
കോടികള്‍ കൈമറിയുന്ന ഇത്തരം സ്വര്‍ണ ഇടപാടില്‍ ഇടനിലക്കാരായി നില്‍ക്കാന്‍ യുവാക്കളെ പ്രേരിപ്പിക്കുന്നത് ആഡംബര ജീവിതത്തോടുള്ള ഭ്രമമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.
ഇന്ത്യയില്‍ സ്വര്‍ണ വില 30 ശതമാനത്തിന് മുകളില്‍ വര്‍ധിച്ചത് കള്ളക്കടത്ത് വര്‍ധിക്കാന്‍ കാരണമായി. സ്വര്‍ണ വില ഉയരുന്തോറും ഇടനിലക്കാര്‍ക്കും സ്വര്‍ണം കടത്തുന്നവര്‍ക്കും നല്‍കുന്ന പ്രതിഫലം വര്‍ധിക്കും. ഓരോ സ്വര്‍ണക്കടത്തിനും ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഏതാണ്ട് ഒരു ലക്ഷം രൂപ പ്രതിഫലമാണ് ലഭിക്കുക. അതിന് പുറമെ താമസവും പരിശീലനവും ലഭിക്കും.
രാമനാട്ടുകര അപകടത്തില്‍ മരിച്ചവരും സംഭവവുമായി ബന്ധപ്പെട്ടു പിടിയിലായവരുമെല്ലാം യുവാക്കളാണ്. പെട്ടെന്ന് പണമുണ്ടാക്കുകയെന്നതും ആഡംബര ജീവിതം നയിക്കുക എന്നതും ലക്ഷ്യമാക്കുന്ന യുവാക്കളെയാണ് സ്വര്‍ണ കള്ളക്കടത്തുകാരും മാഫിയകളും കരുവാക്കുന്നത്. കാര്യപ്രാപ്തിയുള്ളവരും ആശയ വിനിമയ മിടുക്കുള്ളവരുമായ യുവാക്കളെയാണ് വിദേശത്തു നിന്ന് സ്വര്‍ണം കൊണ്ടുവരുന്നതിനും അത് വിനിയോഗിച്ചുള്ള വിവിധ കുറ്റകൃത്യങ്ങള്‍ നടത്തുന്നതിനും ഉപയോഗിക്കുന്നത്.
നേരാം വഴി ജീവിച്ചാലും നന്നായി ജീവിക്കാനുള്ള വരുമാനം ഉണ്ടാക്കാന്‍ കഴിവും ശേഷിയുമുള്ളവരെയാണ് സ്വര്‍ണക്കടത്തു സംഘം വലവീശുന്നത്. പാവപ്പെട്ടവരെയോ തൊഴില്‍ രഹിതരായി അലയുന്നവരെയോ ഇവര്‍ ലക്ഷ്യമിടാറില്ല. കൂടുതല്‍ പണം പെട്ടെന്ന് വേണം എന്ന് ആഗ്രഹിക്കുന്നവരെ സംഘത്തിനു പെട്ടെന്ന് സ്വര്‍ണക്കടത്തുകാരും പിടിച്ചുപറിക്കാരുമാക്കാന്‍ കഴിയുന്നു. വലിയ ലൈഫ് സ്റ്റൈല്‍ ലക്ഷ്യങ്ങള്‍ക്കായി ഏതു വഴിയും പണമുണ്ടാക്കണം എന്നു കരുതുന്നവരെ വലവീശിപ്പിടിക്കാനായി പ്രത്യേക സംഘങ്ങള്‍ തന്നെയുണ്ട്.
കൗമാരക്കാരും യുവാക്കളും ഉള്‍പ്പെടുന്ന വാഹന മോഷണം ഉള്‍പ്പെടെ അടുത്ത കാലത്ത് വ്യാപകമായ എല്ലാ കുറ്റകൃത്യങ്ങള്‍ക്കും കാരണം യുവതലമുറയില്‍ വേരുപിടിച്ചു വരുന്ന ആഡംബര ഭ്രമമാണ്. സ്റ്റാര്‍ ഹോട്ടലിലോ റിസോര്‍ട്ടുകളിലോ താമസം, ഇഷ്ടമുള്ള ഭക്ഷണം, ബ്രാന്‍ഡഡ് സാധനങ്ങള്‍, വിലകൂടിയ ഫോണ്‍, ആഡംബര വാഹനങ്ങള്‍ എന്നീ സ്വപ്നങ്ങളാണ് പലരേയും മാഫിയകളുടെ കരുക്കളാക്കുന്നത്. ആഡംബര ജീവിത്തതിന്റെ ഭാഗമായി മയക്കുമരുന്നുപയോഗവും തുടങ്ങുന്നതോടെ പണമില്ലാതെ മുന്നോട്ടു പോകാന്‍ പറ്റാത്ത അവസ്ഥ വരികയും ഏതും കുറ്റകൃത്യത്തിലും പങ്കാളികളാകുകയും ചെയ്യുന്നു എന്നതാണ് അവസ്ഥയെന്ന് ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.
വലിയ നഗരങ്ങളില്‍ പഠിക്കാനെത്തുന്ന യുവാക്കളാണ് സുഹൃദ് വലയത്തിലൂടെ ആദ്യം ചെറിയ സ്വര്‍ണക്കടത്ത്, കുഴല്‍പ്പണ ഇടപാടുകളില്‍ ഉള്‍പ്പെടുന്നത്. ആഡംബര ജീവിതവും അതിനിണങ്ങിയ ലൈഫ് സ്റ്റൈലും ലഹരിയാവുന്നതോടെ എന്തും ചെയ്യാമെന്ന അവസ്ഥയിലെത്തുന്നു. സമ്പന്ന കുടുംബങ്ങളില്‍ ഇത്തരക്കാര്‍ ആദ്യം മാതാപിതാക്കളെ വിരട്ടി കാശ് വാങ്ങുന്നു. വിവാഹം കഴിക്കുന്നതോടെ പലരും ഭാര്യയുടെ വീട്ടില്‍ ഗുണ്ടായിസം കാണിച്ചും പണം തട്ടുന്നുണ്ട്. ബ്ലാക്ക് മെയിലിലൂടെ പണം തട്ടുന്നതടക്കമുള്ള കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ ഇവര്‍ക്ക് സംഘങ്ങളും ഉണ്ടാവും. മയക്കുമരുന്നു കടത്തിനേക്കാള്‍ മാന്യതയുണ്ട് എന്നതാണ് മിക്കവരേയും സ്വര്‍ണക്കടത്തിലേക്കും പിടിച്ചു പറിയിലേക്കും ആകര്‍ഷിക്കുന്നത്. മയക്കുമരുന്നു കേസില്‍ പിടിക്കപ്പെട്ടാല്‍ സമൂഹത്തില്‍ ഉണ്ടാവുന്ന പ്രതിച്ഛായ നഷ്ടവും ശിക്ഷയും സ്വര്‍ണത്തിന്റെ കാര്യത്തില്‍ ഇല്ല എന്നതും യുവാക്കള്‍ക്ക് ആകര്‍ഷണീയമാകുന്നു.
വിദേശ രാജ്യങ്ങളില്‍ നിന്ന് കടത്തിയതായി കണ്ടെത്തിയ സ്വര്‍ണം ഭൂരിഭാഗവും ദുബൈ, തായ്‌ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ളതാണ്. പ്രതിവര്‍ഷം 800 മുതല്‍ 900 ടണ്‍ വരെ സ്വര്‍ണം ഇന്ത്യ ഇറക്കുമതി ചെയ്യുന്നുണ്ട്. 200-250 ടണ്‍ സ്വര്‍ണം കള്ളക്കടത്തായും എത്തുന്നുണ്ടെന്നാണ് കണക്ക്്. ഇത്തരത്തില്‍ നിയമ വിരുദ്ധമായി എത്തുന്ന സ്വര്‍ണം വിനിമയം ചെയ്യുന്ന മാഫിയകള്‍ക്ക് ആഗോള ശൃംഖലയുണ്ട്. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താവായ ഇന്ത്യയില്‍ സ്വര്‍ണ കള്ളക്കടത്തിന്റെ വലിയ സാധ്യതയാണുള്ളത്. കൊവിഡ് മഹാമാരിക്കിടയില്‍ ജനങ്ങള്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി പാടുപെടുമ്പോഴും സമാന്തരമായി സ്വര്‍ണം കള്ളക്കടത്ത് നടത്തുന്നത് വ്യാപകമായിട്ടുണ്ട്.
കൊവിഡ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യം കണക്കിലെടുത്ത് മാര്‍ച്ച് 25 മുതല്‍ അന്താരാഷ്ട്ര, ആഭ്യന്തര വിമാന സര്‍വീസുകള്‍ ഇന്ത്യയില്‍ നിര്‍ത്തലാക്കുകയും രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ജൂണ്‍ വരെയാണ് ഇത് തുടര്‍ന്നത്. തുടര്‍ന്ന് മെയ് ആദ്യ വാരം മുതല്‍ വിദേശ രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ തിരികെ കൊണ്ടുവരുന്നതിന് ഇന്ത്യയുടെ സിവില്‍ വ്യോമയാന മന്ത്രാലയം പ്രത്യേക വിമാന സര്‍വീസുകള്‍ ആരംഭിച്ചു. മധ്യ പൂര്‍വേഷ്യയില്‍ നിന്നും ഇങ്ങനെ ഇന്ത്യക്കാരെ ഒഴിപ്പിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തിയ വിമാന സര്‍വീസുകള്‍ അന്താരാഷ്ട്ര കള്ളക്കടത്ത് റാക്കറ്റുകളെ വീണ്ടും സജീവമാക്കിയെന്നാണ് കസ്റ്റംസ് അധികൃതര്‍ പറയുന്നത്.
ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കിടയിലും റോഡ് മാര്‍ഗമാണ് കൂടുതല്‍ സജീവമായി സ്വര്‍ണക്കടത്ത് നടക്കുന്നത്. ഇന്ത്യ-മ്യാന്മര്‍, ഇന്ത്യ-നേപ്പാള്‍, ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തികളിലൂടെയുള്ള സ്വര്‍ണ കള്ളക്കടത്ത് അടുത്തകാലത്ത് ഉയര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ കള്ളക്കടത്ത് കേന്ദ്രമാണ് ഇന്ത്യയെന്നാണ് വിവിധ ഏജന്‍സികള്‍ പറയുന്നത്. കിഴക്കന്‍ ആഫ്രിക്കയിലെ വ്യാപാരികളാണ് ദുബൈയിലേക്ക് സ്വര്‍ണം കയറ്റുമതി ചെയ്യുന്നത്. കൊവിഡ് കാലത്ത് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ കര്‍ശന പരിശോധനകള്‍ നടക്കാത്തതിനാല്‍ കള്ളക്കടത്ത് സജീവമായെന്നാണ് വിവരം. ഈത്തപ്പഴം, ബ്രാ സ്ട്രാപ്പുകള്‍, ബെല്‍ട്ടിന്റെ ബക്കിളുകള്‍, ഷൂസിന്റെ സോളുകള്‍, സോസേജുകള്‍ എന്നിവക്കുള്ളില്‍ ഒളിപ്പിച്ചും സ്വര്‍ണം പശയാക്കിയും ഒക്കെയാണ് കടത്തുന്നത്. മലാശയത്തില്‍ സ്വര്‍ണം നിറച്ചും കള്ളക്കടത്ത് നടത്തുന്നവരുണ്ട്. രാജ്യത്ത് സ്വര്‍ണ വില കുതിച്ചുയരുന്നതാണ് ഏത് വിധേനയും സ്വര്‍ണ കള്ളക്കടത്ത് നടത്താന്‍ വാഹകരെ പ്രേരിപ്പിക്കുന്നത്.
source http://www.sirajlive.com/2021/06/23/485578.html
إرسال تعليق