കൊല്‍ക്കത്ത | പശ്ചിമ ബംഗാള്‍ തൃണമൂല്‍ കോണ്‍ഗ്രസ് തൂത്തുവാരിയപ്പോള്‍ മുഖ്യമന്ത്രിയും പാര്‍ട്ടി നേതാവുമായ മമത ബാനര്‍ജിക്ക് തോല്‍വി. നന്ദിഗ്രാം മണ്ഡലത്തില്‍ തന്റെ മുന്‍ വിശ്വസ്തന്‍ സുവേന്ദു അധികാരിയോടാണ് മമത അടിയറവ് പറഞ്ഞത്. 9862 വോട്ടുകള്‍ക്കാണ് തോല്‍വി.
തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്ന് മത്സരിച്ച സുവേന്ദു അധികാരി 62,677 വോട്ടുകള്‍ നേടിയപ്പോള്‍ മമതാ ബാനര്‍ജിക്ക് 52,815 വോട്ടുകളേ നേടാനായുള്ളൂ. വെല്ലുവിളിയെന്നോണമാണ് മമത ഇത്തവണ നന്ദിഗ്രാമില്‍ മത്സരിച്ചത്. സുവേന്ദു അധികാരിയോട് ഏറ്റുമുട്ടുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. എന്നാല്‍ ആ പോരാട്ടത്തില്‍ അവര്‍ക്ക് അടിയറവ് പറയേണ്ടിവരികയായിരുന്നു.
നന്ദിഗ്രാമിനെക്കുറിച്ച് വിഷമിക്കേണ്ടെന്നും താന്‍ നന്ദിഗ്രാം ജനത അവര്‍ക്ക് ആവശ്യമുള്ള വിധി നല്‍കട്ടെ, അത് അംഗീകരിക്കുന്നുവെന്നും മമത പ്രതികരിച്ചു. എനിക്ക് കുഴപ്പമില്ല. ഞങ്ങളുടെ പാര്‍ട്ടി 221 ല്‍ കൂടുതല്‍ സീറ്റുകള്‍ നേടി, ബിജെപി തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. അതാണ് പ്രധാനമെന്ന് മമത വ്യക്തമാക്കി.
208 സീറ്റില്‍ ലീഡ് നേടിയാണ് ബംഗാളില്‍ തൃണമൂല്‍ വീണ്ടും അധികാരമുറപ്പിച്ചത്. ബിജെപിക്ക് 75 സീറ്റുകള്‍ മാത്രമേ നേടാനായുള്ളൂ. എജെഎസ്‌യു പാര്‍ട്ടി ഒരിടത്തും സ്വതന്ത്രന്‍ ഒരിടത്തും ലീഡ് ചെയ്യുന്നുണ്ട്.
source http://www.sirajlive.com/2021/05/02/477701.html
Post a Comment