കണ്ണൂർ | കണ്ണൂരിൽ ചെങ്കോട്ട കാത്ത് എൽ ഡി എഫ്. അഞ്ച് വരെ സീറ്റുകൾ പ്രതീക്ഷിച്ച യു ഡി എഫിനെ രണ്ട് സീറ്റിലൊതുക്കിയാണ് കണ്ണൂരിൽ ഇടത് മുന്നണി ചരിത്ര വിജയം നേടിയത്. 2016 ലെ തിരഞ്ഞെടുപ്പിൽ മൂന്ന് സീറ്റിൽ ജയിച്ച യു ഡി എഫിന് ഇത്തവണ നേടാനായത് രണ്ട് സീറ്റാണ്. ഇരിക്കൂറിലും പേരാവൂരിലും മാത്രമാണ് യു ഡി എഫിന് ജയിച്ച് കയറാനായത്. യു ഡി എഫിൽ നിന്ന് അഴീക്കോട് എൽ ഡി എഫ് പിടിച്ചെടുത്തു, കഴിഞ്ഞ തവണ എൽ ഡി എഫ് പിടിച്ചെടുത്ത കണ്ണൂർ തിരിച്ച് പിടിക്കാനും യു ഡി എഫിനായില്ല.
കണ്ണൂർ മണ്ഡലത്തിൽ അവർ വലിയ പ്രതീക്ഷ പുലർത്തിയില്ലെങ്കിലും ഇവിടെ മന്ത്രി കൂടിയായ രാമചന്ദ്രൻ കടന്നപ്പള്ളി ഇത്തവണയും അട്ടിമറി വിജയം ആവർത്തിച്ചു. കോൺഗ്രസ് വോട്ടിൽ ചോർച്ചയുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ.
അഴീക്കോട് സീറ്റ് കെ എം ഷാജിയിൽ നിന്ന് എൽ ഡി എഫിലെ കെ വി സുമേഷ് പിടിച്ചെടുക്കുകയായിരുന്നു. അഴിമതിയാരോപണം ഉൾപ്പെടെയാണ് ഷാജിക്ക് തിരിച്ചടിയായത്. ഇടത് തരംഗം ആഞ്ഞുവീശിയപ്പോഴും ഇരിക്കൂറും പേരാവൂരും പിടിച്ചു നിന്നുവെന്നത് യു ഡി എഫിന് ആശ്വാസകരമാണ്. എന്നാൽ രണ്ടിടത്തും ഭൂരിപക്ഷത്തിൽ വലിയ ഇടിവ് യു ഡി എഫിനുണ്ടായിട്ടുണ്ട്. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് സിറ്റിംഗ് സീറ്റായ പേരാവൂർ യു ഡി എഫ് സ്ഥാനാർഥി സണ്ണി ജോസഫിന് നില നിർത്താനായത്.
ഇരിക്കൂറിൽ യു ഡി എഫ് സ്ഥാനാർഥി സജീവ് ജോസഫ് ജയിച്ചു കയറി. ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയനും മട്ടന്നൂരിൽ ആരോഗ്യമന്ത്രി കെ കെ ശൈലജയും ചരിത്ര ഭൂരിപക്ഷത്തോടെയാണ് ജയിച്ചത്. എൽ ഡി എഫിന്റെ സിറ്റിംഗ് സീറ്റുകളായ പയ്യന്നൂരിൽ ടി ഐ മധുസൂധനനും തളിപ്പറമ്പിൽ എം വി ഗോവിന്ദൻ മാസ്റ്ററും കല്ല്യാശേരിയിൽ എം വിജിനും കൂത്തുപറമ്പിൽ കെ പി മോഹനനും തലശ്ശേരിയിൽ എ എൻ ഷംസീറും വലിയ വെല്ലുവിളിയൊന്നുമില്ലാതെ മികച്ച വിജയം കരസ്ഥമാക്കി.
source http://www.sirajlive.com/2021/05/03/477779.html
Post a Comment