കൊവിഡ് വാക്‌സിനുകളുടെ പേറ്റന്റ് ഒഴിവാക്കും; കമ്പനികളുടെ എതിര്‍പ്പ് മറികടന്ന് നിര്‍ണായക തീരുമാനവുമായി യു എസ്

ന്യൂയോര്‍ക്ക്  | കൊവിഡ് വാക്സിന്‍ ഉത്പാദനത്തില്‍ കമ്പനികള്‍ നിലനിര്‍ത്തുന്ന കുത്തക തകര്‍ക്കാനൊരുങ്ങി അമേരിക്ക. വാക്സിനുകളുടെ പേറ്റന്റ് എടുത്തുകളയാന്‍ തീരുമാനിച്ചതായി ജോ ബൈഡന്‍ ഭരണകൂടം അറിയിച്ചു. വാക്സിന്‍ കമ്പനികളുടെ വലിയ എതിര്‍പ്പ് മറികടന്നുകൊണ്ടാണ് അമേരിക്ക ഈ നിര്‍ണായ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.

വ്യാപാരങ്ങള്‍ക്ക് ബൗദ്ധിക സ്വത്തവകാശം പ്രധാനമാണെങ്കിലും പകര്‍ച്ചവ്യാധി അവസാനിപ്പിക്കുന്നതിനായി അമേരിക്കന്‍ ഭരണകൂടം കൊവിഡ് വാക്സിനുകള്‍ക്കുള്ള സംരക്ഷണം ഒഴിവാക്കുന്നതിനെ പിന്തുണക്കുന്നതായി യുഎസ് ട്രേഡ് പ്രതിനിധി കാതറിന്‍ തായ് പറഞ്ഞു. ആഗോള ആരോഗ്യ പ്രതിസന്ധിയുടെ കാലത്താണ് ഇത്തരമൊരു അസാധാരണമായ തീരുമാനമെന്നും അവര്‍ പറഞ്ഞു.

കൊവിഡ് രോഗവ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ കൂടുതല്‍ മരുന്നു കമ്പനികളെ വാക്‌സിന്‍ ഉത്പാദനത്തിന് അനുവദിക്കണമെന്ന് ഇന്ത്യയാണ് ലോകവ്യാപാര സംഘനയ്ക്കുള്ളില്‍ ശക്തമായി ആവശ്യപ്പെട്ടത്. ദക്ഷിണാഫ്രിക്കയും സമാന ആവശ്യം ഉന്നയിച്ച് ലോകവ്യാപാര സംഘടനയെ സമീപിച്ചിരുന്നു. എന്നാല്‍ വാക്സിന്‍ ഉത്പാദക കമ്പനികള്‍ ഇതിനെ എതിര്‍ത്തു.

ഫൈസര്‍, മൊഡേണ അടക്കമുള്ള കമ്പനികളുടെ എതിര്‍പ്പ് മറികടന്നുകൊണ്ടാണ് ഇപ്പോള്‍ അമേരിക്ക ഇത്തരമൊരു തീരുമാനമെടുത്തിരിക്കുന്നത്. തീരുമാനം ലോകവ്യാപാര സംഘനയെ അറിയിക്കും. അമേരിക്കന്‍ തീരുമാനത്തെ ലോകാരോഗ്യ സംഘടന സ്വാഗതം ചെയ്തു.



source http://www.sirajlive.com/2021/05/06/478087.html

Post a Comment

أحدث أقدم