സാമ്പത്തിക പുനരുജ്ജീവനത്തിന് ആകര്‍ഷകമായ വായ്പാ പദ്ധതികള്‍; വകയിരുത്തിയത് 100 കോടി

തിരുവനന്തപുരം | കാര്‍ഷിക, തൊഴില്‍ മേഖലകളെ പുനരുദ്ധരിക്കുന്നതിനും വികസിപ്പിക്കുന്നതിനുമായി കെ എന്‍ ബാലഗോപാലിന്റെ ബജറ്റില്‍ വിപുലമായ വായ്പാ പദ്ധതികള്‍. വായ്പാ പദ്ധതികളുടെ പലിശ ഇളവ് വഹിക്കുന്നതിനായി 100 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. പ്രാഥമിക സഹകരണ സംഘങ്ങളെയും വാണിജ്യ ബേങ്കുകളെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ളതാണ് സാമ്പത്തിക പുനരുജ്ജീവന വായ്പാ പദ്ധതി. പലിശയുടെ ഒരു ഭാഗം സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. നബാര്‍ഡിന്റെ പുനര്‍വായ്പാ സ്‌കീമിന്റെയും കേന്ദ്ര സര്‍ക്കാറും റിസര്‍വ് ബേങ്കും പ്രഖ്യാപിച്ചിട്ടുള്ള വായ്പാ പാക്കേജുകളുടെയും സാധ്യതകള്‍ ഉപയോഗപ്പെടുത്തും.

കാര്‍ഷിക മേഖലയുടെ വികസന പ്രക്രിയയിലെ പ്രധാന തടസ്സമായ മൂലധന രൂപവത്ക്കരണത്തിന്റെ അഭാവം നികത്താനുള്ള നടപടികളുണ്ടാവും. മെച്ചപ്പെട്ട നിക്ഷേപ വായ്പാ സംവിധാനം ഒരുക്കി സ്വകാര്യ മൂലധനം വര്‍ധിപ്പിച്ച് ഇത് പരിഹരിക്കാനാണ് ശ്രമം നടത്തുക. സ്വകാര്യ മൂലധന രൂപവത്ക്കരണം വര്‍ധിപ്പിച്ച് പ്രാദേശിക വിപണികള്‍, ഗോഡൗണുകള്‍, കോള്‍ഡ് ചെയിന്‍ സൗകര്യങ്ങള്‍ എന്നിവയും പൈനാപ്പിള്‍, വാഴപ്പഴം, മാമ്പഴം മുതലായ പഴവര്‍ഗങ്ങളുടെ സംസ്‌കരണ കേന്ദ്രങ്ങളും സൃഷ്ടിക്കും. ഇതിലൂടെ പഴം-പച്ചക്കറി മാര്‍ക്കറ്റുകള്‍, ആധുനിക മത്സ്യ വിപണന സൗകര്യങ്ങള്‍., ശുചിത്വമുള്ള ഇറച്ചി വില്‍പന സൗകര്യങ്ങള്‍, പച്ചക്കറി, പാല്‍, മാംസം, മത്സ്യം എന്നിവയുടെ സംസ്‌കരണ കേന്ദ്രങ്ങള്‍, മാര്‍ക്കറ്റിംഗ് തുടങ്ങിയ മേഖലകളില്‍ ഇടപെടും.

പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് നാല് ശതമാനം പലിശ നിരക്കില്‍ നബാര്‍ഡില്‍ നിന്നുള്ള പശ്ചാത്തല സൗകര്യ പുനര്‍ വായ്പ കേരള ബേങ്ക് മുഖേന ലഭ്യമാക്കും. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 2000 കോടി രൂപയുടെ വായ്പ ലഭ്യമാക്കുകയാണ് ലക്ഷ്യം. കാര്‍ഷിക-വ്യാവസായിക-സേവന മേഖലകളില്‍ പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും നിലവില്‍ പ്രവര്‍ത്തനക്ഷമമല്ലാത്ത സംരംഭങ്ങള്‍ പുനരുജ്ജീവിപ്പിക്കുന്നതിനും വാണിജ്യ ആവശ്യങ്ങള്‍ക്കും കുറഞ്ഞ പലിശ നിരക്കില്‍ വായ്പ ലഭ്യമാക്കും. 2021-22 ല്‍ 1600 കോടി രൂപയുടെ വായ്പ ലഭ്യമാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. കുടുംബശ്രീ വഴി അയല്‍ക്കൂട്ടങ്ങള്‍ക്ക് 1000 കോടിയുടെ ബേങ്ക് വായ്പ ഈ സാമ്പത്തിക വര്‍ഷം ലഭ്യമാക്കും. അഞ്ച് ലക്ഷം വരെയുള്ള വായ്പകള്‍ നാല് ശതമാനം പലിശ നിരക്കിലാണ് ലഭ്യമാക്കുക.



source http://www.sirajlive.com/2021/06/04/482361.html

Post a Comment

Previous Post Next Post