നമ്മിലെത്ര പേർ ബാക്കിയാകും?

വർഗീയ ധ്രുവീകരണത്തിന് സാക്ഷിയായ 2017ലെ ഉത്തർ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് വേള. പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്യുന്നു. അന്ന് ഉത്തർ പ്രദേശ് ഭരിച്ചിരുന്ന പ്രതിപക്ഷ നിരയിലെ സർക്കാറിനെ വിമർശിക്കുന്നതിന് അദ്ദേഹം ഉപയോഗിച്ച വാചകങ്ങൾ ഇപ്രകാരമായിരുന്നു: മുസ്‌ലിംകളെ പ്രീണിപ്പിക്കുന്നതിന് ഹിന്ദു ശ്മശാനങ്ങളേക്കാൾ മുസ്‌ലിം ഖബർസ്ഥാനുകൾക്കാണ് സംസ്ഥാന സർക്കാർ പണം ചെലവഴിക്കുന്നത്. തന്റെ സ്വതസിദ്ധമായ ശൈലിയിൽ ആരോഹണാവരോഹണങ്ങൾ നിറഞ്ഞ ശബ്ദത്തിൽ ഏറെ നാടകീയമായി അദ്ദേഹം ജനക്കൂട്ടത്തെ ഇളക്കിമറിച്ച് ഇങ്ങനെ കൂടി പറഞ്ഞുവെച്ചു: ഒരു ഗ്രാമത്തിൽ ഒരു ഖബർസ്ഥാൻ നിർമിക്കുന്നുവെങ്കിൽ അവിടെ തീർച്ചയായും ഒരു ശ്മശാനം കൂടി നിർമിക്കണം. ശ്മശാൻ, ശ്മശാൻ എന്ന അദ്ദേഹത്തിന്റെ മന്ത്രം ജനക്കൂട്ടം ഏറ്റുപറഞ്ഞു.

ഇപ്പോൾ അദ്ദേഹത്തിന് സന്തോഷമായിക്കാണും. ഇന്ത്യയിലെ ശ്മശാനങ്ങളിൽ നിന്നുള്ള കൂട്ട ചിതയിൽ നിന്നുയരുന്ന തീനാളങ്ങളുടെ മുറിപ്പെടുത്തുന്ന ചിത്രങ്ങളാണല്ലോ അന്താരാഷ്ട്ര പത്രങ്ങളുടെ ആദ്യ പേജിൽ തന്നെ അച്ചടിച്ചുവരുന്നത്. ശരിയായ ജനസംഖ്യാനുപാതത്തിൽ തന്നെ അദ്ദേഹത്തിന്റെ രാജ്യത്തെ എല്ലാ ഖബർസ്ഥാനുകളും ശ്മശാനങ്ങളും യഥാവിധം പ്രവർത്തിക്കുന്നു. ചിലപ്പോൾ അവയുടെ ശേഷിക്കപ്പുറവും പ്രവർത്തിക്കുന്നു.

130 കോടി ജനങ്ങൾ വരുന്ന ഇന്ത്യയെ ഒറ്റക്കാക്കാനാകുമോയെന്ന് ഈയടുത്താണ് വാഷിംഗ്ടൺ പോസ്റ്റ് മുഖപ്രസംഗത്തിൽ ആലങ്കാരികമായി ചോദിച്ചത്. ഇന്ത്യയിലെ ദുരന്തം അനാവരണം ചെയ്തും അതിവേഗം പടരുന്ന പുതിയ കൊവിഡ് വകഭേദത്തെ പിടിച്ചുകെട്ടാനുള്ള ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടിയുമായിരുന്നു ഈ മുഖപ്രസംഗം. എളുപ്പമല്ലായെന്ന് മുഖപ്രസംഗം തന്നെ ഉത്തരവും നൽകുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പ് യു കെയിലും യൂറോപ്പിലും കൊറോണവൈറസിന്റെ രൂക്ഷമായ ആക്രമണമുണ്ടായപ്പോൾ ഉയർന്ന ചോദ്യം പോലെയല്ലിത്. ആ പ്രതിസന്ധിയുണ്ടായ ഈ വർഷം ജനുവരിയിൽ ലോക സാമ്പത്തിക ഫോറത്തിൽ മോദി ഒരു പ്രസംഗം നടത്തിയിരുന്നു. യൂറോപ്പും അമേരിക്കയും കൊവിഡ് രണ്ടാം തരംഗത്തിന്റെ പാരമ്യം നേരിടുന്ന ആ അവസരത്തിൽ നടന്ന പ്രസംഗത്തിൽ ഒരു വാക്ക് കൊണ്ടുപോലും അനുകമ്പ അദ്ദേഹം പ്രകടിപ്പിച്ചില്ല. മറിച്ച്, ഇന്ത്യയുടെ പശ്ചാത്തല സൗകര്യ വികസനത്തെയും കൊവിഡ് സന്നദ്ധതയെയും സംബന്ധിച്ച നെടുനീളൻ തൻപോരിമ ഭാഷണമായിരുന്നു. മോദി ഭരണകൂടം ചരിത്രം തിരുത്തിയെഴുതുകയാണെങ്കിൽ അപ്രത്യക്ഷമാകാൻ ഇടയുണ്ടെന്ന ആശങ്കയാൽ ആ പ്രസംഗം ഞാൻ ഡൗൺലോഡ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ട്. കൊറോണവൈറസിനെ കാര്യക്ഷമമായി നിയന്ത്രിച്ച് മനുഷ്യരെ സേവിച്ചതിന് മോദിയെന്ന മാന്ത്രികൻ നമ്രശിരസ്‌കനായി. എന്നാൽ, ഇപ്പോഴത്തെ സംഭവവികാസങ്ങൾ തെളിയിക്കുന്നത് കൊറോണവൈറസിനെ നിയന്ത്രിക്കാൻ സാധിച്ചില്ല എന്നാണ്.

ഇത്തരമൊരു കൊവിഡ് സുനാമി നേരത്തേ പ്രവചിക്കപ്പെട്ടതാണ്. മോദി തന്റെ പ്രസംഗത്തിൽ അഭിമാനം കൊണ്ട കൊവിഡ് കേന്ദ്രീകൃത അടിസ്ഥാന സൗകര്യവും വൈറസിനെതിരായ ജനകീയ മുന്നേറ്റവും എവിടെ? ആശുപത്രികൾ നിറഞ്ഞുകവിഞ്ഞു. ഡോക്ടർമാരുടെയും മറ്റ് ആരോഗ്യ പ്രവർത്തകരുടെയും നടുവൊടിഞ്ഞു. വാർഡുകളിൽ ജീവനക്കാരില്ലാത്തതിനെക്കുറിച്ച് പറയാനും ജീവനുള്ള രോഗികളേക്കാൾ മരിച്ചവരുടെ വേദനകൾ പറയാനും സുഹൃത്തുക്കൾ ഫോൺ ചെയ്യുന്നു. ആശുപത്രി വരാന്തകളിലും റോഡുകളിലും വീടുകളിലും ആളുകൾ മരിച്ചുവീഴുന്നു. വിറകില്ലാതെ ഡൽഹിയിലെ ശ്മശാനങ്ങൾ മാറിയിരിക്കുന്നു. നഗരത്തിലെ മരങ്ങൾ മുറിക്കാൻ വനം വകുപ്പ് പ്രത്യേക അനുമതി നൽകുന്നു. ഹതാശരായ ജനത കിട്ടുന്നതെന്തുമെടുത്ത് കത്തിക്കുന്നു. പാർക്കുകളിലും കാർ പാർക്കിംഗ് സ്ഥലങ്ങളിലും വരെ ചിതയൊരുക്കുന്നു. നമ്മുടെ ആകാശത്ത് അദൃശ്യരായ സത്വങ്ങൾ നിലകൊള്ളുന്നത് പോലെ. അവ നമ്മുടെ ഇടനെഞ്ചിൽ നിന്ന് ജീവവായു വലിച്ചെടുക്കുന്നു.

ഇന്ത്യയുടെ ഓഹരി വിപണിയിലെ പുതിയ നാണയമായിരിക്കുകയാണ് ഓക്സിജൻ. രാജ്യത്തിന്റെ ഉന്നത ശ്രേണിയിലുള്ള മുതിർന്ന രാഷ്ട്രീയക്കാരും മാധ്യമപ്രവർത്തകരും അഭിഭാഷകരും ഹോസ്പിറ്റൽ ബെഡ്ഡിനും ഓക്സിജൻ സിലിൻഡറിനും വേണ്ടി ട്വിറ്ററിൽ കരഞ്ഞപേക്ഷിക്കുന്നു. സിലിൻഡർ കരിഞ്ചന്ത കൊഴുക്കുന്നു. ഓക്സിജൻ അനുബന്ധ ഉപകരണങ്ങളും മരുന്നുകളും കിട്ടാക്കനിയാകുന്നു.

മറ്റുള്ളവക്കും ഇപ്പോൾ വിപണിയായിരിക്കുന്നു. ഉദാര വിപണിയുടെ താഴേ മൂലയിൽ, നിങ്ങളുടെ പ്രിയപ്പെട്ടവരെ അവസാനമായി ഒന്നു കാണാൻ കൈക്കൂലി കൊടുക്കേണ്ടി വരുന്നു. അന്ത്യകർമങ്ങൾ ചെയ്യുമെന്ന് സമ്മതിക്കാൻ പൂജാരിക്ക് കിമ്പളം കൊടുക്കണം. ഹതാശരായ കുടുംബാംഗങ്ങളുടെ ഓൺലൈൻ മെഡിക്കൽ കൺസൾട്ടൻസി നേടുന്നത് ധർമമെന്തെന്നറിയാത്ത ഡോക്ടർമാരോടാണ്. ഏറ്റവും മുകളിൽ, സ്വകാര്യ ആശുപത്രിയിലെ ചികിത്സക്ക് ഭൂമിയും വീടും അവസാന കരുതൽ നാണയത്തുട്ടും വിൽക്കേണ്ടി വരുന്നു. ചികിത്സിക്കാനല്ല, ആശുപത്രിയിൽ അഡ്മിഷൻ നേടാനാണ്, ഒരുപാട് തലമുറകൾക്ക് വേണ്ട സമ്പാദ്യം ചെലവഴിക്കേണ്ടത്.

ഇപ്പറഞ്ഞതൊന്നും വേദനയുടെയും സങ്കടത്തിന്റെയും പീഡനത്തിന്റെയും എല്ലാത്തിലുമുപരി ജനങ്ങൾ നേരിടുന്ന അപമാനത്തിന്റെയും ആഴം ഒരിക്കലും പ്രതിഫലിപ്പിക്കുന്നില്ല. കാര്യങ്ങൾ തീർച്ചയായും മാറിമറിയും. അന്നത് കാണാൻ നമ്മിലെത്ര പേരുണ്ടാകുമെന്ന് അറിയില്ല. സമ്പന്നർ തീർച്ചയായും ജീവവായു ശ്വസിക്കും. ദരിദ്രർക്ക് അതിന് പറ്റില്ല. രോഗത്തിനും മരണത്തിനുമിടക്ക് ജനാധിപത്യത്തിന്റെ അവശിഷ്ടമുണ്ട്. നിലവിൽ സമ്പന്നരും വീണിട്ടുണ്ട്. ആശുപത്രികൾ ഓക്സിജന് വേണ്ടി യാചിക്കുന്നു. ചില ആശുപത്രികൾ രോഗികളോട് ഓക്സിജൻ കൊണ്ടുവരാൻ ആവശ്യപ്പെടുന്നു. സംസ്ഥാനങ്ങൾക്കിടയിൽ തീവ്ര പോരാട്ടത്തിനുള്ള കാരണമായി ഓക്സിജൻ പ്രതിസന്ധി മാറിയിരിക്കുന്നു. പരസ്പരം കുറ്റപ്പെടുത്തൽ നടത്തുകയാണ് രാഷ്ട്രീയ പാർട്ടികൾ.

ഓക്സിജനും മറ്റും സംബന്ധിച്ച് പരാതിപ്പെടുന്നവരെ ഭീഷിണിപ്പെടുത്തുന്നത് ഉത്തർ പ്രദേശിൽ മാത്രം പരിമിതമല്ല. മോദിയും മറ്റ് പല കേന്ദ്ര മന്ത്രിമാരും അംഗങ്ങളായ ആർ എസ് എസ് എന്ന സായുധ സംഘത്തിന്റെ വക്താവ് മുന്നറിയിപ്പ് നൽകിയത്, ഇന്ത്യാവിരുദ്ധ ശക്തികൾ ഈ പ്രതിസന്ധിയെ കരിവാരിത്തേക്കാനും അവിശ്വാസത്തിനും ഉപയോഗിക്കുമെന്നും നല്ല അന്തരീക്ഷം സൃഷ്ടിക്കാൻ മാധ്യമങ്ങളോട് സഹായം അഭ്യർഥിക്കണമെന്നുമാണ്. സർക്കാറിനെ വിമർശിക്കുന്ന അക്കൗണ്ടുകൾ ഡി ആക്ടിവേറ്റ് ചെയ്ത് ട്വിറ്റർ അവരെ സഹായിച്ചിട്ടുമുണ്ട്.

(ദി ഗാർഡിയനിൽ അരുന്ധതി റോയി എഴുതിയ ലേഖനത്തിൽ നിന്ന്)



source http://www.sirajlive.com/2021/05/02/477676.html

Post a Comment

Previous Post Next Post