മലപ്പുറം | മുപ്പത് ദിനത്തെ വ്രതശുദ്ധിക്ക് ശേഷം കടന്നുവന്ന ചെറിയ പെരുന്നാള്‍ കോവിഡ് പശ്ചാതലത്തില്‍ വീടകത്ത് ഒതുക്കി മികച്ച മാതൃകയാണ് വിശ്വാസികള്‍ സൃഷ്ടിച്ചതെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറിയും മഅദിന്‍ അക്കാദമി ചെയര്‍മാനുമായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പറഞ്ഞു.
മുസ്ലിംകളെ സംബന്ധിച്ചിടത്തോളം ഈദുല്‍ ഫിത്വര്‍ കൂടിച്ചേരലിന്റെയും പങ്ക് വെക്കലിന്റെയും സുദിനമാണ്. പക്ഷെ കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ സര്‍ക്കാറും ആരോഗ്യ പ്രവര്‍ത്തകരും മതപണ്ഡിതരും പെരുന്നാള്‍ നിസ്‌കാരവും അനുബന്ധ ആഘോഷങ്ങളും വീട്ടിനുള്ളില്‍ ഒതുക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതുള്‍ക്കൊണ്ട് വിശ്വാസികള്‍ പൂര്‍ണമായും വീടുകളിലൊതുങ്ങി. അതും വിശ്വാസത്തിന്റെ ഭാഗമാണ്.
ആരോഗ്യ സംരക്ഷണത്തിന് ഇസ്ലാം നല്‍കുന്ന സ്ഥാനം വളരെ വലുതാണ്. നിങ്ങള്‍ പകര്‍ച്ച വ്യാധി ഉള്ള സ്ഥലങ്ങളിലേക്കോ തിരിച്ചോ യാത്ര ചെയ്യരുതെന്നും തന്റെ ജീവന്‍ പോലെത്തന്നെ സഹജീവികളുടെ ജീവനും വില കല്‍പിക്കണമെന്നും പ്രവാചകന്‍ പഠിപ്പിച്ചു. ഇത്തവണത്തെ പെരുന്നാള്‍ കോവിഡ് പോരാളികള്‍ക്കുള്ള ഐക്യദാര്‍ഢ്യവുമായി. സാധാരണ ഗതിയില്‍ കുടുംബ വീടുകള്‍ സന്ദര്‍ശിക്കുകയും ബന്ധം സുദൃഢമാക്കുകയും ചെയ്യലായിരുന്നു പെരുന്നാള്‍ ദിനത്തിന്റെ പ്രത്യേകത. എന്നാല്‍ അതെല്ലാം ഇത്തവണ സാമൂഹിക മാധ്യമങ്ങള്‍ മുഖേനയാക്കി.
മരണപ്പെട്ടവരുടെ ഖബ്ര്‍ സന്ദര്‍ശിച്ച് അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥന നടത്തുകയെന്നത് ഈ ദിവസത്തില്‍ വിശ്വാസികള്‍ ചെയ്യുക പതിവാണ്. എന്നാല്‍ ഇത്തവണ വീടിനുള്ളില്‍ പ്രാര്‍ത്ഥനാ മജ്‌ലിസുകള്‍ സംഘടിപ്പിച്ചു. ഇതെല്ലാം കോവിഡ് കാലത്തെ മികച്ച പ്രവര്‍ത്തനങ്ങളായി ചരിത്രം രേഖപ്പെടുത്തുമെന്നും ഖലീല്‍ ബുഖാരി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
source http://www.sirajlive.com/2021/05/13/478914.html
إرسال تعليق