വോട്ട് ചോര്‍ച്ച: ധര്‍മജന്റെ വിമര്‍ശനത്തിന് മറുപടിയുമായി ലീഗ്

ബാലുശ്ശേരി |  ബാലുശ്ശേരിയില്‍ തന്റെ തോല്‍വിക്ക് മുസ്ലിം ലീഗ് കേന്ദ്രങ്ങളിലെ വോട്ട് ചോര്‍ച്ചയും കാരണമായെന്ന ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ പരാതിക്ക് മറുപടിയുമായി ലീഗ് മണ്ഡലം കമ്മിറ്റി. തിരഞ്ഞെടുപ്പില്‍ തോറ്റതുമായി ബന്ധപ്പെട്ട് ലീഗിനെ വലിച്ചിഴക്കുന്നത് ദുരുദ്ദേശ്യപരമാണെന്നും തത്പരകക്ഷികള്‍ ഇതില്‍ നിന്നും പിന്മാറണമെന്നും ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ മുസ്ലിം ലീഗ്, യൂത്ത് ലീഗ് നേതൃയോഗം പറഞ്ഞു. ബാലുശ്ശേരിയില്‍ ആത്മാര്‍ഥമായി പ്രവര്‍ത്തിച്ച പ്രവര്‍ത്തകരോടും നേതാക്കന്മാരോടും കാണിക്കുന്ന നന്ദികേടാണ് ധര്‍മജന്റെ ആരോപണങ്ങളെന്ന് മുസ്ലിം ലീഗ് പ്രതികരിച്ചു.

കേരളത്തിലുടനീളം ഉണ്ടായ ഇടതുതരംഗമാണ് ബാലുശ്ശേരിയിലും സംഭവിച്ചത്. മുന്നണി നിശ്ചയിക്കുന്ന ഏത് സ്ഥാനാര്‍ഥികളുടെയും വിജയത്തിനായി മുന്നിട്ടിറങ്ങുന്ന പാരമ്പര്യമാണ് പാര്‍ട്ടിക്കുള്ളതെന്നും ലീഗ് നേതൃത്വം അറിയിച്ചു.
ധര്‍മജന്റെ ആരോപണങ്ങള്‍ക്കെതിരെ യു.ഡി.എഫ് ജില്ലാ സംസ്ഥാന നേതൃത്വങ്ങള്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ഇവര്‍ അറിയിച്ചു.

മണ്ഡലത്തില്‍ വോട്ട് കുറഞ്ഞതുമായി ബന്ധപ്പെട്ട് കെ പി സി സിക്ക് നല്‍കിയ പരാതിയിലാണ് ധര്‍മജന്‍ മുസ്ലിം ലീഗിനെതിരെ ആരോപണങ്ങളുന്നയിച്ചത്. ബാലുശ്ശേരിയില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി സച്ചിന്‍ദേവിനോട് 20223 വോട്ടുകള്‍ക്കാണ് ധര്‍മ്മജന്‍ തോറ്റത്.



source http://www.sirajlive.com/2021/05/28/481246.html

Post a Comment

أحدث أقدم