
സി എം വലിയുല്ലാഹിയുടെ ചെറുപ്പ കാലം മുതൽ അസാധാരണത്വം പലർക്കും ദർശിക്കാൻ കഴിഞ്ഞിരുന്നു. അനാവശ്യ കൂട്ടുകെട്ടുകളിൽ നിന്നും തമാശകളിൽ നിന്നുമൊക്കെ മാറി നിന്നായിരുന്നു ജീവിതാരംഭം.
പ്രാഥമിക പഠനം സ്വപിതാവിൽ നിന്ന് തന്നെയായിരുന്നു. തുടർന്ന് മടവൂർ, കൊടുവള്ളി, മങ്ങാട്, കൊയിലാണ്ടി, തളിപ്പറമ്പ് ഖുവ്വത്തുൽ ഇസ്്‌ലാം എന്നിവിടങ്ങളിൽ മതപഠനം നടത്തി. ശേഷം വെല്ലൂർ ബാഖിയാത്തിലേക്ക് ഉപരിപഠനത്തിന് പോയി. മോങ്ങം അവറാൻ മുസ‌്ലിയാർ, മലയമ്മ അബൂബക്കർ മുസ‌്ലിയാർ, കുറ്റിക്കാട്ടൂർ ഇമ്പിച്ചാലി മുസ‌്ലിയാർ, ഇ കെ അബൂബക്കർ മുസ‌്ലിയാർ എന്നിവരായിരുന്നു ഗുരുവര്യർ. വെല്ലൂരിലെ പഠന ശേഷം മടവൂരിൽ ദർസ് ആരംഭിച്ചു. നൂറോളം വിദ്യാർഥികൾ മഹാനവർകളുടെ ദർസിൽ ഉണ്ടായിരുന്നു.
ഇതിനിടയിലാണ് ഹജ്ജിന് വേണ്ടി പോകുന്നത്. മദീനയിൽ റസൂൽ (സ) തങ്ങളുടെ സിയാറത്തിനിടയിൽ അത്ഭുതകരമായ പല സംഭവങ്ങളും അനുഭവപ്പെട്ടു. ശേഷം സിയാറത്ത്, ഹജ്ജ്-ഉംറ കാര്യങ്ങൾ പൂർത്തിയാക്കുകയും നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. പിന്നീടുള്ള ജീവിത ശൈലിയിൽ വലിയ മാറ്റങ്ങളായിരുന്നു.
മുതഅല്ലിമീങ്ങളോട് മറ്റുള്ള സ്ഥലങ്ങളിൽ പോയി പഠിക്കാൻ ആവശ്യപ്പെട്ടു.
തുടർന്ന് രിയാളയിൽ ശരീരത്തെ പാകപ്പെടുത്തി അല്ലാഹുവിലേക്കടുക്കാൻ കൂടുതൽ സമയവും ഏകാഗ്രതയിൽ കഴിഞ്ഞ് കൂടി. പകൽ സമയം നോമ്പിലും രാത്രി സുന്നത്ത് നിസ്‌കാരത്തിലുമായി കഴിച്ചു കൂട്ടി. രിയാളക്ക് ശേഷം അവസ്ഥകൾ മാറി വന്നു. മഹത്തുക്കളുടെ ഖബർ സിയാറത്ത് ചെയ്ത് പലയിടത്തേക്കും ഒട്ടേറെ യാത്രകൾ. നിരവധി സ്ഥലങ്ങളിൽ സജൂദുകൾ.
സുന്നത്ത് ജമാഅത്തിന്റെ വിഷയത്തിൽ ആരെയും പേടിക്കാതെ സത്യം അവിടുന്ന് തുറന്നു പറഞ്ഞിരുന്നു. ബിദ്ഈ കക്ഷികളോട് ശക്തമായ വിയോജിപ്പായിരുന്നു. മടവൂരിൽ ഖാസിയായ കാലഘട്ടത്തിൽ ഒരു ബിദ്ഈ കക്ഷിക്ക് നിക്കാഹ് ചെയ്യാൻ പറഞ്ഞപ്പോൾ അതിന് തയ്യാറായില്ല. സുന്നത്ത് ജമാഅത്തിന്റെ ആളുകൾ മഹാ നോടൊപ്പം നിന്നു. എന്നാൽ ഭൗതികരായ ചിലർ മഹാനവർകൾക്ക് എതിരെയും നിന്നു. ഒടുവിൽ ബിദ്ഈ കക്ഷികൾക്ക് നിന്ദ്യതയോടെ തിരിച്ചുപോവേണ്ടി വന്നു. പുതിയ കക്ഷികളുമായി യാതൊരു നിലയിലും മഹാനുഭാവൻ ബന്ധം പുലർത്തിയിരുന്നില്ല.
സുന്നത്ത് ജമാഅത്ത് വളർത്തുന്നതിൽ പണ്ഡിത നേതൃത്വത്തിന് ഒരുപാടനുഭവങ്ങൾ സി എം വലിയുല്ലാഹിയിൽ നിന്ന് തന്നെയുണ്ട്.
രാഷ്ട്രീയ നേതൃത്വം സുന്നി സംഘടനകൾക്കെതിരെ ശത്രുതക്ക് മൂർച്ച കൂട്ടിയ ഘട്ടം. എസ് വൈ എസിന്റെ സമ്മേളനം എറണാകുളത്ത് നടക്കുന്നു. സമ്മേളനം നടത്തരുതെന്ന് രാഷ്ട്രീയ നേതാക്കൾ. സമ്മേളനവുമായി മുന്നോട്ടുപോകുമെന്ന് സുന്നി പണ്ഡിതരും. വളരെയേറെ പ്രതിസന്ധികളും പ്രശ്‌നങ്ങളും നിറഞ്ഞിരുന്ന സുന്നീ പണ്ഡിത നേതാക്കൾ സി എം വലിയുല്ലാഹിയെ സമീപിച്ചു. ‘നിങ്ങൾ എറണാകുളത്തേക്ക് പോവുക. സമ്മേളനം വിജയിച്ചിരിക്കുന്നു’ എന്ന സന്തോഷകരമായ വാക്കായിരുന്നു മഹാനവർകളിൽ നിന്ന് അവർക്ക് ലഭിച്ചത്. പതിനായിരങ്ങൾക്ക് ആശാ കേന്ദ്രവും അഭയവുമായി ആത്മീയ നേതൃത്വം നൽകിയ മഹാനവർകൾ തന്റെ അറുപത്തി മൂന്നാം വയസ്സിൽ ശവ്വാൽ നാലിന് വെള്ളിയാഴ്ച ളുഹാ സമയത്ത് വഫാത്തായി.
മയ്യിത്ത് പരിപാലന കർമങ്ങൾക്കും മറ്റും നേതൃത്വം നൽകിയത് അവേലത്ത് തങ്ങളും വൈലത്തൂർ യൂസുഫുൽ ബുഖാരി തങ്ങളും എ പി ഉസ്താദുമായിരുന്നു.
തലേ ദിവസം വിദേശത്തേക്ക് യാത്ര ചെയ്യാനൊരുങ്ങിയ എ പി ഉസ്താദിനോട് ‘നിങ്ങൾക്ക് നാളെ പോകാം’ എന്നായിരുന്നു സി എം വലിയുല്ലാഹിയുടെ മറുപടി. പിറ്റേ ദിവസം തന്റെ വഫാത്തിന് ശേഷമുള്ള കർമങ്ങൾക്ക് നേതൃത്വം നൽകേണ്ടത് കാന്തപുരം ഉസ്താദാണ് എന്നതതായിരുന്നു ഈ വാക്കിന്റെ പൊരുൾ. ഇന്ന് പതിനായിരങ്ങളുടെ ആശ്രയവും വിജ്ഞാനത്തിന്റെ കേന്ദ്രവുമായി മടവൂർ മാറിക്കൊണ്ടിരിക്കുകയാണ്.
source http://www.sirajlive.com/2021/05/16/479185.html
إرسال تعليق