
തിരിച്ചറിവിൻറെ, സ്വയംനവീകരണത്തിന്റെ,
ഏറ്റവും അഗാധവും ആന്തരികവുമായ ഉപാധിയാണ് വായന എന്നർത്ഥം.
ആത്മാവിനോളം ആഴത്തിൽ മനുഷ്യന് ഒരു ഉണ്മയും അവശേഷിക്കുന്നില്ലല്ലോ.
സ്വച്ഛസുന്ദരമായ കാട്ടു പൊയ്കയിലെ
തണുത്ത ജലം എന്നപോലെ
ആത്മാവിൻറെ സമസ്ത സന്ദർഭങ്ങളെയും
പ്രതിബിംബനം ചെയ്യുകയും
കൂടുതൽ പ്രഫുല്ല തലങ്ങളിലേക്ക് പുതുക്കി പണിയുവാൻ ആത്മാവിനെ സജ്ജമാക്കുകയും ചെയ്യുന്നു മഹിത ഗ്രന്ഥങ്ങൾ, അതിൻറെ പാരായണങ്ങൾ.
അനന്തമായ പ്രാർത്ഥനയാകുന്ന ജീവിതം എന്ന് മലയാളിയുടെ പ്രിയങ്കരനായ വിനീത ചരിത്രകാരൻ എന്നോ മൊഴിഞ്ഞു വെച്ചിട്ടുണ്ട്. അനന്തമായ വായന കൂടിയാണ് ജീവിതമെന്ന് ആ ദർശനത്തോട് ചേർത്തു പറയാവുന്നതാണ്. അവനവനെ പേർത്തും പേർത്തും പാരായണം ചെയ്യുക എന്നതാണ് പ്രഥമമായ വായന. ആത്മ സാക്ഷാത്കാരത്തിന്റെ,
പ്രപഞ്ച സാകല്യത്തിലേക്കുള്ള
ദാർശനികമായ വിലയനത്തിന്റെ,
ശ്രേഷ്ഠമായ വഴിയിലേക്കാണ് അത് വഴിയമ്പലവായനക്കാരനെ
ആനയിക്കുക. കിളിമൊഴികളുടെ കിന്നരലിപികളെ, ശാദ്വലകേദാരങ്ങളെ,
ഈ മഹാപ്രകൃതിയെ അപ്പാടെ തന്നെ,
വായിച്ച് കൊണ്ടേയിരിക്കുക. ബ്രഹ്മത്തിന്റെ വിശുദ്ധനിഗൂഢതകളിൽ
പ്രേമപാരായണത്തിന്റെ കണ്ണ് ചെന്ന് തറക്കുവോളം വായിച്ചു കൊണ്ടേയിരിക്കുക. വായന, പ്രാർത്ഥനയായി മെറ്റമോർഫോസിസ് ചെയ്യപ്പെടുന്നതിന്റെ
അവാച്യസൗന്ദര്യം അനുഭവിച്ചറിയുക.
അതിൽപരം ഈ നശ്വരജന്മത്തിൽ എന്തു നേടുവാനാണു !
ഉത്കൃഷ്ടമായ പുസ്തകങ്ങൾ തെരഞ്ഞെടുക്കുക എന്നതാണ് ഈ വിശുദ്ധ യാത്രയിലെ ഏറ്റവും വലിയ ടാസ്ക്.
പ്രത്യക്ഷത്തിൽ ലളിതവും വാസ്തവത്തിൽ അങ്ങേയറ്റം ആയാസപൂർണവുമായ കർമ്മം ആണത്. പരസഹസ്രം പുഷ്പങ്ങൾ മണ്ണിലും വിണ്ണിലും പൂത്തുലഞ്ഞു നിൽക്കുമ്പോഴും
സഹസ്രദളപത്മം വിശിഷ്ടതയുടെ
ആരൂഢമായി മാറുന്നതിൽ ഈ തെരഞ്ഞെടുപ്പിന്റെ സൂചകങ്ങൾ
വായിച്ചെടുക്കാം. പ്രത്യക്ഷ ശോഭയ്ക്കും കോമളത്വത്തിനുമപ്പുറം
വിടരുന്ന ഉദാത്തമാനങ്ങളുടെ
ആയിരം ഇതളുകളുള്ള ഗ്രന്ഥങ്ങൾക്കേ
ഈ യാത്രയിൽ യഥാർത്ഥ വഴിവിളക്കുകൾ ആയി തെളിഞ്ഞു നിൽക്കുവാൻ സാധിക്കുകയുള്ളൂ.
ഒരൊറ്റ പുസ്തകം പോലുമില്ലാത്ത വീട്
ആത്മാവ് പറന്നകന്ന ദേഹം പോലെയാണ് എന്ന് മാർക്കസ് സിസറോ പ്രസ്താവിച്ചത്
വെർജീനിയ വൂൾഫ് ജനിക്കുന്നതിനും
രണ്ടായിരത്തിൽപ്പരം വർഷങ്ങൾക്കു മുമ്പായിരുന്നു. നമ്മുടെ ഭവനങ്ങൾ മൃതികുടീരങ്ങൾ ആകാതിരിക്കട്ടെയെന്നും
ആത്മാവിനെ ജ്ഞാനസ്നാനം ചെയ്യുന്ന
ഉത്കൃഷ്ട ഗ്രന്ഥങ്ങളുടെ പാരായണം നമ്മുടെ ആയുസ്സിന് സുഗന്ധമേകട്ടെയെന്നും
മാത്രമാണു ഈ വായനാദിനത്തിലെ പ്രാർത്ഥന.
source http://www.sirajlive.com/2021/06/19/484736.html
إرسال تعليق