ന്യൂനമര്‍ദം ഇന്ന് യാസ് ചുഴലിക്കാറ്റായി മാറും

കൊല്‍ക്കത്ത |  ബംഗാള്‍ ഉള്‍ക്കടലില്‍ കഴിഞ്ഞ ദിവസം രൂപംകൊണ്ട തീവ്രന്യൂനമര്‍ദം ഇന്നത്തോടെ യാസ് ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥ വിഭാഗം. മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് ബുധനാഴ്ചയോടെ വടക്കന്‍ ഒഡീഷ, പശ്ചിമ ബംഗാള്‍ തീരം വഴി കര തൊടുമെന്നാണ് മുന്നറിയിപ്പ്. ഇരു സംസ്ഥാനങ്ങള്‍ക്കും കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒഡീഷയിലും ബംഗാളിലും ഇപ്പോള്‍തന്നെ കനത്ത മഴ ആരംഭിച്ചിട്ടുണ്ട്. ജാര്‍ഖണ്ഡ്, ബീഹാര്‍ , അസം എന്നിവിടങ്ങളിലും മഴ ലഭിക്കും. അതിതീവ്രന്യൂനമര്‍ദ്ദത്തിന്റെ സാന്നിധ്യം മൂലം കേരളത്തിലെ മധ്യ-തെക്കന്‍ ജില്ലകളില്‍ ഇന്ന് ശക്തമായ മഴക്ക് സാധ്യതയുണ്ട്. എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ചുഴലിക്കാറ്റിന് മുന്നോടിയായി കിഴക്കന്‍ തീരത്തുള്ള സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചുഴലിക്കാറ്റ് തീരം തൊടുന്ന ഇടങ്ങളിലേക്ക് സൈന്യം കൂടുതല്‍ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. . ദുരന്തനിവാരണ സേനയുടെ 75 സംഘങ്ങളെ വിന്യസിച്ചു. നാവിക സേനയുടെ നാല് കപ്പലുകള്‍ക്ക് രക്ഷപ്രവര്‍ത്തനത്തിന് തയ്യാറായിരിക്കാന്‍ നിര്‍ദ്ദേശം നല്‍കി.

 

 



source http://www.sirajlive.com/2021/05/24/480440.html

Post a Comment

Previous Post Next Post