ആശുപത്രിക്കൊള്ള: കോടതി വടിയെടുക്കുന്നു

കടുത്ത പ്രഹരമാണ് സ്വകാര്യ ആശുപത്രി അധികൃതര്‍ക്ക് വ്യാഴാഴ്ച ഹൈക്കോടതിയില്‍ നിന്ന് ഏല്‍ക്കേണ്ടി വന്നത്. ചില സ്വകാര്യ ആശുപത്രികള്‍ ചികിത്സക്ക് ഈടാക്കുന്ന അമിത നിരക്കിനെയും ചൂഷണ മനസ്ഥിതിയെയും കോടതി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. ചുരുങ്ങിയ ദിവസത്തെ ചികിത്സക്ക് രണ്ടും മൂന്നും ലക്ഷം ഈടാക്കിയതായി പരാതി ലഭിച്ചുവെന്നറിയിച്ച കോടതി, സ്വകാര്യ ആശുപത്രികളുടെ കൊള്ളനിരക്കിനെതിരെ നിരവധി പേര്‍ കോടതിയെ സമീപിച്ചതായും വ്യക്തമാക്കി. താഴ്ന്ന വരുമാനക്കാരെ പരിഗണിച്ച് സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാ നിരക്ക് പുനര്‍നിര്‍ണയിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയായിരുന്നു ജസ്റ്റിസ് കൗസര്‍, ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട ബഞ്ചിന്റെ രൂക്ഷവിമര്‍ശം.

നിരവധി രോഗികളെ പരിചരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ധരിക്കാനുള്ള പി പി ഇ കിറ്റിന് ഓരോ രോഗിയില്‍ നിന്നും വന്‍തുക ഈടാക്കിയതുള്‍പ്പെടെ അമിത നിരക്ക് തെളിയിക്കുന്ന ആശുപത്രി ബില്ലുകള്‍ കോടതി ഉയര്‍ത്തിക്കാണിച്ചു. പി പി ഇ കിറ്റിനു മാത്രം 40,000 രൂപക്ക് മുകളിലാണ് എറണാകുളത്തെ ഒരു ആശുപത്രി ബില്ലിട്ടത്. കിറ്റിന് രണ്ട് ദിവസത്തേക്ക് 16,000-17,000 രൂപ ഈടാക്കിയ ബില്ലും 21,420 രൂപ ഈടാക്കിയ ബില്ലും കോടതി പ്രദര്‍ശിപ്പിച്ചു. പി പി ഇ കിറ്റ് ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ക്ക് ഓരോ രോഗിയില്‍ നിന്നും മുഴുവന്‍ തുകയും ഈടാക്കാതെ ആനുപാതികമായി ഈടാക്കണമെന്ന് നിര്‍ദേശിച്ച കോടതി ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടു. മരുന്നുകള്‍, ടെസ്റ്റുകള്‍ തുടങ്ങിയവയുടെ യഥാര്‍ഥ ചെലവേ ഈടാക്കാവൂ. രോഗി സമ്പന്നനാണോ ആശുപത്രി ഫൈവ് സ്റ്റാറാണോ എന്നൊന്നും നോക്കാതെ മികച്ച ചികിത്സ നല്‍കണം. ആശുപത്രി അധികൃതര്‍ സാഹചര്യം മനസ്സിലാക്കുമെന്നാണ് പ്രതീക്ഷയെന്നും കോടതി പറഞ്ഞു.
സ്വകാര്യ ആശുപത്രികളുടെ തീവെട്ടിക്കൊള്ളയില്‍ മനുഷ്യാവകാശ കമ്മീഷനും ഇടപെട്ടിട്ടുണ്ട്. തിരുവനന്തപുരം പാറശ്ശാലയിലെ സ്വകാര്യ ആശുപത്രി ഒരു രോഗിയില്‍ നിന്ന് ഒരു ദിവസത്തെ ഓക്‌സിജന് 45,600 രൂപ ഈടാക്കിയതായി വന്ന പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ കേസെടുക്കുകയുണ്ടായി കഴിഞ്ഞ ദിവസം കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്. ഇതേക്കുറിച്ച് ആരോഗ്യവകുപ്പ് ഡയറക്ടറും തിരുവനന്തപുരം ജില്ലാ കലക്ടറും അന്വേഷണം നടത്തി ഉടന്‍ റിപ്പോര്‍ട്ട് ഹാജരാക്കാനും ആവശ്യപ്പെട്ടിരിക്കുകയാണ് കമ്മീഷന്‍. സംഭവം വിവാദമാകുകയും മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുകയും ചെയ്തതോടെ വിശദീകരണവുമായി രംഗത്തു വന്നിട്ടുണ്ട് ആശുപത്രി അധികൃതര്‍. രോഗിയുടെ സ്ഥിതി ഗുരുതരമായതിനാല്‍ കൂടിയ അളവില്‍ മൂന്ന് ദിവസം ഓക്‌സിജന്‍ നല്‍കിയതു കൊണ്ടാണ് കൂടുതല്‍ തുക വന്നതെന്നും ബില്ലില്‍ ഒരു ദിവസമെന്ന് രേഖപ്പെടുത്തിയത് പിഴവാണെന്നുമാണ് വിശദീകരണം.

സ്വകാര്യ ആശുപത്രികളുടെ അമിത ചാര്‍ജിനെ കുറിച്ച് മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലുമെല്ലാം ധാരാളം റിപ്പോര്‍ട്ടുകളും പരാതികളും വന്നുകൊണ്ടിരിക്കുകയാണ്. വന്നുകേറുന്ന രോഗികളെ ആകും വിധം ഞെക്കിപ്പിഴിയുന്ന സമീപനമാണ് പല സ്വകാര്യ ആശുപത്രികളില്‍ നിന്നും പ്രകടമാകുന്നത്. കഴിഞ്ഞ സെപ്തംബറില്‍ കൊവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ തിരുവനന്തപുരം കരമനയിലെ ഒരു സ്വകാര്യ ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കപ്പെട്ട ഒരു രോഗിയുടെ ബന്ധു ആദര്‍ശ് എന്ന വ്യക്തി തനിക്കുണ്ടായ അനുഭവം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും അണിയാനുള്ള ഡിസ്‌പോസിബിള്‍ ഗൗണിന്റെയും ഗ്ലൗസിന്റെയും പണം രോഗി നല്‍കണം. എന്നാല്‍ ഓരോ രോഗിയില്‍ നിന്നും ഈയിനത്തില്‍ പണം വാങ്ങുന്ന ഇവര്‍ ഒരു രോഗിയെ ചികിത്സിച്ച അതേ ഗൗണും ഗ്ലൗസും അണിഞ്ഞാണ് മറ്റു രോഗികളെയും പരിചരിക്കുന്നതെന്ന് അനുഭവത്തിന്റെ വെളിച്ചത്തില്‍ വിവരിക്കുന്ന ആദര്‍ശ് എന്തുകൊണ്ടാണ് കൊവിഡ് കാലത്തുപോലും മനുഷ്യനെ മനുഷ്യനായി കാണാന്‍ ഇവര്‍ക്കു സാധിക്കാത്തതെന്നും ചോദിക്കുന്നു.

സംസ്ഥാന സര്‍ക്കാര്‍ ആര്‍ ടി പി സി ആര്‍ പരിശോധനാ നിരക്ക് കുറച്ചപ്പോള്‍ അത് അംഗീകരിക്കാന്‍ സമ്മതിച്ചില്ല പല സ്വകാര്യ ആശുപത്രികളും ലാബുകളും. ഐ സി എം ആര്‍ അംഗീകരിച്ച പരിശോധനാ കിറ്റുകള്‍ക്ക് വില കുറഞ്ഞതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ പരിശോധനാ നിരക്ക് 1,700ല്‍ നിന്ന് 500 രൂപയായി കുറച്ചത്. ഇതിനെതിരെ സ്വകാര്യ ലാബുകള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ആര്‍ ടി പി സി ആര്‍ പരിശോധനക്ക് 135 മുതല്‍ 245 രൂപ വരെ മാത്രമേ ചെലവ് വരികയുള്ളൂവെന്ന് നിരീക്ഷിച്ച കോടതി, അവരുടെ ഹരജി തള്ളിയെന്നു മാത്രമല്ല, നിരക്ക് കുറച്ച സര്‍ക്കാര്‍ നടപടിയെ പ്രശംസിക്കുകയും ചെയ്തു. കൊവിഡ് പരിശോധന ആവശ്യസേവനത്തില്‍ ഉള്‍പ്പെടുത്തുന്ന കാര്യം സര്‍ക്കാറിനു തീരുമാനിക്കാവുന്നതാണെന്നും കോടതി അറിയിച്ചു.
ഒരു വര്‍ഷത്തിലേറെ നീണ്ട മഹാമാരിയുടെ വ്യാപനത്തില്‍ സര്‍ക്കാറും ജനങ്ങളും കടുത്ത ഭീതിയെയും സാമ്പത്തിക പ്രതിസന്ധിയെയും അഭിമുഖീകരിച്ചു കൊണ്ടിരിക്കെ സ്വകാര്യ ആശുപത്രികള്‍ തങ്ങളുടെ നിരക്കിലും രോഗികളോടുള്ള സമീപനത്തിലുമൊക്കെ ഉദാരതയും മാനുഷികതയും പ്രകടിപ്പിക്കേണ്ടതുണ്ട്. കോടതി ചൂണ്ടിക്കാട്ടിയതു പോലെ അമിത നിരക്ക് ഈടാക്കുന്ന സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ ഒരു പുനര്‍വിചിന്തനത്തിനു സന്നദ്ധമാകേണ്ടതാണ്. ചികിത്സാ നിരക്കിന്റെ കാര്യത്തില്‍ സ്വകാര്യ ആശുപത്രികളില്‍ ഏകീകരണം വേണമെന്നാണ് കോടതി ആവശ്യപ്പെട്ടത്. ആശുപത്രികള്‍ വിവിധ കാറ്റഗറിയിലായതിനാല്‍ നിരക്ക് ഏകീകരണം അത്ര പ്രായോഗികമാകണമെന്നില്ല. ഇക്കാര്യത്തില്‍ സ്വകാര്യ ആശുപത്രികളും പ്രയാസം അറിയിച്ചിട്ടുണ്ട്. എങ്കിലും ഇപ്പോഴത്തെ സാഹചര്യം പരിഗണിച്ച് നിരക്കില്‍ ഗണ്യമായ കുറവ് വരുത്താന്‍ അവര്‍ക്കു സാധിക്കും. സാധാരണക്കാര്‍ പോലും തങ്ങളുടെ സമ്പാദ്യം കൊവിഡിനോടു പൊരുതാന്‍ ഉപയോഗിക്കുമ്പോള്‍ എന്തുകൊണ്ട് ആശുപത്രി അധികൃതര്‍ക്കും കുറച്ചു വിട്ടുവീഴ്ച ചെയ്തുകൂടാ?

അതേസമയം സ്വകാര്യ ആശുപത്രികളിലുമുണ്ട് മനസ്സാക്ഷിയും മനുഷ്യപ്പറ്റുമുള്ളവരെന്ന കാര്യം വിസ്മരിക്കാവതല്ല. ചുരുക്കമെങ്കിലും കാര്യത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് മിതമായ നിരക്കില്‍ ചികിത്സിക്കുന്ന ആശുപത്രികളുമുണ്ട് സംസ്ഥാനത്ത്. ഇക്കാര്യം ഹൈക്കോടതി തന്നെ എടുത്തുപറയുകയുണ്ടായി. അവര്‍ അഭിനന്ദനമര്‍ഹിക്കുന്നു.



source http://www.sirajlive.com/2021/05/08/478262.html

Post a Comment

Previous Post Next Post