കേരള രാഷ്ട്രീയ ചരിത്രത്തില്‍ ഏറെ വിവാദങ്ങളിലൂടെ കടന്നുപോയയാളാണ് അന്തരിച്ച ആര്‍ ബാലകൃഷ്ണപിള്ള. 1985ല്‍ കെ. കരുണാകരന്‍ മന്ത്രിസഭയില്‍ വൈദ്യുതമന്ത്രി ആയിരിക്കെ ആര്‍. ബാലകൃഷ്ണപിള്ള എറണാകുളം രാജേന്ദ്ര മൈതാനിയില്‍ നടന്ന കേരളാകോണ്‍ഗ്രസ് സമരപ്രഖ്യാപന സമ്മേളനത്തില്‍ നടത്തിയ പ്രസംഗം വിവാദ കൊടുങ്കാറ്റുയര്‍ത്തി. പഞ്ചാബ് മോഡല്‍ പ്രസംഗം എന്ന പേരിലാണ് ആ പ്രസംഗം പ്രസിദ്ധമായത്.
പാലക്കാട്ട് അനുവദിക്കാമെന്നേറ്റ കോച്ച് ഫാക്ടറി നാടകീയമായി പഞ്ചാബിലേക്കു കൊണ്ടുപോയതിനെപ്പറ്റിയാണു അദ്ദേഹം പ്രസംഗിച്ചത്. ഇത് രാജീവ് ഗാന്ധി പഞ്ചാബുകാരെ പ്രീതിപ്പെടുത്താനാണു ചെയ്തതെന്ന് വിശ്വസിച്ച അദ്ദേഹം, മെയ് 25നു നടന്ന കേരള കോണ്‍ണ്ടഗ്രസിന്റെ എറണാകുളം സമ്മേളനത്തില്‍ കേരളത്തോടുള്ള അവഗണന തുടര്‍ന്നാല്‍ കേരളത്തിലെ ജനങ്ങളും പഞ്ചാബിലെ ജനങ്ങളെ പോലെ സമരത്തിന് (ഖാലിസ്ഥാന്‍ സമരം) നിര്‍ബന്ധിതരാകുമെന്ന പ്രസ്താവനയാണ് അന്ന് ഏറെ കോലിളക്കം സൃഷ്ടിച്ചത്.
ജി. കാര്‍ത്തികേയന്‍ യൂത്ത്കോണ്‍ഗ്രസ് നേതാവെന്ന നിലയില്‍ ഏകകക്ഷി ഭരണത്തിനായി വാദിക്കുന്ന കാലമായതിനാല്‍ പിള്ള എന്ന മന്ത്രിയുടെ പ്രസംഗം സത്യപ്രതിജ്ഞാലംഘനമാണെന്നും പിള്ള രാജി വയ്ക്കണമെന്നും ആവശ്യം ഉയര്‍ന്നു. കേരള ഹൈക്കോടതിയില്‍ വന്ന പൊതുതാല്‍പര്യ ഹര്‍ജിയിന്മേല്‍ ജസ്റ്റീസ് രാധാകൃഷ്ണമേനോന്റെ പരാമര്‍ശത്തെ തുടര്‍ന്ന് പിള്ള മന്ത്രിപദം രാജിവച്ചു. കെ.എം. മാണിക്കായിരുന്നു വൈദ്യുതി വകുപ്പിന്റെ അധിക ചുമതല.
പിള്ളപ്രശ്നം തീരുമാനമാകാതെ നീണ്ടപ്പോള്‍ പത്രപ്രവര്‍ത്തകര്‍ മുഖ്യമന്ത്രി കരുണാകരനെ നിരന്തരം ശല്യം ചെയ്തു. പിള്ളപ്രശ്നം എന്തായെന്ന പത്രക്കാരുടെ ചോദ്യം തുടര്‍ന്നപ്പോള്‍ ‘എന്തു പിള്ള, ഏതു പിള്ള?’ എന്നായിരുന്നു കരുണാകരന്റെ മറുചോദ്യം. ഒടുവില്‍ പിള്ളപ്രശ്നം പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കു വിട്ടുവെന്നായി കരുണാകരന്‍. അക്കാലത്തായിരുന്നു രാജീവ് ഗാന്ധിയുടെ ലക്ഷദ്വീപ് യാത്ര. പ്രശസ്ത്ര പത്രപ്രവര്‍ത്തകരായ കെ.എം. റോയ്, എന്‍.എന്‍. സത്യവ്രതന്‍, രങ്കമണി തുടങ്ങിയവരടങ്ങിയ സംഘം രാജീവ് ഗാന്ധിയോടു പിള്ളപ്രശ്നം ചോദിച്ചപ്പോള്‍ തന്റെ ശ്രദ്ധയില്‍ ഇക്കാര്യം വന്നിട്ടില്ലെന്നും കരുണാകര്‍ജി പറഞ്ഞാല്‍ പരിഹരിക്കാവുന്നതേയുള്ളൂവെന്നുമായിരുന്നു മറുപടി.
പിള്ളയുടേത് രാജ്യദ്രോഹ കുറ്റമാണെന്നും അതില്‍ രാജീവ് ഗാന്ധി അതൃപ്തനാണെന്നും പറഞ്ഞ് മുഖമന്ത്രി കരുണാരന്‍ ബാലകൃഷ്ണപിള്ളയെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കി. ഒരുവര്‍ഷത്തോളം പുറത്തുനിര്‍ത്തിയതിന് ശേഷം അദ്ദേഹത്തെ കരുണാകരന്‍ വീണ്ടും മന്ത്രിസഭയിലെടുത്തു. താനങ്ങനെ പറഞ്ഞിട്ടില്ലെന്ന് ഇക്കാലയളവില്‍ പിള്ള വാദിക്കുകയുായി.
2010ല്‍ തന്റെ പഞ്ചാബ് മോഡല്‍ പ്രസംഗം ശരിയായിരുന്നുവെന്ന് പിന്നീട് പിള്ള പറയുകയുണ്ടായി. താന്‍ നടത്തിയ പഞ്ചാബ് മോഡല്‍ പ്രസംഗത്തിനൊപ്പം നിന്നിരുന്നെങ്കില്‍ കേരളം ഭരിക്കാന്‍ കഴിയുന്ന വന്‍ ശക്തിയായി കേരളാ കോണ്‍ഗ്രസ് മാറുമായിരുന്നുവെന്ന് അവസാന കാലത്തും പിള്ള വിശ്വസിച്ചിരുന്നു. അന്ന് കെ കരുണാകരനും കെ എം മാണിയും ചേര്‍ന്ന് തന്നെ ബലിയാടാക്കുകയായിരുന്നുവെന്നും പിള്ള ഒരിക്കല്‍ പ്രസ്താവിച്ചിരുന്നു.
source http://www.sirajlive.com/2021/05/03/477718.html
إرسال تعليق