ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അടിയന്തരമായി പുനസ്ഥാപിക്കണം: മുസ്ലീം ലീഗ്

മലപ്പുറം | സംസ്ഥാനത്ത് ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അടിയന്തരമായി പുനസ്ഥാപിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് മുസ്ലീം ലീഗ്. വിദഗ്ധ സമിതിയെ നിയമിക്കുന്നത് അപ്രായോഗികമാണെന്നതു കൊണ്ടു തന്നെ ഇത് അംഗീകരിക്കാനാകില്ലെന്ന് പാര്‍ട്ടി നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ് ബഷീറും പറഞ്ഞു. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അനുപാതം ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തില്‍ തുടര്‍ നടപടികള്‍ക്കായി വിദഗ്ധ സമിതിയെ ചുമതലപ്പെടുത്താനുള്ള സര്‍വകക്ഷി യോഗ തീരുമാനത്തിന് പിന്നാലെയാണ് പ്രതികരണം. 80:20 അനുപാതം ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തില്‍ സാമുദായിക സംഘര്‍ഷം ഒഴിവാക്കി സമവായത്തിലൂടെ പ്രശ്‌നം തീര്‍ക്കണമെന്നാണ് സര്‍വകക്ഷി യോഗത്തിലുണ്ടായ പൊതു ധാരണ.

സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പൂര്‍ണമായും നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാവണം. കോടതി വിധിയോടെ പാലോളി കമ്മീഷന്‍ റിപ്പോര്‍ട്ട് അസാധുവായിരിക്കുകയാണ്. മറ്റ് വിഭാഗങ്ങളിലെ അര്‍ഹരായ പിന്നാക്കക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതിനോട് മുസ്ലീം ലീഗിന് എതിര്‍പ്പില്ല. എന്നാല്‍, അതിനെ സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടുമായി കൂട്ടിക്കുഴക്കേണ്ടതില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കോടതി വിധിയോടെ ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ നടപ്പാക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് തന്നെ നടപ്പാക്കാനാവാത്ത അവസ്ഥയാണ്. വിഷയത്തില്‍ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ടുപോകാനാനുള്ള സര്‍ക്കാര്‍ നീക്കം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.



source http://www.sirajlive.com/2021/06/06/482636.html

Post a Comment

أحدث أقدم