ആര്‍ ബാലകൃഷ്ണപിള്ള അന്തരിച്ചു

കൊല്ലം | കേരള കോണ്‍ഗ്രസ് ബി ചെയര്‍മാനും മുന്‍ മന്ത്രിയുമായ ആര്‍ ബാലകൃഷ്ണ പിള്ള അന്തരിച്ചു. 86 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. കൊട്ടാരക്കരി വിജയദാസ് ആശുപത്രിയിൽ തിങ്കളാഴ്ച പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു അന്ത്യം. മകൻ കെ ബി ഗണേഷ് കുമാർ ഉൾപ്പെടെ ബന്ധുക്കൾ ആശുപത്രിയിലുണ്ടായിരുന്നു. വാർധക്യസഹജമായ ബുദ്ധിമുട്ടുകൾക്കിടയിലും ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഗണേഷ് കുമാറിന്റെ പ്രചാരണ യോഗങ്ങളിൽ സജീവമായി പങ്കെടുത്തിരുന്നു. കഴിഞ്ഞ മാസം 28നാണ് ശ്വാസ തടസ്സത്തെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

മൃതദേഹം കൊട്ടാരക്കരയിലെ അദ്ദേഹത്തിന്റെ വസതിയില്‍ മൃതദേഹം എത്തിക്കും. ഒന്‍പത് മണിവരെ അവിടെ പൊതുദര്‍ശനത്തിന് ശേഷം അദ്ദേഹത്തിന്റെ തറവാടായ വാളകം കീഴൂട്ട് തറവാട്ടിലേക്ക് കൊണ്ടുപോകും. ഉച്ചക്ക് ശേഷം അവിടെയാണ് സംസ്‌കാരം.

കൊല്ലം ജില്ലയിലെ കീഴൂട്ട് രാമന്‍ പിള്ള, കാര്‍ത്ത്യായനിയമ്മ ദമ്പതികളുടെ മകനായി 1935 മാര്‍ച്ച് എട്ടിന് കൊട്ടാരക്കരയിലാണ് ബാലകൃഷ്ണ പിള്ളയുടെ ജനനം. വിദ്യാര്‍ത്ഥിയായിരിക്കെ രാഷ്ട്രീയത്തില്‍ ആകൃഷ്ടനായ ബാലകൃഷ്ണപിള്ള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലൂടെയാണ് സജീവ രാഷ്ട്രീയപ്രവര്‍ത്തകനായി മാറിയത്. ഒരേ സമയം മന്ത്രിയും പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും വഹിച്ചിരുന്നു. മുന്നാക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാനായി സേവനമനുഷ്ടിക്കുന്നതിനിടെയാണ് അന്ത്യം.

‘പഞ്ചാബ് മോഡല്‍ പ്രസംഗം’ എന്ന പേരില്‍ വിവാദമായ പ്രസംഗത്തിന്റെ പേരില്‍ ഒരു സന്ദര്‍ഭത്തില്‍ ഇദ്ദേഹത്തിന് മന്ത്രിസ്ഥാനം രാജി വെക്കേണ്ടി വന്നിട്ടുണ്ട്. കൂറുമാറ്റ നിരോധന നിയമപ്രകാരം ശിക്ഷിക്കപ്പെട്ട ആദ്യ നിയമസഭാ സാമാജികനുമാണ് ബാലകൃഷ്ണപിള്ള. ഇടമലയാര്‍ കേസില്‍ സുപ്രീം കോടതി ഒരു വര്‍ഷത്തേക്കു തടവു ശിക്ഷക്ക് വിധിച്ചിരുന്നു. അഴിമതി കേസില്‍ ശിക്ഷിക്കപ്പെടുന്ന കേരളത്തിലെ ആദ്യത്തെ മന്ത്രിയെന്ന പേരും ആര്‍. ബാലകൃഷ്ണപ്പിള്ളയുടെ പേരിലായിരന്നു. എന്നാല്‍, ശിക്ഷാകാലാവധി പൂര്‍ത്തിയാകുന്നതിനു മുന്‍പ് കേരളപ്പിറവിയോടനുബന്ധിച്ച് മറ്റ് 138 തടവുകാര്‍ക്കൊപ്പം ശിക്ഷായിളവ് നല്‍കി ഇദ്ദേഹത്തെ വിട്ടയച്ചു. 69 ദിവസത്തെ ജയില്‍ വാസത്തിനൊപ്പം 75 ദിവസത്തെ പരോളും 85 ദിവസത്തെ ആസ്പത്രി ചികിത്സാക്കാലവും ശിക്ഷായിളവിനായി പരിഗണിക്കപ്പെട്ടിരുന്നു. ജയില്‍ ശിക്ഷയ്ക്കിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചത് വിവാദമായതിനെത്തുടര്‍ന്ന് ശിക്ഷാ ഇളവില്‍ നാല് ദിവസം നേരത്തേ വെട്ടിക്കുറച്ചിരുന്നു. 2017ലാണ് മുന്നാക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാനായി അദ്ദേഹം സ്ഥാനമേറ്റത്.

1963 മുതല്‍ തുടര്‍ച്ചയായി 27 വര്‍ഷം ഇടമുളയ്ക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു. 11 വര്‍ഷം കൊട്ടാരക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും വഹിച്ചു. 1975-ല്‍ സി. അച്യുതമേനോന്‍ മന്ത്രിസഭയില്‍ ഗതാഗത, എക്‌സൈസ്, ജയില്‍ വകുപ്പ് മന്ത്രിയായി ആദ്യമായി മന്ത്രിസ്ഥാനത്തെത്തി.
1980-82, 82-85, 86-87 കാലഘട്ടങ്ങളില്‍ വൈദ്യുതിവകുപ്പ് മന്ത്രിയായിട്ടുണ്ട്. 1991-95, 2001-2004 കാലഘട്ടത്തില്‍ ഗതാഗതവകുപ്പ് മന്ത്രിയായും സേവനമനുഷ്ഠിച്ചു.

കെ.പി.സി.സി. എക്‌സിക്യൂട്ടീവ് അംഗം, എ.ഐ.സി.സി. അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു. 1963-64 കാലഘട്ടത്തില്‍ കേരള നിയമസഭയില്‍ ഭവനസമിതിയുടെ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടു. 1964-ല്‍ കേരളാ കോണ്‍ഗ്രസിന്റെ സ്ഥാപകനേതാക്കളില്‍ ഒരാളായി. പാര്‍ട്ടിയുടെ സ്ഥാപക ജനറല്‍ സെക്രട്ടറിയായിരുന്നു. 1971-ല്‍ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1960, 1965,1977,1980,1982,1987,1991, 1996, 2001 എന്നീ വര്‍ഷങ്ങളില്‍ കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അവസാനമായി കൊട്ടാരക്കരയില്‍ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്.

മാധ്യമം വാരികയില്‍ ഖണ്ഡശഃ പ്രസിദ്ധീകരിച്ചു വന്ന ബാലകൃഷ്ണപിള്ളയുടെ ആത്മകഥാക്കുറിപ്പുകള്‍ ഡി.സി. ബുക്‌സ് പുസ്തകരൂപത്തില്‍ പുനഃക്രമീകരിച്ചു. എന്നാല്‍ പ്രസിദ്ധീകരണത്തിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്ന ഘട്ടത്തില്‍ ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട് അദ്ദേഹത്തിന് പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ 5990-ആം തടവുപുള്ളിയാകേണ്ടി വന്നു. ഇതാണ് തന്റെ ആത്മകഥക്ക് അദ്ദേഹം ‘പ്രിസണര്‍ 5990’ തലക്കെട്ട് നല്‍കുവാന്‍ കാരണമായത്.ധ9പ 2011 മാര്‍ച്ചിലാണ് ഇതിന്റെ ആദ്യപതിപ്പ് പുറത്തിറങ്ങിയത്

ആര്‍. വത്സലയാണ് ഭാര്യ. സംസ്ഥാന വനം വകുപ്പ് മുന്‍ മന്ത്രിയും ചലച്ചിത്രതാരവുമായ ഗണേഷ് കുമാര്‍ മകനാണ്. കൂടാതെ രണ്ട് പെണ്‍മക്കളുമുണ്ട്.



source http://www.sirajlive.com/2021/05/03/477715.html

Post a Comment

Previous Post Next Post