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി. ഇതിനായി കൊച്ചിയില്‍ ഇടമലയാര്‍ പ്രത്യേക കോടതിയും സ്ഥാപിച്ചു.

മന്ത്രിയായിരുന്ന പിള്ളയും മുന്‍ ബോര്‍ഡ് ചെയര്‍മാന്‍മാരായിരുന്ന ഗണേശ പിള്ളയും രാമചന്ദ്രന്‍ നായരും അധികാര ദുര്‍വിനിയോഗം നടത്തിയത് അന്വേഷിക്കാന്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്തു. പ്രത്യേക വിജിലന്‍സ് സംഘം 1990 ഡിസംബര്‍ 14ന് കൊച്ചിയിലെ ഇടമലയാര്‍ പ്രത്യേക കോടതിയില്‍ 22 പേരെ പ്രതി ചേര്‍ത്ത് കുറ്റപത്രം നല്‍കി. പ്രാരംഭ വാദത്തിനുശേഷം അക്കാലത്ത് മരിച്ചുപോയവരെയും മറ്റു ചിലരെയും ഒഴിവാക്കി മുന്‍മന്ത്രി പിള്ള ഉള്‍പ്പെടെ 11 പ്രതികള്‍ ബാക്കിയായി.

വിചാരണ ആരംഭിക്കാന്‍ നിരവധി തടസ്സങ്ങള്‍ ഉണ്ടായി. കുറ്റപത്രം റദ്ദാക്കാന്‍ പിള്ള ഉള്‍പ്പെടെയുള്ളവര്‍ ഹൈക്കോടതിയെയും സുപ്രീംകോടതിയെയുമൊക്കെ സമീപിച്ചു. ഭരണഘടനാ പ്രശ്നങ്ങളായിരുന്നു കൂടുതലും. ഒടുവില്‍ തടസ്സങ്ങള്‍ നീങ്ങി 1997-ല്‍ വിചാരണ തുടങ്ങി.

ഹൈക്കോടതിയിലും സുപ്രീം കോടതിയിലും പല ഘട്ടങ്ങളിലായി ജൂനിയര്‍ അഭിഭാഷകര്‍ മുതല്‍ സുപ്രീം കോടതിയിലെ പ്രമുഖ ഭരണഘടനാ വിദഗ്ദ്ധരും നിയമജ്ഞരുമായ എഫ്.എസ്. നരിമാന്‍, പി.പി. റാവു, ജി. രാമസ്വാമി, അല്‍ത്താഫ് അഹമ്മദ് , കപില്‍ സിബല്‍ തുടങ്ങിയ പ്രമുഖര്‍ അണിനിരന്നു. ജസ്റ്റിസുമാരായ എസ്.പി. ബറൂച്ച, ആര്‍ .സി. ലഹോട്ടി, എം.ബി. ഷാ, ജെ.എസ്. വര്‍മ, ബി.പി. ജീവന്‍ റെഡ്ഡി എന്നിവര്‍ പലപ്പോഴായി വിധികള്‍ എഴുതി. ഈ കേസില്‍ സുപ്രീംകോടതി ജഡ്ജിമാര്‍ എഴുതിയ വിധികള്‍ നിരവധി നിയമഗ്രന്ഥങ്ങളില്‍ സ്ഥാനംപിടിച്ചു.

2011 ഫെബ്രുവരി 18 കേസിലെ പ്രതികളായ ആര്‍.ബാലകൃഷ്ണപിള്ള പി.കെ. സജീവന്‍ എന്നിവര്‍ ഇടമലയാര്‍ പ്രത്ര്യേക കോടതിയില്‍ കീഴടങ്ങി.

ടണല്‍ പണിയാനുള്ള കരാറിലെ സാങ്കേതിക കാര്യങ്ങളും നിര്‍മ്മാണത്തിലെ സാങ്കേതിക വശങ്ങളും ആഴത്തില്‍ പരിശോധിച്ച വിചാരണ കോടതി പിള്ളയ്ക്കും മറ്റ് രണ്ടു പേര്‍ക്കും 1999ല്‍ അഞ്ചു വര്‍ഷം ശിക്ഷ വിധിച്ചു. 2003 ഒക്ടോബര്‍ 31ന് ഈ വിധി ഹൈക്കോടതി റദ്ദാക്കി. പിള്ളയുടെ ശിക്ഷ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ അപ്പീലും ഹൈക്കോടതി തള്ളി. ക്രിമിനല്‍ കേസില്‍ ഹൈക്കോടതി വിധിക്ക് എതിരെ പൊതു താല്‍പ്പര്യം മുന്‍നിര്‍ത്തി പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന് അപ്പീല്‍ നല്‍കാന്‍ അവകാശമുണ്ടെന്നും സുപ്രീംകോടതി 2003ല്‍ വിധിച്ചിരുന്നു.

ഇടമലയാര്‍ കേസില്‍ ആര്‍. ബാലകൃഷ്ണപ്പിള്ളക്കെതിരെ വി.എസ് അച്യുതാനന്ദന്‍ നടത്തിയ പോരാട്ടത്തിന്റെ വിജയം കൂടിയാണ് ഇ്‌പ്പോഴത്തെ വിധി. 1998ലാണ് കേസില്‍ ബാലകൃഷ്ണപ്പിള്ളയെ വെറുതെ വിട്ടുകൊണ്ട് കോടതി വിധിയുണ്ടാകുന്നത്. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയെങ്കിലും കീഴ്‌ക്കോടതി വിധി ഹെക്കോടതി അംഗീകരിച്ചു.ഇതിനെതിരെ സംസ്ഥാനം അപ്പീല്‍ ഹരജി പോവാന്‍ വിസമ്മതിച്ചപ്പോള്‍ പ്രതിപക്ഷ നേതാവായിരിക്കെ വി.എസ് അച്യുതാനന്ദനാണ് 2005ല്‍ സുപ്രീം കോടതിയില്‍ പോയത്.

2006ല്‍ അപ്പീല്‍ പരഗിണിച്ച കോടതി പിന്നീട് തുടര്‍ നടപടികളൊന്നും സ്വീകരിച്ചില്ല. ഇതെ തുടര്‍ന്ന് കേസ് വേഗത്തില്‍ പരിഗണിക്കണമെന്നാവശ്യപ്പെട്ട് വി.എസ് വീണ്ടും അപേക്ഷ നല്‍കി. ഇതനുസരിച്ചാണ് കോടതി കേസ് നടപടികള്‍ വേഗത്തിലാക്കി വിധി പ്രസ്താവിച്ചത്.സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ പോകാത്ത കേസില്‍ വി.എസിന് സ്വന്തം നിലയില്‍ അപ്പീല്‍ പോവാന്‍ അവകാശമില്ലെന്നായിരുന്നു ബാലകൃഷ്ണപ്പിള്ളയുടെ അഭിഭാഷകര്‍ പ്രധാനമായും ആരോപിച്ചത്. എന്നാല്‍ കോടതി ഈ വാദം അംഗീകരിച്ചല്ല.



source http://www.sirajlive.com/2021/05/03/477727.html

Post a Comment

Previous Post Next Post