കോശി കമ്മീഷൻ സാധുത ചോദ്യം ചെയ്യപ്പെടുന്നു


കോഴിക്കോട് | ന്യൂനപക്ഷ ക്ഷേമ പദ്ധതിയുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ ക്രിസ്ത്യൻ വിഭാഗത്തിന്റെ പിന്നാക്കാവസ്ഥ പഠിക്കാൻ കേരള സർക്കാർ നിയോഗിച്ച ജസ്റ്റിസ് കോശി കമ്മീഷന്റെ സാധുതയും ചോദ്യം ചെയ്യപ്പെടുന്നു.

ന്യൂനപക്ഷ കമ്മീഷൻ നോട്ടിഫൈ ചെയ്ത ആറ് ന്യൂനപക്ഷ സമുദായങ്ങളെ പുനർവിഭജിക്കാൻ സർക്കാറിന് അധികാരം ഇല്ലെന്ന് നിരീക്ഷിച്ചു കൊണ്ടാണ് പദ്ധതി നടത്തിപ്പിലെ 80:20 എന്ന അനുപാതം റദ്ദ് ചെയ്തു കൊണ്ടുള്ള കോടതി വിധി. ചിന്നയ്യ സ്റ്റേറ്റ് ഓഫ് ആന്ധ്രാ കേസിലെ വിധികൾ ഉദ്ധരിച്ച് കൊണ്ട് ഹൈക്കോടതി നടത്തിയ പരാമർശങ്ങൾ ഫലത്തിൽ കോശി കമ്മീഷന്റെ നിയമ സാധുതയെ തന്നെയാണ് ചോദ്യം ചെയ്യുന്നത്.

നിലവിലെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളിൽ ക്രിസ്ത്യൻ വിഭാഗങ്ങൾക്കും ജനസംഖ്യാനുപാതികമായി പ്രാതിനിധ്യം നൽകണമെന്ന വിധി നിലനിൽക്കുമ്പോൾ ക്രിസ്ത്യൻ പിന്നാക്കാവസ്ഥ പ്രത്യേകമായി പഠിക്കാൻ ഒരു കമ്മീഷൻ എന്തിനെന്ന ചോദ്യമാണ് പ്രസക്തമാകുന്നത്.

ജസ്റ്റിസ് സച്ചാർ കമ്മീഷൻ റിപ്പോർട്ടിനെ തുടർന്ന് രൂപവത്കരിച്ച പാലോളി കമ്മിറ്റിയുടെ ശിപാർശകൾ നടപ്പാക്കുമ്പോൾ വരുന്ന ഗുണഭോക്തൃ അനുപാതത്തിലെ അസന്തുലിതാവസ്ഥ ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രിക്ക് ക്രൈസ്തവ സംഘടനകൾ നൽകിയ പരാതിയെ തുടർന്നാണ് ജസ്റ്റിസ് കോശിയുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റിയെ ഒന്നാം പിണറായി സർക്കാറിന്റെ അവസാന കാലത്ത് നിയമിച്ചത്.

ഈ കമ്മിറ്റി സമർപ്പിക്കുന്ന റിപ്പോർട്ടിലെ ശിപാർശകളുടെ അടിസ്ഥാനത്തിൽ പുതിയ പദ്ധതികൾ രണ്ടാം പിണറായി സർക്കാർ ആവിഷ്‌കരിച്ച് നടപ്പാക്കാനായിരുന്നു പദ്ധതി.
2011ൽ സംസ്ഥാന സർക്കാറാണ് പാലോളി കമ്മിറ്റി നിർദേശം നടപ്പാക്കുന്നതിൽ 80: 20 എന്ന അനുപാതം നിശ്ചയിച്ചത്.
അതായത് 80 ശതമാനം മുസ്്ലിംകൾക്കും 20 ശതമാനം മറ്റ് ന്യൂനപക്ഷ വിഭാഗങ്ങൾക്കും. ഈ നിർദേശം ഭരണഘടനക്കും ന്യൂനപക്ഷ കമ്മീഷൻ നിർദേശങ്ങൾക്കും എതിരാണെന്നാണ് ഇന്നലത്തെ വിധിയിൽ പറയുന്നത്.

ജസ്റ്റിസ് കോശി കമ്മീഷന്റെ പരിഗണനാ വിഷയങ്ങൾ സംബന്ധിച്ച് ഈ വർഷം ഫെബ്രുവരി ഒമ്പതിനാണ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. ഇത് പ്രകാരം വിദ്യാഭ്യാസം, സാമ്പത്തികം, ക്ഷേമം എന്നീ മൂന്ന് മേഖലകളാക്കി തിരിച്ച് അവർ നേരിടുന്ന പ്രശ്നങ്ങളും മറ്റുമാണ് പരിഗണനാ വിഷയങ്ങളിൽ ചൂണ്ടിക്കാണിച്ചിട്ടുള്ളത്.

ന്യൂനപക്ഷമെന്ന നിലയിൽ വിദ്യാഭ്യാസ രംഗത്ത് ക്രിസ്ത്യൻ വിഭാഗം അനുഭവിക്കുന്ന പ്രശ്നങ്ങളെന്തൊക്കെ, മറ്റു ന്യൂനപക്ഷ വിഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പക്ഷപാതവും വിവേചനവും അവർ നേരിടുന്നുണ്ടോ, ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളിൽ സാമ്പത്തിക പിന്നാക്കാവസ്ഥ നേരിടുന്നവരുണ്ടോ, അവർ ഏതൊക്കെ വിഭാഗങ്ങളിൽ പെടുന്നവരാണ്, ഏതെങ്കിലും വിഭാഗങ്ങൾക്ക് കൂടുതൽ കരുതലുകൾ ആവശ്യമുണ്ടോ, ദളിത് വിഭാഗത്തിൽ നിന്നും പിന്നാക്ക വിഭാഗങ്ങളിൽ നിന്നും ക്രിസ്ത്യാനികൾ ആയവരുടെ അവസ്ഥ എന്താണ്, ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്ക് ഉദ്യോഗതലങ്ങളിൽ ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ഉണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ പഠനം നടത്തി റിപ്പോർട്ട് നൽകുമെന്നും അതിന്റെ അടിസ്ഥാനത്തിൽ സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

മുൻ ഡി ജി പി ജേക്കബ് പുന്നൂസ്, രാഷ്ട്രപതിയുടെ സെക്രട്ടറിയായിരുന്ന ഗുജറാത്ത് കേഡറിലെ മുൻ ഐ എ എസ് ഉദ്യോഗസ്ഥൻ ഡോ. ക്രിസ്റ്റി ഫെർണാണ്ടസ് എന്നിവരാണ് കമ്മീഷനിലെ മറ്റ് അംഗങ്ങൾ.



source http://www.sirajlive.com/2021/05/29/481420.html

Post a Comment

أحدث أقدم