വായിച്ചുകഴിഞ്ഞ് അടച്ചുവെച്ച പുസ്തകം പോലെ പുസ്തകചന്തകള്‍

കോഴിക്കോട് | വീണ്ടുമൊരു വായനാ ദിനം കടന്നു പോകുമ്പോള്‍ ഓര്‍മയില്‍ നിറഞ്ഞു പുസ്‌കച്ചന്തകള്‍. വായനക്കാരുടെ ആഘോഷമായാണ് എക്കാലത്തും പുസ്തകോത്സവങ്ങള്‍ അരങ്ങേറുന്നത്. വിവിധ പുസ്തക ശാലകള്‍ നടത്തുന്ന പുസ്തകോല്‍ത്സവങ്ങള്‍ക്കപ്പുറം അന്താരാഷ്ട്ര പുസ്തകോത്സവങ്ങള്‍ക്കു വരെ ഓരോ നഗരവും സാക്ഷ്യം വഹിക്കുന്നു എന്നതു കേരളത്തിന്റെ പ്രത്യേകതയാണ്.
ഓണം, വിഷു, ക്രിസ്തുമസ് തുടങ്ങി ഏത് ആഘോഷമായാലും ഒരു ഭാഗത്ത് പുസ്തകച്ചന്തയും ഉണ്ടെങ്കിലെ മലയാളികളുടെ ആഘോഷം പൂര്‍ണമാകൂ. പുസ്തകച്ചന്തയില്‍ ചില പുസ്തകങ്ങള്‍ തിരഞ്ഞെടുക്കാന്‍ കുട്ടികളോടൊപ്പം എത്തുന്നതു മലയാളിയുടെ സവിശേഷതയായിരുന്നു.

കൊവിഡ് വ്യാപനത്തോടൊപ്പം അസ്തമിച്ചുപോയ വലിയൊരു സാംസ്‌കാരിക സാന്നിധ്യമാണ് പുസ്തകച്ചന്തകള്‍. ചെറുകിട പ്രസാധകര്‍ക്കെല്ലാം അതിജീവനത്തിന്റെ വഴിയൊരുക്കുന്നതില്‍ ഇത്തരം പുസ്തകച്ചന്തകള്‍ക്കു വലിയ പങ്കുണ്ടായിരുന്നു. ലൈബ്രറികള്‍ക്ക് എല്ലാ പ്രസാധകരുടേയും പുസ്തകങ്ങള്‍ തിരഞ്ഞെടുക്കാനായി ജില്ലാ ലൈബ്രറി കൗണ്‍സിലുകള്‍ വര്‍ഷാവര്‍ഷം എല്ലാ ജില്ലയിലും ലൈബ്രറി മേളകളും നടത്താറുണ്ടായിരുന്നു. അതുവഴിയാണ് ഗ്രാമീണ ലൈബ്രറികളില്‍ പുതിയ പുസ്തകള്‍ എത്തുന്നത്.

ഒരു വര്‍ഷത്തെ മേളയുടെ ഫണ്ട് ഇനിയും വിനിയോഗിക്കാന്‍ കിടക്കുകയാണ്. കൊവിഡ് മഹാമാരി ഇത്തരം മേളകളെയെല്ലാം ഇല്ലാതാക്കിയപ്പോള്‍ പ്രസാധന രംഗത്തിനും അതു തിരിച്ചടിയായതായി പ്രമുഖ പ്രാസധകനും ടി ബി എസ് സി ഇ ഒയുമായ എന്‍ ഇ മനോഹര്‍ പറയുന്നു.

പുസ്തക വിപണി അടഞ്ഞുകിടക്കുന്നതിനാല്‍ നേരിട്ടു വന്ന് ഇഷ്ട പുസ്തകങ്ങള്‍ തിരഞ്ഞെടുക്കാനുള്ള സാധ്യതകള്‍ അടഞ്ഞു. ഇതു പുസ്തക വിപണിയെ വലിയ തോതില്‍ ബാധിച്ചിട്ടുണ്ട്. എന്നാല്‍ ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ്ങ് സൈറ്റുകള്‍ വഴിയൊക്കെ വലിയ തോതില്‍ പുസ്ത വിപണനം നടന്നിട്ടുണ്ട്. ഓണ്‍ലൈന്‍ സങ്കേതങ്ങള്‍ പുസ്തക വിപണിയിലും വലിയ സാധ്യതകള്‍ തുറന്നിട്ടുണ്ട്. ഒരു പുസ്തക നിരൂപണം ഏറ്റവും വേഗം വായനക്കാരനില്‍ എത്താനും പുതിയ പുസ്തകങ്ങള്‍ ഏതൊക്കെയെന്ന് അറിയാനും ഉണ്ടായിട്ടുള്ള വിപുലമായ സാധ്യത പ്രസാധകര്‍ക്കു പ്രയോജനകരമാണ്. പുസ്തക ശാലകള്‍ അടഞ്ഞു കിടന്നു എന്നത് പുസ്തക വായനയെ ബാധിച്ചിട്ടില്ല. എന്നാല്‍ ചെറുകിട പ്രസാധകര്‍ക്കെല്ലാം കൊവിഡ് വലിയ പ്രതിസന്ധിയാണു സൃഷ്ടിച്ചത്. പാഠപുസ്തകങ്ങള്‍ ഉള്‍പ്പെടെ വിപണനം നടത്തുന്നതിനാല്‍ വലിയ പ്രസാധകര്‍ക്കു പിടിച്ചു നില്‍ക്കാന്‍ കഴിയുന്നുവെന്നും മനോഹര്‍ ചൂണ്ടിക്കാട്ടി.

സര്‍ഗാത്മക സാഹിത്യത്തോടു തന്നെയാണ് വായനക്കാര്‍ ഇപ്പോഴും ആഭിമുഖ്യം പുലര്‍ത്തുന്നത്. അതില്‍ നോവല്‍ തന്നെയാണ് പ്രധാനപ്പെട്ടത്. പരിഭാഷകളും വലിയ തോതില്‍ വായിക്കപ്പെടുന്നുണ്ട്. ഹിന്ദിയാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ ജനങ്ങള്‍ സംസാരിക്കുന്ന ഭാഷ. എന്നാല്‍ ഹിന്ദിയിലെ ഒരു നല്ല കൃതി മലയാളത്തില്‍ എത്തുമ്പോള്‍ ഹിന്ദി ദേശങ്ങളില്‍ ആകെ വായിച്ചതിനേക്കാള്‍ മലയാളത്തില്‍ വായിക്കുന്നു.

കേരളം കഴിഞ്ഞാല്‍ തമിഴ്‌നാട്ടിലാണ് നല്ല വായനയുള്ളത്. ലോകത്തെവിടെ ഒരു മികച്ച പുസ്തകം ഇറങ്ങിയാലും അത് ഇന്ന് അതിവേഗം അറിയപ്പെടുന്നു. ഓണ്‍ലൈന്‍ സങ്കേതങ്ങളില്‍ സാഹിത്യ കുതുകികളുടെ വിവിധ ഗ്രൂപ്പുകളും മറ്റും അതു പങ്കു വയ്ക്കുന്നു. മികച്ച എഴുത്തിന് മികച്ച സ്വീകാര്യത കിട്ടുന്നതില്‍ ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകള്‍ വലിയ വഴിയൊരുക്കുന്നുണ്ട്. പുസ്തകങ്ങള്‍ അച്ചടി രൂപത്തില്‍ തന്നെ വായിക്കുന്നതിനെ ഓണ്‍ലൈന്‍ സൗകര്യങ്ങള്‍ വലിയ തൊതില്‍ കീഴടക്കിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

പ്രസാധകരെ സംബന്ധിച്ചേടുത്തോളം വിറ്റുപോവുക എന്നത് ഒരു ഘടകമാണ്. വൈജ്ഞാനിക സാഹിത്യങ്ങള്‍ ആണ് പ്രസിദ്ധീകരിക്കുന്നതെങ്കില്‍ അക്കാഡമിക് താല്‍പര്യമുള്ളവര്‍ മാത്രമാണ് അത്തരം പുസ്തകങ്ങള്‍ തേടിയെത്തുന്നത്. അതിനാല്‍ പ്രസാധകര്‍ തീര്‍ച്ചയായും ആവശ്യക്കാര്‍ തേടിവരുന്ന സര്‍ഗാത്മക സാഹിത്യങ്ങള്‍ പ്രസിദ്ധീകരിക്കാനാണു താല്‍പര്യപ്പെടുക. ഇത് വൈജ്ഞാനിക മേഖലയില്‍ എഴുത്തുകാര്‍ക്ക് വെല്ലുവിളിയാണെങ്കിലും യാഥാര്‍ഥ്യം അതാണ്.

വായന തളര്‍ന്നു എന്നൊരു പ്രതിസന്ധിയും ഇന്നില്ല. പുതിയ തലമുറയില്‍ വായന സജീവമാണ്. അന്‍പതു വയസ്സുവരെയുള്ള മധ്യവസ്സുകാരിലെ വായനയും സജീവമാണ്. വായനയെ പ്രോത്സാഹിപ്പിക്കാന്‍ സ്‌കൂള്‍ ലൈബ്രറി പോലുള്ള സംവിധാനങ്ങള്‍ നന്നായി സഹായിക്കുന്നുണ്ട്. വിദ്യാര്‍ഥികള്‍ക്ക് ലൈബ്രറി വീട്ടിലെത്തിക്കാനുള്ള സര്‍ക്കാര്‍ ആലോചന ഏറെ പ്രോത്സാഹന ജനകമാണ്. ഓണ്‍ലൈന്‍ സങ്കേതങ്ങളുടെ വ്യാപനം പുസ്തക വിപണിയെ ബാധിച്ചിട്ടില്ല. പുസ്തകം വിപണനം ചെയ്യാനുള്ള സാഹചര്യങ്ങളുടെ അഭാവം തന്നെയാണ് വലിയ പ്രതിസന്ധി. ലൈബ്രറി മേളകള്‍ നടത്താനുള്ള സജ്ജീകരണങ്ങള്‍ ഉടനെ ഉണ്ടാവണം. പ്രസാധന മേഖലയെ സഹായിക്കാന്‍ കഴിയുന്ന പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കണമെന്നും അദ്ദേഹം പറയുന്നു.



source http://www.sirajlive.com/2021/06/19/484811.html

Post a Comment

أحدث أقدم